ചില മുറിവുകള്‍ 
സാവധാനത്തിലാണ് 
ഉണങ്ങുക 
തൊലിയിലൂടെ 
നുഴഞ്ഞുകയറി ഞരമ്പിലേക്ക് ഒഴുകിയിറങ്ങുന്ന
ശത്രുവിന്റെ 
കുതന്ത്രമുണ്ടായിരിക്കും 
അതിന്. 
അപ്പോഴാണ് 
എനിക്ക് കാണുന്നതെല്ലാം
രണ്ടായി മുറിക്കാന്‍ തോന്നും.
ചലനമുള്ളതെല്ലാം 
അറുത്തുകളയാന്‍ തോന്നും.
റോഡ് മുറിച്ച് 
വെറുതെ 
അങ്ങോട്ടും ഇങ്ങോട്ടും പായുന്ന 
പൂച്ചയെപ്പോലെയാകും
ഞാനും.
അപ്പോഴാണ്,
അപ്പോള്‍ മാത്രമാണ് 
അവന്റെ 
ശരീരം
എനിക്ക് അരോചകമാകുക.
അവന്റെ കുടില്‍ എന്നില്‍ 
അറപ്പ് ഉണ്ടാക്കുക.
അവന്റെ പേരും മണവും പോലും 
എന്നില്‍ 
ഓക്കാനമുണ്ടാക്കുക.
എന്നാലും 'എന്റെ മുറിവ്'
'എന്റെ മുറിവ്'
എന്ന് ഞാന്‍ ഉള്ളില്‍ 
കിതച്ചുകൊണ്ടിരിക്കും
പേപ്പട്ടിയെപ്പോലെ
വെറുക്കപ്പെടാനായി 
ഞാനൊന്നും ചെയ്തിട്ടില്ല. 
പനിനീര്‍ തോട്ടത്തിലേക്കുള്ള
അവന്റെ കുടില്‍ ഞാന്‍ നിരപ്പാക്കി കടലിനെ ഞാന്‍ രണ്ടായി വിഭജിച്ചു കറുപ്പും തവിട്ടും കലര്‍ന്ന 
മണ്ണിനെ രണ്ടായി 
കൊത്തിമറിച്ചിട്ടു.  
ഇരുട്ടില്‍
നിശ്ശബ്ദനായിരുന്ന് 
പലനിറത്തിലുള്ള 
ഉടുപ്പുകള്‍ തുന്നി ആളുകള്‍ക്ക്
സമ്മാനിച്ചു. 
ഇത്രമാത്രം
എല്ലാ ചോരക്കുഞ്ഞുങ്ങളേയും 
ഞാന്‍ കൊന്നൊടുക്കി.
അവര്‍ പിതൃഹത്യ നടത്തുമെന്ന് കഴുകന്മാര്‍ പ്രവചിച്ചിരുന്നു.
പ്രണയിക്കുന്നവര്‍ക്കിടയില്‍ 
ഞാന്‍
വലിയ മതിലുകള്‍ പണിതു. 
രാജ്യത്തെ രക്ഷിച്ചു.
എന്നിട്ടും അവന്റെ 
തകര്‍ന്നടിഞ്ഞ കുടിലിലേക്ക് നോക്കുമ്പോള്‍ 
എന്റെ മുഖച്ഛായയുള്ള കുഞ്ഞ് വിളിച്ചുപറയുന്നത് എനിക്ക് സഹിക്കാനാവുന്നില്ല
'ഞാന്‍ 
നഗ്‌നനാണെന്ന്'.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates