പെരുമ്പപ്പുഴയ്ക്കും
ചരിത്രത്തിനുള്ളില്‍
ഇടംകിട്ടി വേണം
ഒഴുക്കില്‍ രമിക്കാന്‍.
ഇവള്‍ നീലരാവില്‍
മദിക്കാന്‍ കുതിക്കാന്‍
മനക്കാമ്പിലെന്നും
കൊതിക്കുന്നുവെന്നാല്‍
വലംവെച്ചുനിന്നോ-
രു പയ്യന്റെയൂരിന്‍*
വിഴുപ്പേറ്റുനില്പാ-
ണിരുള്‍ച്ചേറ്റിലിന്നും.
ഇടയ്‌ക്കൊന്നു ലാസ്യം
നടിക്കേണമെന്നാല്‍
വിഴുപ്പൊന്നലയ്ക്കാന്‍
തിരക്കായിടുന്നു.
ഇവള്‍ക്കുണ്ടു പണ്ടേ
പുഴയ്ക്കച്ഛനായോന്‍**
മഴപ്പെയ്ത്തിനൊപ്പം
ചിലമ്പിട്ടു തുള്ളാന്‍.
മടിക്കാതെയിന്നും
തുണയ്ക്കുണ്ടു കണ്ടല്‍
വിഴുപ്പും വിയര്‍പ്പും
അലക്കിത്തെളിക്കാന്‍***
തിരക്കാണു പക്ഷേ,
പുലര്‍ച്ചയ്ക്കു മില്ലില്‍
പണിക്കാര്‍ വരുമ്പോള്‍
ഒരുക്കേണമെല്ലാം.
നടുക്കം വിതയ്ക്കും
മരത്തിന്‍ ഞരക്കം
സദാ കേട്ടിടുമ്പോള്‍
ഒഴുക്കോ മറക്കും.
മനം നോക്കിനിന്നാല്‍
കവിക്കിഷ്ടമാകും
ചരിത്രത്തിലപ്പോള്‍
ഇടം കിട്ടിയേക്കും.
പുഴയ്ക്കുണ്ടു വര്‍ണ്ണം,
തിരണ്ടാലയിത്തം,
ചരിത്രത്തിലിന്നും
പുറത്താം കിടത്തം.
ഇവള്‍ക്കില്ല നേരം
നിവര്‍ന്നൊന്നു നില്‍ക്കാന്‍
ചിരിച്ചൊന്നു ചുറ്റും
ത്രസിപ്പിച്ചു നിര്‍ത്താന്‍.
പരല്‍മീന്‍ തുടിപ്പില്‍
രസിക്കും ചിലപ്പോള്‍
നെടുംചൂരി മീനില്‍
തപം ചെയ്തിരിക്കും.
അവള്‍ക്കിന്നു പോണം
കടല്‍ തേടി ദൂരം
മടുക്കുന്നു കെട്ടി-
ക്കിടപ്പില്‍, അലക്കില്‍.
കവച്ചിട്ടു പോകും
പെരുംപാലമൊന്നില്‍
തളച്ചിട്ടു നില്‍ക്കും
കൊടും സങ്കടത്തില്‍
ഒഴുക്കുന്നു കണ്ണീര്‍
അഴുക്കിന്റെയൊപ്പം
തിരക്കിട്ടു പോന്നോര്‍
തിരക്കില്ലയൊന്നും.
കവിക്കില്ല ചേതം
പ്രശസ്തിക്കു മുന്നില്‍
മറക്കുന്നെളുപ്പം
പുഴയ്ക്കുള്ളൊരാന്തല്‍.
പെരുമ്പപ്പുഴയ്ക്കും
ചരിത്രത്തിനുള്ളില്‍
ഇടംകിട്ടി വേണം
ഒഴുക്കില്‍ മരിക്കാന്‍
*പയ്യന്റെ ഊര് പയ്യന്നൂര്‍
പയ്യന്നൂരിന്റെ പുഴയാണ് പെരുമ്പപ്പുഴ
**പുഴയുടെ കരയില്‍ താമസിക്കുന്ന വള്ളുവരുടെ ആരാധനാമൂര്‍ത്തിയായ പെരുമ്പുഴയച്ഛന്‍ തെയ്യം.
***പെരുമ്പപ്പുഴയുടെ ഭാഗമായ വണ്ണാത്തിക്കടവ്. പഴയകാലത്ത് പുഴയില്‍ അലക്കുന്നു വണ്ണാത്തികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates