''മുന്‍പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷേ, അവരില്‍ അപൂര്‍വ്വം ചിലരെങ്കിലും തുടര്‍ന്നു ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കുന്നത്. ഫയലില്‍ പ്രതികൂല പരാമര്‍ശം വന്ന് എല്ലാം തകര്‍ന്ന നിലയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തില്‍ വന്നത് എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍, ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ നോട്ട രീതിയാണ് ഇന്നും നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായമാണ് അന്ന് ഉണ്ടായിരുന്നത്. അതിന്നും തുടരുന്നുണ്ട്. ഇതിനെ എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്ന മട്ടിലുള്ള ഒരു പോസിറ്റീവ് ഫയല്‍ നോട്ട സമ്പ്രദായം കൊണ്ടു പകരം വയ്ക്കണം.''
2016 ജൂണ്‍ ഏഴിന് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നെടുത്തെഴുതിയതാണ് ഈ വരികള്‍. ഈ പ്രസംഗത്തിന് രണ്ടു വയസ്സു പൂര്‍ത്തിയായിരിക്കുന്നു. ഭരണനിര്‍വ്വഹണതലത്തിലെ പരിതാപകരമായ അവസ്ഥകളെ മറികടക്കാനും മെച്ചപ്പെടുത്താനും എത്രത്തോളം കഴിഞ്ഞു എന്നു വിലയിരുത്താന്‍ ഈ കാലയളവ് പോരാ എന്നുറപ്പിച്ചുതന്നെ പറയാം. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ ഏതു ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നതു സംബന്ധിച്ച് ഈയിടെ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തന്നെ കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്.
എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ റീ സര്‍വ്വേ നടപടികള്‍ക്കായി പത്തിലധികം തവണ ഓഫീസ് കയറിയിറങ്ങിയ രവി എന്ന എഴുപതുകാരന്‍ സഹികെട്ട് വില്ലേജ് ഓഫീസിനു തീയിട്ടത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറി ഫയലുകള്‍ പെട്രോളൊഴിച്ച് കത്തിക്കുകയെന്നതിനപ്പുറം മറ്റൊരു മാര്‍ഗ്ഗവും തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയില്ലായിരുന്നു. തിരൂരില്‍ കെട്ടിടത്തിനു വാടക നിശ്ചയിച്ചു കിട്ടാന്‍ നല്‍കിയ അപേക്ഷയുടെ കാര്യം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചതിന് ഉടന്‍ മറുപടി കിട്ടാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തല്ലിയതും തല്ലുകിട്ടിയ ഉദ്യോഗസ്ഥന്‍ മതിലുചാടി തടി രക്ഷിച്ചതുമായ വാര്‍ത്ത പുറത്തുവന്നത് ജൂണ്‍ 12-നാണ്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ മതിപ്പില്ലായ്മ കൂടിയാണ് മിക്കപ്പോഴും അവരെ അതിരുകടന്ന പ്രതികരണങ്ങളിലേക്ക് നയിക്കുന്നതെന്ന് സ്പഷ്ടം.
ലൈഫ് മിഷനുകാര്‍
കാണാത്ത ലൈവിത
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരമേറ്റശേഷം വിഭാവനം ചെയ്യപ്പെട്ടതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ നവകേരളം കര്‍മ്മപദ്ധതിയിലെ സുപ്രധാന ഘടകമാണ് ലൈഫ് മിഷന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീടും ഉപജീവനവും ഉറപ്പുവരുത്തുകയെന്നുള്ളത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് കേരളത്തിലെ സര്‍ക്കാര്‍ കണക്ക്. വീടില്ലാത്തവരില്‍ ഭൂരഹിതര്‍ 1.58 ലക്ഷവും വരും. ഇങ്ങനെയൊരു ലക്ഷ്യം മുന്‍നിര്‍ത്തി ഗവണ്‍മെന്റ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്ന സന്ദര്‍ഭത്തിലാണ് ലൈവിത എന്ന കൊച്ചു പെണ്‍കുട്ടിയുടെ ദുരവസ്ഥ ശ്രദ്ധേയമാകുന്നത്.
കളമശ്ശേരി പള്ളിലാംകര സ്വദേശിയായ ലൈബിന്റേയും മണ്ണാര്‍ക്കാട് സ്വദേശി അനിതയുടേയും മകളാണ് ലൈവിത. ഭൂരഹിതര്‍ എന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ലക്ഷക്കണക്കിന് മലയാളികളില്‍പ്പെടും ലൈവിതയുടേയും മാതാപിതാക്കള്‍. എറണാകുളം ജില്ലയില്‍ കാക്കനാടിനടുത്ത് തേവക്കല്‍ എന്ന പ്രദേശത്ത് ഒരു വാടകവീട്ടില്‍ കഴിയുകയാണ് ലൈവിതയുടെ കുടുംബം. പിതാവ് ലൈബിന്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയ്ക്കു പുറമേ ലൈവിത എന്ന നാലുവയസ്സുകാരിയെ ബാധിച്ച അപൂര്‍വ്വ രോഗം കൂടി ആ കുടുംബത്തെ വേട്ടയാടുകയാണ്. മൂന്നുവര്‍ഷം മുന്‍പ് ഈ പെണ്‍കുട്ടിയുടെ കുടുംബത്തിനു മൂന്നുസെന്റ് ഭൂമിയും ഉപജീവനോപാധിയായി കുട്ടിയുടെ പിതാവിന് ഓട്ടോറിക്ഷയും വാഗ്ദാനം ചെയ്തിരുന്നു. വീടുവെയ്ക്കുന്നതിനു തുക അനുവദിക്കുന്നതിനു മുന്നോടിയായി കുട്ടിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ കൂടി കാണിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്ന് മുഖ്യമന്ത്രി കളക്ടറോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അമ്മയ്ക്കും മകള്‍ക്കും പെന്‍ഷനും അന്നു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവിറങ്ങി മൂന്നുവര്‍ഷം കഴിഞ്ഞു. ഒന്നും നടന്നില്ല. ഉദ്യോഗസ്ഥര്‍ തങ്ങളെ കളിപ്പിക്കുകയാണെന്നാണ് ലൈവിതയുടെ കുടുംബത്തിന്റെ ആക്ഷേപം.
എന്തു രോഗമാണ് ഈ പെണ്‍കുട്ടിയെ ബാധിച്ചിട്ടുള്ളതെന്നു പൂര്‍ണ്ണമായും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. രോഗം നിമിത്തം കണ്ണുകളടച്ചുറങ്ങാന്‍ ആ കുട്ടിക്ക് സാധിക്കില്ല. രോഗം ബാധിച്ചതുകൊണ്ട് കണ്‍പീലികള്‍ ചലിപ്പിക്കാന്‍ ലൈവിതയ്ക്ക് കഴിയില്ലാത്തതുകൊണ്ടാണ് ഉറക്കംപോലും അസാധ്യമാകുന്നത്. ശരീരമാസകലം തൊലി പൊളിഞ്ഞുപോകുന്നു. പൊളിഞ്ഞുവീഴുന്ന തൊലി അടര്‍ത്തിമാറ്റിയില്ലെങ്കില്‍ പിന്നീടത് അവിടെ ഉറച്ചുപോകും. പിന്നീടതു നീക്കിയാല്‍ ചോരയൊലിക്കും. അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോള്‍ ആ കുഞ്ഞുശരീരം ചുട്ടുപൊള്ളും. ശരീരത്തിലെ താപനില വര്‍ദ്ധിക്കാതിരിക്കാന്‍ എയര്‍ കണ്ടീഷണിങ് ചെയ്ത മുറിയില്‍ വേണം കഴിയാന്‍. ഇപ്പോള്‍ പറവൂര്‍ ആശുപത്രിയിലാണ് ചികിത്സ. അതിനാകട്ടെ, ലക്ഷങ്ങള്‍ ആവശ്യമാണെന്നും ലൈവിതയുടെ മാതാപിതാക്കള്‍ പറയുന്നു.
കാക്കനാട് വില്ലേജിലാണ് ലൈവിതയുടെ മാതാപിതാക്കള്‍ക്ക് രാജമാണിക്യം ജില്ലാ കളക്ടറായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭൂമി കണ്ടെത്തിയത്. മൂന്നുസെന്റ് ഭൂമി അനുവദിച്ചതിനുള്ള രേഖകള്‍ ലൈബിന്റെ കൈവശമുണ്ട്. എന്നാല്‍, ലൈബിനടക്കം അനുവദിച്ച ഭൂമിയില്‍ ഇപ്പോള്‍ ഒരു ഫ്‌ലാറ്റ് സമുച്ചയം ഉയര്‍ന്നുവരുന്നു. ഭൂമി ആവശ്യപ്പെട്ട് പലതവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ലൈബിന്‍ ആരോപിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട അരലക്ഷം രൂപയ്ക്ക് തന്നെ നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിക്കേണ്ടിവന്നു.
ലൈവിതയുടെ രോഗം നിയന്ത്രിച്ചു നിര്‍ത്താനേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നാണ് ലൈബിന്‍ പറയുന്നത്. ദേഹത്ത് ഓയിന്‍മെന്റ് പുരട്ടിയാണ് ചികിത്സ. 20,000 രൂപയാണ് പ്രതിമാസ ചികിത്സയ്ക്കുള്ള ചെലവ്. പറവൂരിലുള്ള ഡോ. സമീന ഹബീബാണ് ലൈവിതയെ ചികിത്സിച്ചിരുന്നത്.
വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈവിതയുടെ ചികിത്സാച്ചെലവ് ഗവണ്‍മെന്റ് വഹിക്കുമെന്ന് സുതാര്യ കേരളം പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നത്. ലൈവിതയുടെ കുടുംബത്തിനു മൂന്നുസെന്റു സ്ഥലവും വീടും നല്‍കാനും അന്നു കളക്ടറായിരുന്ന ഷേഖ് പരീതിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. വീടിന്റെ ഒരു മുറി എയര്‍ കണ്ടീഷന്‍ ചെയ്യാനും അന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
ലൈബിനു സ്വന്തമായി ഓട്ടോറിക്ഷ അനുവദിക്കുന്നതിനും അനിതയ്ക്കും കുട്ടിക്കും പെന്‍ഷന്‍ ലഭ്യമാക്കാനും ആ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. മേല്‍പ്പറഞ്ഞ വാഗ്ദാനങ്ങളില്‍ 1100 രൂപ പ്രതിമാസ പെന്‍ഷന്‍ മാത്രമാണ് കുട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്ന് അറിയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം കളക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു. പക്ഷേ, നിര്‍ദ്ദേശിച്ച പ്രകാരം ഭൂമിയോ മറ്റ് ആനുകൂല്യങ്ങളോ കിട്ടാതിരുന്നത് പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായി. തുടര്‍ന്ന് അന്നത്തെ കളക്ടര്‍ രാജമാണിക്യത്തോട് ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്തുകൊടുക്കാന്‍ വീണ്ടും നിര്‍ദ്ദേശിച്ചെങ്കിലും ഫലത്തില്‍ ഒന്നും നടന്നില്ല. ഭൂമി ലഭ്യമാക്കിയതിന്റെ രേഖകള്‍ കൈവശമെത്തിയിട്ടും പട്ടയം ലഭിക്കാന്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ പലതവണ കയറിയിറങ്ങിയതാണ് ലൈബിന്‍. എന്നിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. കളക്ടറേറ്റിലെ എല്‍ വണ്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അന്നു ലൈബിനോട് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ലൈബിന്‍ പറയുന്നു. ലൈബിനു പ്രഖ്യാപിച്ച കാക്കനാട് വില്ലേജ് നമ്പര്‍ ഏഴിലെ 32/21 നമ്പറിലുള്ള സ്ഥലം വേറൊരു കുടുംബത്തിനു നല്‍കിയെന്നാണ് കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞത്. ഒരു സര്‍ക്കാര്‍ പദ്ധതിക്കായി സ്ഥലമേറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട നാലു കുടുംബങ്ങള്‍ക്കാണ് ഈ സ്ഥലമുള്‍പ്പെടെ ഏഴര സെന്റ് ഭൂമി നല്‍കിയതെന്നും അറിയുന്നു.
എന്നാല്‍, ഇവിടെ ഒരു കുടുംബം മാത്രമാണ് വീടുവെച്ചത്. കാക്കനാട് കളക്ടറേറ്റിനടുത്ത് ലൈവിതയുടെ കുടുംബത്തിനുവേണ്ടി പിന്നീട് കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ഫ്‌ലാറ്റ് സമുച്ചയം ഉയരുന്നത്.
മനുഷ്യാവകാശ കമ്മിഷന്റെ
ഇടപെടല്‍
ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാട്ടിയും ലൈവിതയുടെ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടിയും ജൂണ്‍ എട്ടിന് എറണാകുളത്ത് പത്രസമ്മേളനം നടത്തിയിരുന്നു. പ്രശ്‌നം വീണ്ടും മാധ്യമശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പു പാലിച്ച് ഭൂമിയും വീടുമുള്‍പ്പെടെയുള്ള സഹായങ്ങള്‍ ലൈവിതയുടെ കുടുംബത്തിന് അടിയന്തരമായി ലഭ്യമാക്കാന്‍ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചികിത്സാസഹായവും കുട്ടിക്കും അമ്മയ്ക്കുമുള്ള പെന്‍ഷനും നല്‍കാനും മൂന്നാഴ്ചയ്ക്കക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കാനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
''ഒരു നേരത്തെ മരുന്നിനു തന്നെ നൂറുരൂപ വരും. മുന്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു വ്യക്തിപരമായി സഹായിച്ചിരുന്നവരൊക്കെത്തന്നെ ഇപ്പോള്‍ അതിനു തയ്യാറാകാതെയായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അലംഭാവം ഇനിയും തുടരുന്നപക്ഷം ജീവിതം മുന്നോട്ടുപോകാന്‍ കൂടുതല്‍ പ്രയാസമായിരിക്കും'' -ലൈബിന്‍ പറയുന്നു.
ജൂണ്‍ 29-ന് ആലുവയില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നാണ് കമ്മിഷന്‍ അധ്യക്ഷന്‍ പി. മോഹന്‍ദാസ് അറിയിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates