പുരപ്പുറത്തായാലും പുരയ്ക്കു താഴെയായാലും സൗരോർജം ഉല്പാദിപ്പിച്ച് ഉപയോഗിക്കുകയും മിച്ചം മറ്റുള്ളവർക്കുവേണ്ടി വൈദ്യുതി ബോർഡിനു കൊടുക്കുകയും ചെയ്യുന്നവർ ആശങ്കയിൽ ഊർജം നഷ്ടപ്പെട്ടുനിൽക്കുന്ന പുതിയ സാഹചര്യമാണ് കേരളത്തിൽ. സംസ്ഥാന വൈദ്യുതി ബോർഡും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും (കെ.എസ്.ഇ.ആർ.സി) തങ്ങൾക്കു കെണിയൊരുക്കുകയാണ് എന്ന് അവർ പേടിക്കുന്നു.
നിലവിലെ പദ്ധതിയിൽ 2025 ഒക്ടോബർ ഒന്നു മുതൽ റെഗുലേറ്ററി കമ്മിഷൻ മാറ്റങ്ങൾ നിർദേശിച്ചിരിക്കുകയാണ്. അതായത് ഗാന്ധി ജയന്തിയുടെ തലേന്ന് മുതൽ സംഗതി കൂടുതൽ സങ്കീർണമാകും; അതോടെ സൗരോർജ ഉല്പാദക-ഉപഭോക്താക്കൾക്ക് ഇത് സ്വന്തം തലയിൽ സ്വയമെടുത്തുവെച്ച മുൾക്കിരീടമായേക്കും. സംഗതി ഇനി ലാഭകരമാകില്ല എന്നു മാത്രമല്ല, നഷ്ടവുമായി മാറുന്നു.
കമ്മിഷൻ ഇതു സംബന്ധിച്ച കരടുനയരേഖ പ്രസിദ്ധീകരിച്ചതു മുതൽ അതിശക്തമാണ് വിമർശനങ്ങൾ. പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ കമ്മിഷൻ നടത്തിയ ഹിയറിംഗുകളിലും അത് പ്രതിഫലിച്ചു. അതേസമയം, വിമർശനങ്ങൾക്ക് വിശദമായ മറുപടി നൽകുന്ന റെഗുലേറ്ററി കമ്മിഷൻ, ഇക്കാര്യത്തിൽ മുൻവിധികളൊന്നുമില്ലെന്നും പാരമ്പര്യേതര ഊർജോല്പാദനം പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയമെന്നും വിശദീകരിക്കുന്നു. ഒക്ടോബർ ഒന്നിന് കരടുരേഖയുടെ അന്തിമരൂപം നടപ്പാക്കുമ്പോൾ ഇപ്പോഴത്തെ വിമർശനങ്ങളുടേയും അഭിപ്രായങ്ങളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടായിക്കൂടെന്നില്ല. എന്നാൽ, മാറുമെന്ന് ഉറപ്പിച്ചു പറയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയുകയുമില്ലെന്ന് കമ്മിഷൻ പറയുന്നു. കരടുരേഖയിൽ പറയുന്ന കാര്യങ്ങളേയും അവയുടെ ലക്ഷ്യങ്ങളേയും വിശദീകരിച്ചു വിമർശനങ്ങൾക്കു കമ്മിഷൻ നൽകുന്ന മറുപടികളും വ്യക്തമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണ് പുനരുപയോഗ ഊർജോല്പാദന പദ്ധതിയും അതിന്റെ ഭാഗമായ പുരപ്പുറ സൗരോർജ ഉല്പാദനം ഉൾപ്പെടെയുള്ള പദ്ധതികളും സൗരോർജ ഉല്പാദകർ ഗ്രിഡിലേക്ക് പകൽ നൽകുന്ന വൈദ്യുതിക്കു തുല്യമായ അളവ് വൈദ്യുതി വൈകിട്ടു കെ.എസ്.ഇ.ബി തിരിച്ചു നൽകും എന്നാണ് വ്യവസ്ഥ. പക്ഷേ, രാത്രിയിൽ വൈദ്യുതി നിരക്കു കൂടുന്നു; പകൽ അത്ര വിലയില്ല താനും. കുറഞ്ഞ നിരക്കിൽ വാങ്ങുന്നവർക്കു തന്നെ തിരിച്ചു കൊടുക്കുമ്പോൾ അധികവില. അതൊരു പ്രശ്നം. രണ്ടു നിരക്കുകളും തമ്മിൽ വ്യത്യാസമുണ്ടാക്കുന്ന സ്വാഭാവിക സാഹചര്യം തങ്ങൾക്കു ബാധ്യതയാണെന്ന് കെ.എസ്.ഇ.ബി പറയുന്നു. പകൽ വാങ്ങുന്ന വിലയ്ക്കുതന്നെ പീക് ടൈമിൽ തിരിച്ചുകൊടുത്താൽ ഉണ്ടാകുന്ന നഷ്ടം മുഴുവൻ ഉപഭോക്താക്കളുടെമേലും ചുമത്തേണ്ടിവരും. ഇതനുസരിച്ചു നിരക്കു കൂടാം എന്നതാണ് ആ വാദത്തിലെ മുഖ്യഭാഗം. ഇപ്പോൾ കേരളത്തിൽ രണ്ടര ലക്ഷത്തോളം സൗരോർജ ഉല്പാദകരുണ്ട്. രാജ്യത്തുതന്നെ നാലാം സ്ഥാനമാണിത്. പക്ഷേ, ഉല്പാദിപ്പിക്കുന്ന സൗരോർജത്തിന്റെ അളവിൽ കേരളം പതിനൊന്നാമതാണ്.
‘കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ (പുനരുപയോഗ ഊർജവും അനുബന്ധ കാര്യങ്ങളും) നിയമങ്ങൾ, 2025’ എന്ന നിർദിഷ്ട ചട്ടങ്ങളുടെ കരട് റെഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ മെയ് 30-നാണ്. 2003-ലെ കേന്ദ്ര വൈദ്യുതി നിയമം നൽകുന്ന അധികാരങ്ങളിലെ വിവിധ വകുപ്പുകളും വ്യവസ്ഥകളും ഉപയോഗിച്ചാണ് ഇതെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു. പുതിയ അക്കൗണ്ടിംഗ്, ബില്ലിംഗ്, സെറ്റിൽമെന്റ് എന്നിവ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും എന്നും അറിയിച്ചിട്ടുണ്ട്. ഉല്പാദക-ഉപഭോക്താക്കളുടെ എതിർപ്പ്, ചെറുകിട വ്യവസായികളുടെ വിമർശനം, വൈദ്യുതി ബോർഡിന്റേയും അവിടുത്തെ യൂണിയനുകളുടേയും പിന്തുണ, ഇതിനെ പിന്തുണയ്ക്കുന്ന സർക്കാരിന്റെ അർത്ഥഗർഭ മൗനം ഇതിനെല്ലാമിടയിലൂടെയാണ് റെഗുലേറ്ററി കമ്മിഷൻ പുതിയ നയത്തിനു ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷന്റേയും ഉല്പാദക-ഉപഭോക്താക്കളുടേയും വാദങ്ങളിലൂടെ:
എതിർപ്പുകൾ, വിമർശനങ്ങൾ
കരടുരേഖയെ എതിർക്കുന്ന ഉല്പാദക-ഉപഭോക്താക്കൾ സ്വന്തം വാദങ്ങൾക്കു വേണ്ടത്ര പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ്; തികച്ചും സ്വാഭാവികവുമാണത്. കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ച് അവർ നടത്തുന്ന ഇടപെടലുകൾ ഈ വിഷയത്തിൽ പുതിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. വൈദ്യുതി ബോർഡിനും റെഗുലേറ്ററി കമ്മിഷനും എളുപ്പത്തിൽ സ്വന്തം കാര്യപരിപാടി നടത്തിയെടുക്കാൻ കഴിയില്ല എന്ന തിരിച്ചറിവു നൽകാനെങ്കിലും കഴിഞ്ഞു എന്നതാണ് പ്രധാനം.
പുനരുപയോഗ ഊർജ നിയന്ത്രണങ്ങളുടെ കരടിനെതിരെ സൗരോർജ ഉല്പാദകർ അതിശക്തമായാണ് പ്രതികരിച്ചത്. നെറ്റ് മീറ്ററിംഗ് സംവിധാനം മൂന്ന് കിലോവാട്‌സ് ആയി പരിമിതപ്പെടുത്താനുള്ള നിർദേശങ്ങൾ, ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്ന യൂണിറ്റിന് ഒരു രൂപ ഗ്രിഡ് സപ്പോർട്ട് ചാർജ് ഏർപ്പെടുത്തൽ, ‘പീക്ക് അവേഴ്സ്’ പുനർനാമകരണം എന്നിവയാണ് ഏറ്റവും വിമർശനത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ ജൂലൈ എട്ടിനു നടന്ന റെഗുലേറ്ററി കമ്മിഷൻ ഹിയറിംഗിലാണ് പ്രോസ്യൂമർമാരേയും വെണ്ടർമാരേയും പ്രതിനിധീകരിക്കുന്ന സംഘടനകൾ കരടുനിർദേശങ്ങളെ സമർത്ഥമായി ഖണ്ഡിക്കുന്ന വാദങ്ങൾ മുന്നോട്ടുവെച്ചത്. പുതിയ സമീപനരേഖ പുനരുപയോഗ ഊർജ പരിഹാരങ്ങളിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന് എതിരും ദോഷകരവുമാണെന്ന് അവർ വിശദീകരിച്ചു. ഫലത്തിൽ കമ്മിഷൻ പ്രതിരോധത്തിലുമായി. ചെയർമാൻ ടി.കെ. ജോസിന്റെ നേതൃത്വത്തിൽ റെഗുലേറ്ററി കമ്മിഷൻ തുടങ്ങിയ ഓൺലൈൻ പൊതു ഹിയറിംഗിന്റെ ആദ്യ ദിവസം ഫലത്തിൽ പ്രോസ്യൂമർമാരുടേതായി മാറി. “ഏകപക്ഷീയമായ പരിഷ്കാരങ്ങൾ ഈ മേഖലയിലെ ഭാവി നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തും. അങ്ങനെയുള്ള പരിഹാരങ്ങൾ അടിച്ചേല്പിക്കുന്നതിനുപകരം, എല്ലാവർക്കും പ്രയോജനകരമായ ഒരു സാഹചര്യം കൊണ്ടുവരണം. നിലവിലുള്ള പദ്ധതികൾ പഴയ നിയന്ത്രണ ചട്ടക്കൂടിൽ നിയന്ത്രിക്കപ്പെടണം” -ഇതായിരുന്നു പൊതുവികാരം. അന്നത്തെ നിരക്കുകളുടേയും നിയന്ത്രണങ്ങളുടേയും അടിസ്ഥാനത്തിലാണ് തങ്ങൾ നിക്ഷേപങ്ങൾ നടത്തിയത് എന്നും പുതിയ പരിഷ്കാരങ്ങൾ ഈ പദ്ധതികളെ ലാഭകരമല്ലാതാക്കും എന്നും അക്കമിട്ടു വിശദീകരിക്കുന്നതിൽ അവർ വിജയിച്ചു. റെഗുലേറ്ററി കമ്മിഷൻ കൂടുതൽ ജാഗ്രതയോടെ ഇടപെട്ടു തുടങ്ങിയത് അതിനു തെളിവുമായി.
നിലവിലെ നെറ്റ് മീറ്ററിംഗ് സംവിധാനം നിലനിർത്തണമെന്നാണ് ഹിയറിംഗിൽ പങ്കെടുത്തവരിൽ വലിയൊരു വിഭാഗം കമ്മിഷനോട് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ വിലകൂടിയ ബാറ്ററി സംഭരണ സംവിധാനങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്ന വ്യവസ്ഥകൾ മരവിപ്പിക്കണമെന്ന് കേരള റിന്യൂവബിൾ എനർജി എന്റർപ്രണേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭരണം എന്ന ആശയം നല്ലതാണെങ്കിലും നല്ല നിലവാരമുള്ള ബാറ്ററി സംവിധാനങ്ങൾ താങ്ങാനാവുന്നതിലേക്ക് എത്താൻ അഞ്ച് വർഷമോ അതിൽ കൂടുതലോ എടുത്തേക്കാമെന്ന് റിന്യൂവബിൾ എനർജി കൺസോർഷ്യം ചൂണ്ടിക്കാട്ടി. ഗ്രിഡ് സപ്പോർട്ട് ചാർജ് അമിതമാണ് എന്ന നിലപാടാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം-സിയാൽ സ്വീകരിച്ചത്. സൗരോർജ ഉല്പാദനത്തിൽ പ്രശംസനീയമായ പുരോഗതി കൈവരിച്ച വിമാനത്താവളമാണ് ഇത്. നിലവിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് 6.5 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം അവർ നിർത്തിവെച്ചു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം നിർദേശിക്കപ്പെട്ടിരിക്കുന്ന പുതിയ ബില്ലിംഗ്, സെറ്റിൽമെന്റ് സംവിധാനങ്ങൾ മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (എറണാകുളം ജില്ലാ ചാപ്റ്റർ) ഉന്നയിച്ചത്. 2024 ഡിസംബറിൽ കമ്മിഷൻ പുറപ്പെടുവിച്ച താരിഫ് ഉത്തരവുകൾ വൈകുന്നേരം ആറ് മുതൽ രാത്രി 11.30 വരെ പീക്ക് സമയം നിശ്ചയിച്ചതിന്റെ യുക്തിയേയും ഉല്പാദകർ ചോദ്യം ചെയ്തു. താരിഫ് ഉത്തരവുകളിൽ നിർവചിച്ചിരിക്കുന്ന പീക്ക് സമയം നിലനിർത്തണമെന്ന് ഹൈ ടെൻഷൻ/എക്സ്ട്രാ ഹൈ-ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കരട് രേഖയിലെ നിർദേശങ്ങൾ അതേപടി നടപ്പാക്കിയാൽ കേരളത്തിലെ പുനരുപയോഗ ഊർജ വ്യവസായത്തിന്റെ നട്ടെല്ല് തകർക്കുന്ന നടപടിയാകുമെന്ന് സോളാർ ട്രേഡേഴ്സ് (മാസ്റ്റേഴ്സ്) അഭിപ്രായപ്പെട്ടു; നിർദിഷ്ട നിയന്ത്രണ പരിഷ്കരണം അഞ്ച് വർഷത്തേക്കെങ്കിലും നിർത്തിവയ്ക്കണം എന്നാണ് അവരുടെ നിലപാട്.
അനുകൂല വാദങ്ങൾ
ഒരുവശത്ത് ശക്തമായ എതിർപ്പ് രൂക്ഷമായപ്പോൾ മറുവശത്ത് അത്രകൂടി ശക്തമായി കെ.എസ്.ഇ.ബി ജീവനക്കാരുടെ യൂണിയനുകൾ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ സൗരോർജ ശേഷിയുടെ വേഗത്തിലുള്ള വർദ്ധന മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ നിർദേശങ്ങൾ സമയോചിതവും നിർണായകവുമാണ് എന്നാണ് യൂണിയനുകളുടെ നിലപാട്. ഇതിൽ ഇടതുപക്ഷ, കോൺഗ്രസ് വ്യത്യാസമില്ല. പൊതു ഹിയറിംഗിൽ യൂണിയനുകൾ അവരുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു. “പകൽസമയത്ത് ഉല്പാദിപ്പിക്കുന്ന സൗരോർജത്തിന്റെ 70 ശതമാനത്തിൽ കൂടുതലും ഉല്പാദകർ ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ അധിക ഊർജം ഉൾക്കൊള്ളേണ്ടിവരുന്നതിന്റെ ചെലവ് കെ.എസ്.ഇ.ബിയുടെ ഷെഡ്യൂൾ ചെയ്ത വൈദ്യുതി കരാറുകളേയും ധനകാര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു. രണ്ടര ലക്ഷ ഉല്പാദകരുടെ നേട്ടങ്ങൾ കെ.എസ്.ഇ.ബിയുടെ ഒരു കോടി അഞ്ചു ലക്ഷത്തോളം ഉപഭോക്താക്കളുടെ മുഴുവൻ ചെലവിലുമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്” യൂണിയനുകൾ വിശദീകരിച്ചു. നെറ്റ് മീറ്ററിംഗ് സിസ്റ്റം മൂന്ന് കിലോവാട്‌സ് ആയി പരിമിതപ്പെടുത്താനുള്ള നിർദേശത്തെ യൂണിയനുകൾ സ്വാഗതം ചെയ്യുകയും ചെയ്തു, എന്നാൽ, പിയർ-ടു-പിയർ വ്യാപാരം (പി2പി) പോലുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണം എന്നാണ് അവരുടെ നിലപാട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിന്റെ സൗരോർജ ശേഷി 275 ശതമാനം വർദ്ധിച്ചുവെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പറഞ്ഞു: “പുതിയ രേഖ നിർദേശിക്കുന്ന മാറ്റങ്ങളിലൂടെ ഊർജ സംഭരണ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്; അതിനുള്ള കമ്മിഷന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. ഉല്പാദക ഉപഭോക്താക്കളുടേയും സാധാരണ ഉപഭോക്താക്കളുടേയും ആവശ്യങ്ങൾ സന്തുലിതമാക്കുന്നതിന് ക്രിയാത്മക പരിഹാരങ്ങൾ കണ്ടെത്തണം” കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. അതേസമയം, കരടുരേഖ ഉല്പാദകർക്ക് എതിരാണെന്ന പ്രചാരണം തിരുത്തേണ്ടതുണ്ടെന്നാണ് അസോസിയേഷന്റെ നിലപാട്. ഗ്രിഡിലേക്ക് സൗരോർജം അധികമായി നൽകുന്നത് മൂലമുണ്ടാകുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷനും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും (ഐ.എൻ.ടി.യു.സി) പറഞ്ഞു. എന്നാൽ, പുനരുപയോഗ ഊർജ മേഖലയിലെ പുതിയ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും വേണം. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവിന് കമ്മിഷൻ പരിധി നിശ്ചയിക്കണമെന്ന ആവശ്യവും ഹിയറിംഗുകളിൽ ഉയർന്നു.
വ്യക്തിഗത വൈദ്യുതി ഉല്പാദകർക്കോ ഗ്രൂപ്പുകൾക്കോ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് നേരിട്ട് വൈദ്യുതി വാങ്ങാനും വിൽക്കാനും അനുമതി ഉറപ്പാക്കുന്നതാണ് പുനരുപയോഗ ഊർജത്തെക്കുറിച്ചുള്ള റെഗുലേറ്ററി കമ്മിഷന്റെ കരടുരേഖ. അംഗീകൃത സേവന ദാതാവോ വിതരണ ലൈസൻസിയോ സാങ്കേതിക മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിച്ചുകൊണ്ടുവേണം ഇതു നടത്തേണ്ടത്. ഈ വികേന്ദ്രീകൃത സംവിധാനം, കരടുരേഖയിലെ നിർദേശങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഉല്പാദക-ഉപഭോക്താക്കളായ പ്രോസ്യൂമർമാർക്ക് സൗരോർജംപോലെ പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള മിച്ച ഊർജമാണ് അംഗീകൃത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഓൺലൈൻ പിയർ ടു പിയർ (പി2പി) പ്ലാറ്റ്ഫോം വഴി വിൽക്കാൻ അനുവദിക്കുന്നത്.
നിലവിൽ, മിച്ച ഊർജം ബാങ്കു ചെയ്യുന്നതിന് ഉല്പാദകരുടെ മുന്നിലുള്ള സാധ്യതകൾ വൈദ്യുതി ബോർഡ് പരിമിതപ്പെടുത്തിയിരിക്കുന്നു എന്നത് വിമർശനമായും പരാതിയായും നിലനിൽക്കുന്നു. പക്ഷേ, ബോർഡിനു മുന്നിൽ വേറെ വഴിയില്ല എന്ന വാദംകൊണ്ടാണ് അതിനെ പ്രതിരോധിക്കുന്നത്. കാരണം, കേരളത്തിലെ വൈദ്യുതി വിതരണ ലൈസൻസി കെ.എസ്.ഇ.ബിയാണ്. ഒരു സമ്പൂർണ പി2പി ഊർജ വ്യാപാര സംവിധാനത്തിൽ, ഉല്പാദക- ഉപഭോക്താവിന് ലൈസൻസിയുടെ വിതരണ, പ്രക്ഷേപണ ശൃംഖലകൾ ഉപയോഗിച്ച് നിർദിഷ്ട ചാർജുകൾ നൽകി മിച്ച വൈദ്യുതി വിൽക്കാൻ കഴിയും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭാരം വന്ന വഴി
2019 മുതലാണ് കേരളത്തിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് തീരുമാനിച്ചത്. വൈദ്യുതി ഉപയോഗിക്കുന്നവർ പലപ്പോഴും അറിയാതേയോ ശ്രദ്ധിക്കാതേയോ പോകുന്ന കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ തുടർച്ചയായി ശ്രമിക്കുന്ന ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്‌സ് കമ്യൂണിറ്റി കൺവീനറും റിട്ടയേഡ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുമായ ജെയിംസുകുട്ടി തോമസും സഹപ്രവർത്തകരും നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ഈ നാൾവഴിവിവരങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവനുസരിച്ച് ഇടുന്ന വിലയായ എനർജി ചാർജിനു പുറമേ കെ.എസ്.ഇ.ബി ഉപഭോക്താവിന് വൈദ്യുതി വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യത്തിന്റെ വാടകയായാണ് ഫിക്സഡ് ചാർജ് വാങ്ങുന്നത്. വൈദ്യുതി ബില്ലിൽ ഇത് രണ്ടുമുണ്ട്. രണ്ടും താരിഫ് ക്രമത്തിന്റെ രണ്ടു ഭാഗങ്ങളാണ്. 2003-ലെ വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം തീരുമാനിച്ചിരിക്കുന്നത്. അതാണ് നിലവിലെ അടിസ്ഥാന വൈദ്യുതി നിയമം. അതുപ്രകാരം റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തെ ആർക്കും ലംഘിക്കാൻ അധികാരമില്ല. അവരുടെ തീരുമാനമനുസരിച്ചാകണം കെ.എസ്.ഇ.ബി ഉപഭോക്താവിൽനിന്ന് നിരക്ക് ഈടാക്കുന്നത്. അതല്ലാതെ ഒരൊറ്റപ്പൈസയെങ്കിലും ഈടാക്കിയാൽ തിരിച്ചുകൊടുക്കാനും ഇതേ നിയമത്തിൽ പറയുന്നുണ്ട്.
2019 വരെ നിശ്ചിത നിരക്കായിരുന്നു ഫിക്സഡ് ചാർജ്: സിംഗിൾ ഫെയ്‌സിനു മാസത്തിൽ 30 രൂപയും ത്രീ ഫെയ്‌സിന് 80 രൂപയും. പിന്നീടത് ഉപഭോഗമനുസരിച്ചാക്കി മാറ്റി. ഗാർഹിക ഉപഭോക്താക്കൾക്കു ബാധകമായ സ്ലാബ് അടിസ്ഥാനത്തിൽ വ്യത്യസ്തമാണ് ഫിക്സഡ് ചാർജും. ഏറ്റവുമൊടുവിൽ, 2015 മെയ് 12-ന് ഇറങ്ങിയ ഉത്തരവു പ്രകാരം പരമാവധി 310 രൂപയും ഏറ്റവും കുറഞ്ഞത് 110 രൂപയുമാണ് ഇത്. എനർജി ചാർജിന്റെകൂടെ ഉപഭോഗമനുസരിച്ചുള്ള ഈ ഫിക്സഡ് ചാർജ് കൂടി അടച്ചുപോകുന്നത് ഉപഭോക്താവിനു വലിയ ഭാരവുമല്ല.
ഇപ്പോഴത്തെയത്ര ഇല്ലെങ്കിലും 2019-ലും സൗരോർജ ഉല്പാദകരുണ്ടായിരുന്നു. 2020-ലാണ് ‘റിന്യൂവബിൾ എനർജി നെറ്റ് മീറ്ററിംഗ് ആന്റ് റിലേറ്റഡ് മാറ്റേഴ്‌സ്’ റെഗുലേഷൻ ഇറങ്ങുന്നത്. അതിൽ ഫിക്സഡ് ചാർജിനെക്കുറിച്ച് ഒന്നും പറയുന്നില്ല. താരിഫ് ക്രമത്തിൽ പറഞ്ഞിരിക്കുന്നത് പാലിക്കുക എന്നേയുള്ളൂ. അതുപ്രകാരം ഉപഭോഗമനുസരിച്ചുള്ള ബില്ല് സൗരോർജ ഉല്പാദക- ഉപഭോക്താക്കൾക്കും ബാധകമായിരുന്നു. 2020-ലെ അതേ റെഗുലേഷനിൽത്തന്നെ, നെറ്റ് എനർജിക്ക് ആയിരിക്കും നിരക്ക് ഈടാക്കുക എന്നും പറയുന്നുണ്ട്. അതായത് ഉല്പാദിപ്പിച്ച വൈദ്യുതിയിൽനിന്ന് കെ.എസ്.ഇ.ബിക്കു കൊടുത്തശേഷം നേരിട്ടുപയോഗിക്കുന്ന വൈദ്യുതി തികയാതെ വരുമ്പോൾ തിരിച്ചുവാങ്ങുന്ന വൈദ്യുതിക്ക്. അങ്ങോട്ടു കൊടുക്കുന്നത് കയറ്റുമതിയും തിരിച്ചുവാങ്ങുന്നത് ഇറക്കുമതിയുമായാണ് പരിഗണിക്കുന്നത്. കെ.എസ്.ഇ.ബി വിതരണം ചെയ്യുന്നതിനു മാത്രമാണ് നിരക്കു വാങ്ങേണ്ടത്. ഉല്പാദകരെ സംബന്ധിച്ചിടത്തോളം ഇറക്കുമതി വൈദ്യുതിയാണ് ഇതിൽ വരുന്നത്. എന്നാൽ, 2003-ലെ വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള റിന്യൂവബിൾ എനർജി റെഗുലേഷനിൽ പറയുന്ന നെറ്റ് എനർജി ഇതിൽനിന്നു വ്യത്യസ്തവുമാണ്. ഫലത്തിൽ നെറ്റ് പൂജ്യമായാലും ഉല്പാദകർ മിനിമം നിരക്ക് കൊടുക്കാൻ ബാധ്യസ്ഥരാകുന്നു.
“ഉപഭോക്താവ് വൈദ്യുതി ഉല്പാദിപ്പിക്കുന്നില്ല. എന്നാൽ, ഉല്പാദകരുടെ കാര്യത്തിൽ നെറ്റ് എനർജിക്ക് നിരക്കു കൊടുത്താൽ മതി എന്ന് നിയമം നിർദേശിക്കുന്നുമുണ്ട്. അങ്ങനെ നിയമമുണ്ടായിരിക്കെത്തന്നെയാണ് കെ.എസ്.ഇ.ബി ഫിക്സഡ് ചാർജ് വാങ്ങുന്നത്. ഇറക്കുമതി ചെയ്യുന്ന വൈദ്യുതിക്കും നിരക്ക് ഈടാക്കി ഉല്പാദകരോട് അനീതി കാണിക്കുകയാണ്” ജെയിംസുകുട്ടി തോമസ് പറയുന്നു. അങ്ങോട്ടു കൊടുക്കുന്ന വൈദ്യുതിയുടെ ഒരു ഭാഗമാണ് ഇങ്ങനെ തിരിച്ചുതരുന്നത്.
2022 നവംബർ-ഡിസംബർ വരെ ഇറക്കുമതി വൈദ്യുതിക്കു മാത്രം നിരക്ക് ഈടാക്കിക്കൊണ്ടിരുന്ന സ്ഥാനത്ത് അതിനുശേഷം കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന വൈദ്യുതി ഒന്നിച്ചുചേർത്ത് നിരക്ക് ഈടാക്കിത്തുടങ്ങി. ഇത് കെ.എസ്.ഇ.ബിയുടെ വളരെ മോശം തീരുമാനമായാണ് വിമർശിക്കപ്പെടുന്നത്. റെഗുലേറ്ററി കമ്മിഷനാണ് തീരുമാനിക്കേണ്ടത് എന്ന വൈദ്യുതി നിയമത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധവുമാണ്. കെ.എസ്.ഇ.ബിക്ക് എന്തധികാരമാണ് ഇങ്ങനെയൊരു മാറ്റം വരുത്താൻ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചതിനു തുടർച്ചയായിട്ടാണ് പിന്നീട് കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചതും നിരവധി ഇടപെടലുകൾ നടത്തിയതും. റെഗുലേറ്ററി കമ്മിഷന്റെ ഹിയറിംഗുകളിലെല്ലാം ഈ വിഷയം പറയുകയും എഴുതിക്കൊടുക്കുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട കേസാണെന്നും അതാത് സെക്ഷനോഫീസിൽ അറിയിച്ചാൽ മതി എന്നുമാണ് റെഗുലേറ്ററി കമ്മിഷൻ നൽകിയ മറുപടി. അതായത്, അവർ ഈ വിഷയം ഗൗനിക്കുന്നില്ല എന്നും കെ.എസ്.ഇ.ബിക്ക് കമ്മിഷന്റെ മൗനസമ്മതമുണ്ട് എന്നും വ്യക്തമാക്കുന്നതായിരുന്നു സമീപനം.
അങ്ങനെയാണ് നിയമനടപടിയിലേക്കു നീങ്ങിയത്. നൂറ്റിയമ്പതോളം പേർ വിവിധ സെക്ഷനോഫീസുകളിൽ പരാതി കൊടുത്തു. കെ.എസ്.ഇ.ബി സ്വയം ന്യായീകരിച്ച് ഇതിനെല്ലാം മറുപടിയും നൽകി. പിന്നീടാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം, ഓംബുഡ്‌സ്മാൻ എന്നിങ്ങനെ ക്രമത്തിൽ പരാതികൾ കൊടുത്തത്. ഈ പരാതികളിൽ ന്യായമുണ്ട്; പക്ഷേ, തീരുമാനിക്കേണ്ടത് കമ്മിഷനാണ് എന്നായിരുന്നു പ്രതികരണം. റെഗുലേറ്ററി കമ്മിഷനു നൽകിയ പരാതികളോട് മൗനമായിരുന്നു മറുപടി. അതിന്റെ അടുത്ത ഘട്ടമായാണ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചത്. റെഗുലേറ്ററി കമ്മിഷൻ നിഷ്‌കർഷിക്കുന്ന 10000 രൂപ ഫീസ് നൽകിത്തന്നെ ഈ പരാതി കമ്മിഷനിൽ ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. ആറ് ആഴ്ചകൊണ്ട് തീരുമാനമെടുക്കണമെന്നു കമ്മിഷനു നിർദേശവും നൽകി. അങ്ങനെ ആറു പേർ കമ്മിഷനിൽ പരാതി സമർപ്പിച്ചിരിക്കുകയാണ്.
വളർച്ചയ്ക്കൊരു ‘താങ്ങ്’
കേരളത്തിലെ പുനരുപയോഗ ഊർജത്തിൽ ജലവൈദ്യുതിയെ സൗരോർജം ഉടൻ മറികടക്കുമെന്ന സൂചനയാണ് കെ.എസ്.ഇ.ബി നൽകുന്നത്. എന്നിട്ടാണ് സൗരോർജ ഉല്പാദകരെ നിലംതൊടീക്കാത്ത സമീപനം. പുനരുപയോഗ ഊർജ ശേഖരത്തിന്റെ 50 ശതമാനം ജലവൈദ്യുതിയാണ്; മേൽക്കൂരയിലേയും അല്ലാത്തതുമെന്ന വ്യത്യാസമില്ലാതെ സൗരോർജം രണ്ടാം സ്ഥാനത്തും; 47 ശതമാനം. കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷനു നൽകിയ റിപ്പോർട്ടിലാണ് പറയുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി സംവിധാനത്തിലെ പുനരുപയോഗ ഊർജത്തിൽ ജലവൈദ്യുതിയുടെ ആധിപത്യമാണ് കുറേക്കാലമായി തുടരുന്നത്. ഈ സ്ഥിതി മാറുകയാണെന്ന് റിപ്പോർട്ട് പറയുന്നു. കരടുരേഖയിൽ വാദം കേൾക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബി ഈ റിപ്പോർട്ടിലെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ജലവൈദ്യുതി 2284.42 മെഗാവാട്ട്, മേൽക്കൂരയിൽ അല്ലാത്ത സൗരോർജം 1397.12 മെഗാവാട്ട് (30%), മേൽക്കൂരയിൽ അല്ലാത്ത മറ്റു പദ്ധതികൾ (നിലത്ത് ഘടിപ്പിച്ച പ്ലാന്റുകൾ പോലുള്ളവ) 787.35 മെഗാവാട്ട് (17%) എന്നിങ്ങനെയാണ് കണക്ക്. കെ.എസ്.ഇ.ബിയുടെ കണക്കനുസരിച്ച്, കാറ്റാടി വൈദ്യുതി 146.53 മെഗാവാട്ട് (3%) നാലാം സ്ഥാനത്താണ്. പകൽ സമയത്തെ വൈദ്യുതി ഉല്പാദനത്തിന്റെ കാര്യത്തിൽ, സൗരോർജ ഉല്പാദനം ഇതിനകം ജലവൈദ്യുത ഉല്പാദനത്തെ മറികടന്നു. പുനരുപയോഗ ഊർജം, പ്രധാനമായും സൗരോർജം, ഗ്രിഡിലേക്ക് നൽകുന്നതിലെ ദ്രുതഗതിയിലുള്ള വർദ്ധനവ് കെ.എസ്.ഇ.ബിക്ക് കടുത്ത വെല്ലുവിളികൾ ഉയർത്തുന്നു. സൗരോർജ ഉല്പാദകരിൽനിന്നുള്ള വലിയ അളവിൽ പുനർനിർമാണ ഉല്പാദനം ആഗിരണം ചെയ്യാൻ പാടുപെടുകയാണെന്ന് കെ.എസ്.ഇ.ബി പറയുന്നു.
പകൽസമയത്ത് ഉപയോഗിക്കുന്നതിനെക്കാൾ വളരെ കൂടുതൽ ഉല്പാദകരാണ് ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നത്. എല്ലാ വിഭാഗത്തിലുള്ള ഉല്പാദകരും സൗരോർജ സമയങ്ങളിൽ അവരുടെ ഉല്പാദനത്തിന്റെ 75.53 ശതമാനം ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു. ആഭ്യന്തര (ലോ-ടെൻഷൻ) കാര്യത്തിൽ, ഇത് 79.21 ശതമാനമാണ്. കെ.എസ്.ഇ.ബിയുടെ കണക്കനുസരിച്ച്, 2022-’23-ൽ പകൽ സമയ ഉപയോഗവും ഊർജ കയറ്റുമതിയും യഥാക്രമം 172 ദശലക്ഷം യൂണിറ്റും 309 ദശലക്ഷം യൂണിറ്റും ആയിരുന്നു. 2024-’25-ൽ ഇത് യഥാക്രമം 369 ദശലക്ഷം യൂണിറ്റും 877 ദശലക്ഷം യൂണിറ്റുമായി ഉയർന്നു.
പുരപ്പുറ സൗരോർജത്തിനു പ്രത്യേകതയൊന്നുമില്ല എന്നതു ശരിതന്നെയാണെങ്കിലും അത് കെ.എസ്.ഇ.ബി അനുകൂലികൾ പറയുമ്പോൾ കുറച്ചൊരു അസഹിഷ്ണുത പ്രകടമാണ്. നിലത്തു വയ്ക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് മുകളിൽ വയ്ക്കുന്നു എന്നല്ലേയുള്ളൂ എന്ന മട്ടിലാണ് പ്രതികരണം. മാത്രമല്ല, കേരളത്തിലെ സൗരോർജ ഉല്പാദനത്തെ കുറച്ചുകാണിക്കാനും ചിലരുടെ ശ്രമമുണ്ട്. “കേരളത്തിന്റെ ആകെ സൗരോർജ വൈദ്യുതി ഉല്പാദനം 1500 മെഗാവാട്ട് മാത്രമാണ്. 37000 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന രാജസ്ഥാനും 35000 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന ഗുജറാത്തും 25000 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന കർണാടകയും ഉൾപ്പെടെ പത്തു സംസ്ഥാനങ്ങൾ കേരളത്തിനു മുന്നിലുണ്ട്; അതായത് ഉല്പാദനത്തിൽ രാജ്യത്ത് 11-ാം സ്ഥാനത്താണ് കേരളം. അതു കണക്കിലെടുക്കാതെയുള്ള വിശകലനങ്ങളിൽ കാര്യമില്ല” എന്നാണ് വാദം. മാത്രമല്ല, ഈ പദ്ധതിയിൽ ആകൃഷ്ടരായി അതിലേക്കു ചെന്നവരാണ് ഉല്പാദക-ഉപഭോക്താക്കൾ എന്നും പിന്നീടു പരാതി പറഞ്ഞിട്ടെന്തു കാര്യം എന്നുമാണ് അതിനോടു ചേർത്തുള്ള ചോദ്യം. കേരളത്തിന്റെ വൈദ്യുതി ഉല്പാദനമേഖലയിൽ കഴിഞ്ഞ ചില പതിറ്റാണ്ടുകളായി പ്രത്യേക മാറ്റമൊന്നുമില്ലാതിരുന്ന ശേഷം ഉണ്ടായ മാറ്റമാണ് ഇപ്പോഴത്തേത്. അതിനനുസരിച്ചുള്ള നിക്ഷേപം ഈ മേഖലയിൽ ഉണ്ടായി. ഏകദേശം 7000 കോടിയിലധികം രൂപയുടെ നിക്ഷേപം മൂന്നു വർഷംകൊണ്ട് ഉണ്ടായി എന്നാണ് കണക്ക്. സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും അതിന്റെ ഗുണപരമായ പ്രതിഫലനവുമുണ്ടായി. അതിനെ നിരുത്സാഹപ്പെടുത്തുന്ന വിധമുള്ള മാറ്റം വേണ്ടത്ര ശരിയായ പഠനമില്ലാതെയാണ് എന്നാണ് വിമർശനം.
ഇപ്പോൾ റെഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒരു കരടുരേഖ മാത്രമാണെന്നും ഹിയറിങ്ങുകളിൽ ഉണ്ടായ അഭിപ്രായങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ, വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലുമുള്ള സംഘടനകളും കരടുരേഖയെ ശക്തമായി പിന്തുണയ്ക്കുന്നതിൽനിന്ന്, കാര്യമായ മാറ്റമില്ലാതെയാകും രേഖ നടപ്പാക്കുകയെന്ന പ്രതീതിയും ശക്തം.
പുതിയ നിയമം പ്രാബല്യത്തിലായില്ലെങ്കിൽ പ്രശ്നമില്ല. അതു നടപ്പിലാകുമ്പോൾ സ്ഥിതി എന്താകും എന്നതാണ് ഉല്പാദകരുടെ ആശങ്ക. ഈ മാസം ബാക്കിവരുന്ന വൈദ്യുതി അടുത്ത മാസത്തേക്ക് ബാങ്ക് ചെയ്യാൻ ഇനി കഴിയില്ല എന്ന് കരടുരേഖയിൽ പറയുന്നുണ്ട്. അതിൽത്തന്നെ തുടങ്ങുന്നു ആശങ്ക. പകൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലേക്ക് അഡ്ജസ്റ്റ് ചെയ്യുമ്പോൾ അതിന്റെ നിരക്ക് 1:1 ആയിരുന്നത് ഇനി കുറയുകയാണ്. തീർച്ചയായും ഉല്പാദകർ വലിയ ബാധ്യതയിലേക്കു പോകും.
സോളാറിൽ നിക്ഷേപിക്കേണ്ടിയിരുന്നില്ല എന്ന ഇതുവരെ ഇല്ലാതിരുന്ന തോന്നൽ ഇപ്പോൾ ഉണ്ടാകാൻ കരടുരേഖയിലെ ഈ വ്യവസ്ഥകൾ ഇടയാക്കുന്നു. അതുകൊണ്ട് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നാൽ ക്രമേണ ഇപ്പോഴത്തെ രീതിയിൽനിന്നു മാറുകയും സമാന്തരമായി ഒരു ഓഫ് ഗ്രിഡ് സ്ഥാപിച്ച് കെ.എസ്.ഇ.ബിക്കു കൊടുക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യാനാണ് പലരും ആലോചിക്കുന്നത്. രണ്ടുലക്ഷം സോളാർ ഉല്പാദകരുണ്ട് എന്നു പറയുമ്പോഴും അവരിൽനിന്നു കിട്ടുന്ന വൈദ്യുതിയുടെ കൃത്യം അളവും തിരിച്ചു കൊടുക്കുന്നതിന്റെ കൃത്യം കണക്കുമൊക്കെ വിവരാവകാശ നിയമപ്രകാരം ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്‌സ് കമ്യൂണിറ്റി ചോദിച്ചെങ്കിലും കെ.എസ്.ഇ.ബി കൊടുത്തിട്ടില്ല.
ഇതുവരെ ഓൺലൈൻ ഹിയറിങ്ങുകളാണ് നടത്തിയത്. ഹൈക്കോടതി നിർദേശപ്രകാരം പരാതിക്കാരെ നേരിട്ടു കേൾക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്മിഷൻ. അതുകൂടി കഴിഞ്ഞ് അന്തിമ രേഖ രൂപപ്പെടുമ്പോൾ പരാതികളും വിമർശനങ്ങളും ബാക്കിയാകുമോ എന്ന ചോദ്യം അതിപ്രധാനമാണ്; കേരളത്തിൽ സൗരോർജ ഉല്പാദക-ഉപഭോക്താക്കൾ ഇനിയെന്തു തീരുമാനിക്കും എന്നതും ഉള്ളവർ കൂടി പോകുമോ കൂടുതലാളുകൾ ഈ മേഖലയിലേക്കു വരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും അതിനുശേഷം വ്യക്തമാകും.
മാറ്റങ്ങൾ അനിവാര്യം; സൗരോർജ ഉല്പാദകരെ നിരുത്സാഹപ്പെടുത്താനല്ല
ബി. പ്രദീപ്
(കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗം)
കരടുരേഖയുടെ ഉള്ളടക്കം മാറില്ല എന്നു പറയാൻ സാധിക്കില്ല. അങ്ങനെയാണെങ്കിൽപ്പിന്നെ ഹിയറിങ്ങ് നടത്തേണ്ട കാര്യമില്ല. എന്നാൽ, മാറും എന്നും ഉറപ്പിച്ചു പറയാനും കഴിയില്ല. കാരണം, ഓരോന്നിന്റേയും മെറിറ്റ് നോക്കി, ഓരോ മാറ്ററായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എന്തെങ്കിലും മാറ്റം വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. പ്രൊസ്യൂമേഴ്‌സിന്റെ ആവശ്യം പരിഗണിച്ച് നേരിട്ടുള്ള ഹിയറിങ്ങ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്. ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കുക എന്നതു നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് കമ്മിഷൻ ആലോചന നടത്തിയിട്ടില്ല.
നിലവിലുള്ള ആളുകൾക്ക് നെറ്റ് ബില്ലിംഗ് വരില്ല എന്നാണ് കരടുരേഖ വ്യക്തമാക്കുന്നത്. അവർക്ക് നെറ്റ് മീറ്ററിംഗ് തുടരും എന്നുതന്നെയാണ് പറഞ്ഞിരിക്കുന്നത്. പിന്നെ എങ്ങനെയാണ് അവരെ ബാധിക്കുന്നതെന്നും അവർ എന്തിനാണ് ബഹളം വയ്ക്കുന്നത് എന്നും മനസ്സിലായിട്ടില്ല. ആശയക്കുഴപ്പം ഉണ്ടാകുന്നു എന്നു കണ്ടപ്പോൾ കമ്മിഷൻ രണ്ടാമതും പത്രക്കുറിപ്പ് ഇറക്കിത്തന്നെ അത് വിശദീകരിക്കുകയും ചെയ്തു.
ഗ്രിഡിൽ വൈദ്യുതി കൊടുത്തിട്ട് തിരിച്ചെടുക്കുന്ന ആളുകൾക്ക്, അതായത് നെറ്റ് ബില്ലിങ്ങുകാർക്ക് ഗ്രിഡ് സപ്പോർട്ട് ചാർജ് ബാധകമല്ല. നിലവിൽ പത്തു കിലോവാട്ട് വരെയുള്ള പ്ലാന്റ് വെച്ചിരിക്കുന്ന ഉല്പാദക-ഉപഭോക്താക്കൾക്കും, ഗ്രിഡ് സപ്പോർട്ട് ചാർജ് ബാധകമല്ല. പുതുതായി വരുന്നവരും പത്തു കിലോവാട്ടിൽ അധികം ശേഷിയുള്ള പ്ലാന്റ് വയ്ക്കുന്നവരുമാണ് ഗ്രിഡ് സപ്പോർട്ട് ചാർജിന്റെ പരിധിയിൽ വരുന്നത്. അത് വേണ്ടിവരുന്നതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്. നിരുത്സാഹപ്പെടുത്താനാണോ അതോ വേറെ എന്തെങ്കിലും യുക്തി അതിലുണ്ടോ. ഇപ്പോൾ ഇല്ലാത്ത പുതിയ ഒരു ചാർജ് വരുന്നത് നിരുത്സാഹപ്പെടുത്താനാണ് എന്ന് ചിലർക്കു തോന്നുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽത്തന്നെ ഒരു ഡിസ്‌കഷൻ പേപ്പർ ഇറക്കിയിരുന്നു. അതിൽ ഇത് വിശദീകരിച്ചിരുന്നു. നിലവിലുള്ള ഒരു വൈദ്യുതി ഗ്രിഡിന് അതിൽത്തന്നെ ഒരു ഫ്ലെക്സിബിലിറ്റിയുണ്ട്. ആ ഗ്രിഡിൽ എത്രത്തോളം ജലവൈദ്യുത നിലയങ്ങളുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഫ്ലെക്സിബിലിറ്റി. കാരണം ജലവൈദ്യുത നിലയങ്ങൾ ഫ്ലെക്സിബിളായ സ്രോതസ്സാണ്; ഉല്പാദനം പെട്ടെന്നു കുറയ്ക്കാനും കൂട്ടാനുമൊക്കെ ശേഷിയുള്ള സ്രോതസ്സ്.
വെയിലിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് സൗരോർജം മാറിക്കൊണ്ടിരിക്കുമല്ലോ, അത് സോളാറിന്റെ പ്രത്യേകതയാണ്. സൗരോർജ ഉല്പാദനം നമുക്കു നിയന്ത്രിക്കാൻ കഴിയില്ല. വൈദ്യുതി ഗ്രിഡിന്റെ പ്രത്യേകത, ഓരോ നിമിഷവും അതിലെ ഉല്പാദനവും അതിലേക്കു വരുന്ന വൈദ്യുതിയും സമാസമം ആകണം. മാറ്റമുണ്ടായാൽ ഗ്രിഡിന്റെ സ്ഥിരതയെ അതു ബാധിക്കും. ഒരാൾ ഒരു ലൈറ്റിടാൻ ഒരു സ്വിച്ച് ഇട്ടാൽ അതിനു തുല്യമായ വൈദ്യുതി ഗ്രിഡിൽ ഉല്പാദിപ്പിക്കപ്പെടണം. ആ സ്വിച്ച് ഓഫ് ചെയ്താൽ അത്രതന്നെ വൈദ്യുതിയുടെ ഉല്പാദനം ഗ്രിഡിൽ കുറയ്ക്കണം. ഉപഭോക്താക്കളുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നതാണ്; അത് ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. അതിനനുസരിച്ച് ഉല്പാദനം അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കണം.
സ്ഥിരമായി ഒരേ രീതിയിൽ വൈദ്യുതി കിട്ടണമെങ്കിൽ ഉല്പാദനം സുസ്ഥിരമായി ക്രമീകരിക്കണം. തുടക്കക്കാലത്ത് സൗരോർജം ഗ്രിഡിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ മാനേജ് ചെയ്യാൻ കഴിയുമായിരുന്നു. പക്ഷേ, അളവു കൂടിവന്നപ്പോൾ ഇതു കഴിയാതായി. കേരളത്തിൽ ആകെ ഉല്പാദിപ്പിക്കുന്ന ജലവൈദ്യുതി 1700 മെഗാവാട്ട് ആണ്. സൗരോർജ ഉല്പാദനം കുറച്ചേയുള്ളൂ എങ്കിൽ ഇതിൽത്തന്നെ ഉൾക്കൊള്ളാൻ കഴിയും. കേരളത്തിലെ നിലവിലെ സംവിധാനത്തിൽ 1000 മെഗാവാട്ട് വരെ സൗരോർജം വന്നാലും ഗ്രിഡിന്റെ ഫ്ലെക്സിബിലിറ്റി ഉപയോഗിച്ച് ഉൾക്കൊള്ളാൻ കഴിയും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനപ്പുറത്തേക്കു പോയാൽ ബാറ്ററിപോലുള്ള സ്‌റ്റോറേജ് സംവിധാനങ്ങൾ അനിവാര്യമാകും. സൗരോർജത്തെ ഗ്രിഡിലേക്ക് സ്വാംശീകരിക്കാനാണ് ഇതു വയ്ക്കുന്നത്. ആ ബാറ്ററി ഇപ്പോൾ കെ.എസ്.ഇ.ബി പല സ്ഥലത്തായി വയ്ക്കാൻ തുടങ്ങി. 500 മെഗാവാട്ട് വീതമുള്ള ബാറ്ററി അഞ്ച് സബ് സ്‌റ്റേഷനുകളിൽ വയ്ക്കാനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുകയാണ്. കേരളത്തിനു പുറത്തുനിന്നു മറ്റൊരു 500 മെഗാവാട്ട് ബാറ്ററി വാങ്ങാൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നു.
ഈ സംഭരണത്തിന്റെ ചെലവ് ആരാണ് വഹിക്കേണ്ടത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അതു ന്യായമായി പങ്കിടാനുള്ള ശ്രമമാണ് കമ്മിഷൻ നടത്തുന്നത്. സൗരോർജ ഉല്പാദകരും വഹിക്കണം; മറ്റുള്ളവരും കുറച്ചു വഹിക്കണം. ഇത് സൗരോർജ പാനൽ വച്ചവർ വഹിക്കില്ല, മറ്റുള്ളവർ മാത്രം വഹിക്കണം എന്നത് നീതിയല്ല എന്നാണ് കമ്മിഷൻ നിലപാട്. ഈ സാഹചര്യത്തിലാണ് ഗ്രിഡ് സപ്പോർട്ട് ചാർജ് നടപ്പാക്കുന്നത്. അത് സൗരോർജ ഉല്പാദനം നിരുത്സാഹപ്പെടുത്താനല്ല.
കരടുരേഖയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിഷയങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നു എന്ന വിമർശനവുമുണ്ട് കമ്മിഷന്. സൗരോർജ ഉല്പാദക ഉപഭോക്താക്കളും കമ്മിഷനും തമ്മിലോ അവരും വൈദ്യുതി ബോർഡും തമ്മിലോ നിലനിൽക്കുന്ന മറ്റു തർക്കങ്ങൾ കോടതി വിധികളുടേയും മറ്റും അടിസ്ഥാനത്തിൽ വേറെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
പകൽ ഉല്പാദിപ്പിച്ച സൗരോർജം കെ.എസ്.ഇ.ബിക്ക് വിൽക്കുന്നതിനെക്കാൾ അല്പം കൂടിയ വിലയ്ക്ക് വൈകിട്ടു തിരിച്ചു വാങ്ങേണ്ടിവരുന്ന സാഹചര്യം നെറ്റ് ബില്ലിംഗിലെ മാത്രം കാര്യമാണ്. നെറ്റ് മീറ്ററിംഗിൽ ആ വിഷയമില്ല. വൈകിട്ട് ഗ്രിഡിൽനിന്നു കൊടുക്കുമ്പോൾ നിലവിലെ നിരക്ക് ഈടാക്കുന്നു എന്നതാണ് ശരി; ഉയർന്ന നിരക്ക് എന്നുള്ളതല്ല. മറ്റ് ഉപഭോക്താക്കൾ കൊടുക്കുന്ന അതേ വില ഇവരും കൊടുക്കേണ്ടിവരുന്നു. നെറ്റ് ബില്ലിംഗ് ഉപഭോക്താക്കളെ മാത്രമാണ് ഇതു ബാധിക്കുന്നത്. പകൽ ഉല്പാദിപ്പിക്കുമ്പോൾ കുറച്ച് ഉപഭോഗവും സ്വാഭാവികമായി ഉണ്ടാകുമല്ലോ. അതു കഴിഞ്ഞിട്ടുള്ളതാണ് ഗ്രിഡിലേക്കു കൊടുക്കുന്നത്. അതിനു നിശ്ചിത നിരക്ക് അവർക്കു കിട്ടും. രാത്രി ഉപയോഗിക്കുന്നതിനു പൊതുവായ നിരക്ക് കൊടുക്കുകയും വേണം. ഇതാണ് നെറ്റ് ബില്ലിംഗ്. വീടുകളിൽ സോളാർ പ്ലാന്റ് വയ്ക്കുന്നവർക്ക് നെറ്റ് ബില്ലിംഗ് ഗുണകരമല്ല. കാരണം, പകൽ ഉപയോഗം കുറവാണ്. അതുകൊണ്ട് അഞ്ചു മെഗാവാട്ട് വരെ പ്ലാന്റ് വയ്ക്കുന്ന വീടുകളിലെ ഉപഭോക്താക്കൾക്ക് പുതിയ നയം വന്നാലും നെറ്റ് മീറ്ററിംഗ് തുടരാം; നെറ്റ് ബില്ലിംഗ് വേണ്ട.
നിലവിലെ ദ്വൈമാസ ബില്ല് 14000 രൂപ വരെ വന്നുകൊണ്ടിരിക്കുന്ന വീട്ടുടമയ്ക്ക് അഞ്ചു കിലോവാട്ട് പ്ലാന്റിന്റെ ആവശ്യമേയുള്ളൂ. അങ്ങനെയുള്ളവർ ഇനിയും സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ നെറ്റ് മീറ്ററിംഗ് തന്നെ ഉണ്ടാകും. അവർ നെറ്റ് ബില്ലിംഗിലേക്ക് വരേണ്ട. നിലവിലുള്ള ഉപഭോഗ പാറ്റേൺ വെച്ചു നോക്കുമ്പോൾ ആകെ ഗാർഹിക ഉപഭോക്താക്കളിൽ 99.83 ശതമാനം വീടുകൾക്ക് നെറ്റ് മീറ്ററിംഗ് തുടരാം; അഞ്ചു കിലോവാട്ട്‌സ് വരെയുള്ള സോളാർ പ്ലാന്റ് കൊണ്ട് മുഴുവൻ ആവശ്യങ്ങളും നിറവേറ്റാം. ബാക്കി 17 ശതമാനം (ദശാംശം 17%), അതായത് ഏകദേശം 18000 ആളുകൾക്കു മാത്രമേ, കേരളത്തിലെ ഒരു കോടി അഞ്ചു ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ അത്രയും പേർക്കു മാത്രമേ അതിനു മുകളിൽ ശേഷിയുള്ള സൗരോർജ പ്ലാന്റുകൾ ആവശ്യമുള്ളൂ.
പകൽസമയത്ത് പ്രവർത്തിക്കുന്നതും ഉല്പാദന സമയത്തു തന്നെ ഉപഭോഗത്തിന്റെ ബഹുഭൂരിഭാഗം ആവശ്യവും നടക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് നെറ്റ് ബില്ലിംഗ് അനുയോജ്യം. അവർക്ക് നെറ്റ് മീറ്റർ അർഹത ഉണ്ടാകില്ല എന്നാണ് കരടുരേഖയിൽ പറയുന്നത്.
പാരമ്പര്യേതര ഊർജം പ്രോത്സാഹിപ്പിക്കുക എന്നത് റെഗുലേറ്ററി കമ്മിഷന്റേയും നയമാണ്. നമ്മുടെ ഗ്രിഡിൽ പുനരുപയോഗ ഊർജത്തിന്റെ അളവ് 2030 ആകുമ്പോൾ 50 ശതമാനമാകണം എന്നാണ് കരടുരേഖയിൽ നിഷ്‌കർഷിക്കുന്നത്. അത് ഇന്ത്യയിലെത്തന്നെ ഏറ്റവും ഉയർന്ന ടാർഗറ്റാണ്. സംശയരഹിതമാണ് ഇക്കാര്യത്തിൽ കമ്മിഷന്റെ നിലപാട്.
ഒരു ഉല്പാദക-ഉപഭോക്താവിന്റെ ഗുണദോഷ വിചാരങ്ങൾ
പുതിയ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കാൻ തീരുമാനിച്ചതു മുതൽ ഇതുവരെ അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിലയിരുത്തിയാൽ ആ തീരുമാനത്തിന് അനുകൂലമായും ചിലതു പറയാനുണ്ട്: തിരുവല്ലയിലെ സൗരോർജ ഉപഭോക്താവ് ഷിബു പി. ജേക്കബ് പറയുന്നു:
ഗുണങ്ങൾ
കേന്ദ്ര-സബ്സിഡിയുണ്ട് ഈ പദ്ധതിക്ക്; സംസ്ഥാന ഗവണ്‍മെന്റും കെ.എസ്.ഇ.ബിയും പറഞ്ഞത് നമ്മൾ കയറ്റുമതി ചെയ്യുന്ന വൈദ്യുതി അതേ നിരക്കിൽ നമുക്ക് ആവശ്യാനുസരണം ഇറക്കുമതി ചെയ്യാം എന്നാണ്. അധികം വരുന്നത് അവർ ശരാശരി വാങ്ങൽ വിലയിൽത്തന്നെ പർച്ചേസ് ചെയ്യും എന്നും പറഞ്ഞിരുന്നു. അതിൽ ഉപഭോക്താക്കൾ വലിയ പ്രതീക്ഷ വയ്ക്കുകയും ചെയ്തു.
ഹരിതോർജ സ്രോതസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോളതലത്തിലെ ഇടപെടലുകൾക്ക് പിന്തുണ നൽകുന്നതാണ് അനുകൂലമായി കണ്ട രണ്ടാമത്തെ കാര്യം. മറ്റൊന്ന്, നമുക്ക് ആവശ്യം ഉള്ള വൈദ്യുതി നമ്മൾ തന്നെ ഉല്പാദിപ്പിച്ച് സ്വാശ്രിതരാവുകയും വർധിച്ചു വരുന്ന വൈദ്യുതി നിരക്കിൽനിന്ന് സംരക്ഷണം നേടുകയും ചെയ്യുന്നു എന്നതാണ്.
ദോഷങ്ങൾ
സൗരോർജ ഉല്പാദനത്തിനു വലിയ തുക നിക്ഷേപിച്ചത് വൈദ്യുതിച്ചെലവ് കുറയ്ക്കാൻ ആയിരുന്നു. എന്നാൽ, ഇത് നിരുത്സാഹപ്പെടുത്തുന്നവിധം പല അധിക നിരക്കുകളും പിന്നീട് ഏർപ്പെടുത്തി.
ഹരിതോർജത്തിന് ഊർജ തീരുവ പാടില്ലെന്ന കേന്ദ്ര സർക്കാർ നയത്തിനു വിരുദ്ധമായി സൗരോർജത്തിനും ‘സെൽഫ് ജനറേഷൻ ഡ്യൂട്ടി’ ഏർപ്പെടുത്തി. പിന്നീട് പരാതി ഉയർന്നപ്പോഴാണ് അതു ഒഴിവാക്കിയത്. വൈദ്യുതി ബോർഡിനു പോകാതെ സ്വയം ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്കു കൂടിച്ചേർത്ത് ഫിക്സഡ് ചാർജ് ഈടാക്കി. ഇപ്പോഴത്തെ കരടു നിർദേശത്തിൽ എനർജി ബാങ്കിങ് സൈക്കിൾ ഒരു വർഷം ആയിരുന്നത് ഒരു മാസമാക്കുകയും പ്രതിമാസ സെറ്റിൽമെന്റ് ആക്കുകയും ചെയ്തു. സീസൺ അനുസരിച്ച് ഉല്പാദനത്തിൽ വ്യത്യാസം വരുന്നു. വേനൽക്കാലത്തെ അധിക ഉല്പാദനത്തിന്റെ മെച്ചം വർഷകാലത്തു ഉപയോഗിക്കാൻ കഴിയുന്നില്ല.
റ്റി.ഒ.ഡി മീറ്ററിംഗ് വരുന്നതോടെ പകൽ മാത്രമേ നമ്മുടെ വൈദ്യുതി 1:1 അനുപാതത്തിൽ ഉപയോഗിക്കാൻ കഴിയൂ. ബാക്കി സമയത്തെ വൈദ്യുതിക്കു കൂടിയ നിരക്ക് ഈടാക്കുന്നതാണ്.
ഫലത്തിൽ വൈദ്യുതി ബോർഡിന്റെ സൗരോർജ നയം, സൗരോർജ ഉല്പാദക-ഉപഭോക്താക്കൾക്ക് എതിരായി മാറിയിരിക്കുന്നു എന്ന വിമർശം ശരിയായി മാറിയിരിക്കുന്നു. ഉല്പാദകർ കെ.എസ്.ഇ.ബിക്ക് ഒരു ബാധ്യത ആണ് എന്നാണ് കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും ഗവണ്‍മെന്റും ഇപ്പോൾ കരുതുന്നത്. പുരപ്പുറ സൗരോർജത്തെ നിരുത്സാഹപ്പെടുത്തുന്ന നയമാണ് പുതിയ കരടു റെഗുലേഷനിൽ കൊണ്ടുവരുന്നത്. ഇതുപോലെ പുതിയ ഉല്പാദകർ കടന്നുവരുന്നത് നിരുത്സാഹപ്പെടുത്തുന്ന മറ്റനേകം സമീപനങ്ങളും കരടു റെഗുലേഷനിലുണ്ട്. അതുകൊണ്ട് മുടക്കിയ തുകയ്ക്കുള്ള ബാങ്ക് പലിശപോലും കിട്ടാതെ നഷ്ടമായി മാറുന്നു. അതുകൊണ്ട് പുതിയ ആളുകൾ ഇനി ഇതു ചെയ്യില്ല. അങ്ങനെ നോക്കിയാൽ ഈ സൗരോർജ വ്യവസായ രംഗത്ത് തൊഴിൽ നഷ്ടമുണ്ടാവും. ജി.എസ്.ടി വഴി സംസ്ഥാനത്തിനും വരുമാനനഷ്ടം വരും.
സാങ്കേതിക വൈദഗ്ധ്യം ഉള്ളവർ ഡേറ്റയുടെ സഹായത്തോടെ വസ്തുതാപരമായി വിശദീകരിക്കുമ്പോഴും മുൻവിധിയോടെ ഉല്പാദകർക്ക് എതിരായ നിലപാടാണ് ഹിയറിങ്ങുകളിൽ റെഗുലേറ്ററി കമ്മിഷൻ സ്വീകരിച്ചു വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates