കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കളരിക്കല്‍ സുരേഷിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ടാല്‍ ശരീരത്തിലൊരു വിറയല്‍ പടരും. വീടിന്റെ മുറ്റത്ത് ഇറങ്ങിയപ്പോഴാണ് സുരേഷിനെ കാട്ടുപന്നി ആക്രമിച്ചത്. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ സീതത്തോടിനടുത്ത് ഗുരുനാഥന്‍മണ്ണിലെ കര്‍ഷകര്‍ക്ക് ഇത് ആദ്യ അനുഭവമല്ല. ഇവിടെ മാത്രമല്ല, ഏതു സമയത്തും ഉണ്ടാകാവുന്ന വന്യമൃഗ ആക്രമണ ഭീതിയിലാണ് ഹൈറേഞ്ചിലെ ജനജീവിതം. ഈ ഗ്രാമങ്ങളില്‍ കാട്ടാനയും കാട്ടുപന്നിയും കടുവയും കൃഷി നശിപ്പിക്കുകയും കര്‍ഷകരെ ആക്രമിക്കുകയും ചെയ്യുന്നു. വന്യജീവികളില്‍നിന്നു രക്ഷനല്‍കേണ്ട വനം ഉദ്യോഗസ്ഥര്‍ നാട്ടുകാരെ പ്രത്യേകിച്ച് കര്‍ഷകരെ ശത്രുക്കളായി കാണുന്നു; കേസുകളായും മാനസിക, ശാരീരിക പീഡനങ്ങളായും പിന്തുടരുന്ന ദുരനുഭവങ്ങള്‍ ഏറെ.
ഇതുകൊണ്ടും തീര്‍ന്നില്ല. കാലങ്ങളായി കൃഷിചെയ്തു ജീവിക്കുന്ന ഭൂമിക്ക് ഉപാധിരഹിത പട്ടയം ഉണ്ടായിട്ടും വനംവകുപ്പ് അതില്‍ അവകാശം ഉന്നയിക്കുന്നു, സ്വന്തം മണ്ണിലെ മരങ്ങള്‍ മുറിക്കുന്നതിനു വിലക്ക്, ലാഭകരമല്ലാത്ത കൃഷികള്‍ അവസാനിപ്പിച്ച് പുതിയ വിളകള്‍ കൃഷി ചെയ്യാന്‍ നിയമപരമായ തടസ്സം. ജീവിതം ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നങ്ങളുടെ പമ്പരയാണ് കര്‍ഷകര്‍ക്കു മുന്നില്‍. ചില ഇനങ്ങള്‍ ഒഴികെ സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അത് കഴിഞ്ഞ ദിവസം നീക്കി. വനംവകുപ്പ് ഇനി പുതിയ ഉടക്കുകളിടുമോ എന്ന് ആശങ്കയുണ്ട് കര്‍ഷകര്‍ക്ക്. സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ ഇതു മറികടക്കും എന്ന പ്രതീക്ഷയാണ് അവരുടെ പിടിവള്ളി.
കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും മലമ്പനിയോടും പൊരുതിയാണ് കര്‍ഷകര്‍ മണ്ണില്‍ കാലുറപ്പിച്ചത്. അന്നത് സ്വാഭാവികവുമായിരുന്നു. പിന്നീട് നാട്ടിലേക്ക് കാട്ടില്‍നിന്നു മൃഗങ്ങള്‍ വരുന്നത് കുറഞ്ഞുവന്നു; തീരെ വരാതേയുമായി. അതിനുശേഷം കഴിഞ്ഞ പത്തു വര്‍ഷത്തോളമായാണ് വന്യജീവികളുടെ ആക്രമണം ഇത്ര രൂക്ഷമായതെന്നു മുതിര്‍ന്ന കര്‍ഷകര്‍ പറയുന്നു. ഒരു കൃഷിയും ചെയ്യാന്‍ വയ്യാത്ത സ്ഥിതി. പഴയ തലമുറ കര്‍ഷകരുടെ ഓര്‍മ്മകളില്‍ കാട്ടില്‍നിന്നു കൃഷിയിടങ്ങളില്‍ ഇറങ്ങിയിരുന്നത് കാട്ടുപന്നിയായിരുന്നില്ല, കുറുക്കന്‍ ആയിരുന്നു. ഞണ്ടിനെ തിന്നുകയായിരുന്നു വരവിന്റെ ലക്ഷ്യം. കുറുക്കനെ കാട്ടുപന്നിക്കു പേടിയായതുകൊണ്ട് കുറുക്കനുള്ളിടത്തേക്കു പന്നി വരില്ല. കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗം രൂക്ഷമായതോടെ ഞണ്ടുകള്‍ ഇല്ലാതായി. കുറുക്കന്‍ വരാതായി. അതോടെയാണ് പതിയെപ്പതിയെ പന്നികള്‍ വന്നുതുടങ്ങിയത്.
''വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് എന്തുകൊണ്ട് എന്ന് വനംവകുപ്പ് പഠനം നടത്തി കണ്ടുപിടിക്കണം; എന്നിട്ട് അതിനു പരിഹാരമുണ്ടാക്കണം.'' പത്തനംതിട്ടയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ബിജു വി. ജേക്കബ് പറയുന്നു. ഈ ആവശ്യം പലപ്പോഴായി കര്‍ഷകരില്‍നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, അങ്ങനെയൊരു പഠനത്തിലോ അന്വേഷണത്തിലോ വനം വകുപ്പിനു താല്പര്യമില്ല.
മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. ഒറ്റയടിക്കല്ല അത്തരമൊരു സ്ഥിതിയിലേക്ക് വനവും വന്യജീവികളും എത്തിയത്. ''വാസ്തവത്തില്‍ കാട്ടുമൃഗങ്ങള്‍ കര്‍ഷകരുമായി ഏറ്റുമുട്ടാന്‍ ഇറങ്ങിവരുന്നതല്ല, അവയ്ക്ക് അങ്ങനെ ഏറ്റുമുട്ടാന്‍ താല്പര്യവുമില്ല. അവ അതിജീവനത്തിനുവേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ കിളികള്‍ക്കോ അണ്ണാനോ ഉള്‍പ്പെടെ ഒരു ജീവിക്കുമുള്ള ഒരു ഭക്ഷണവുമില്ല. ഒരു പൂമ്പാറ്റയെപ്പോലും ചെന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. തേക്ക് പ്ലാന്റേഷന്‍ മുഴുവന്‍ പരിസ്ഥിതിക്ക് യോജ്യമല്ല. യൂക്കാലിപ്റ്റസ് കാലക്രമേണ ഭൂമിയെ വരണ്ടതാക്കി മാറ്റുന്നവിധം ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നതുപോലെയാണ് തേക്കും. ഇത് ശരിയായി തിരിച്ചറിയപ്പെടുന്നില്ല. തോട്ടവനങ്ങള്‍ മുഴുവന്‍ മുറിച്ചുനീക്കുകയാണ് സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാന്‍ അനുവദിക്കണം. അങ്ങനെ സംഭവിച്ചാല്‍ കാട്ടുമൃഗങ്ങള്‍ക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിധ്യം പോഷിപ്പിക്കുന്ന നീര്‍മരങ്ങള്‍ തഴച്ചുവളരുമ്പോള്‍ മണ്ണില്‍ ജലവും ഉണ്ടാകും. വെള്ളം തേടിയും ഭക്ഷണം തേടിയും നാട്ടില്‍ മൃഗങ്ങള്‍ക്കു കാടുവിട്ട് ഇറങ്ങേണ്ടിവരില്ല'' -സാമൂഹിക പ്രവര്‍ത്തകനും പൊന്തന്‍പുഴ സമരസമിതി ഭാരവാഹിയുമായ ജെയിംസ് കണ്ണിമല വിശദീകരിക്കുന്നു.
മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ വേട്ട നിരോധനമാണ്. കാട്ടുമൃഗങ്ങളെ കൊല്ലുന്നതിനെതിരെ നടക്കുന്ന അതിശക്തമായ ഇടപെടലുകള്‍ മുന്‍പിന്‍ നോക്കാതേയും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതേയുമാണ് എന്നു പറയുന്നു മലയോര പ്രദേശങ്ങളിലെ കര്‍ഷകര്‍. അതിനു രണ്ടു വശങ്ങളുണ്ട്. എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിര്‍ത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇര-ഇരപിടിയന്‍ ക്രമമുണ്ട്. പന്നിതന്നെ ഉദാഹരണം. ഒറ്റ പ്രസവത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ഭക്ഷണമാക്കേണ്ട ജീവികള്‍ പലതുമുണ്ട്, പെരുമ്പാമ്പുകള്‍ ഉള്‍പ്പെടെ. പ്രകൃതിയില്‍ത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാടു കുറഞ്ഞപ്പോള്‍ ഇത്തരം ജീവികളും ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാരശൃംഖലയിലെ കണ്ണികള്‍ മുറിയുമ്പോള്‍ ചില ജീവികള്‍ മാത്രം ക്രമരഹിതമായി വര്‍ദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വര്‍ദ്ധിച്ചു. വേട്ട അനുവദിച്ചിരുന്ന കാലത്ത് ആളുകള്‍ ഇതിനെ കൊല്ലുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അതിന് അനുവാദമില്ല. അപ്പോള്‍പ്പിന്നെ വനംവകുപ്പുതന്നെ ഇവയുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. വന്ധ്യംകരണം നടത്തുകയോ എണ്ണം നിയന്ത്രിക്കാന്‍ കുറേയെണ്ണത്തിനെ വേട്ടയാടി കൊന്ന് കുഴിച്ചുമൂടുകയോ ചെയ്യുകയാണ് വഴി. ''പെട്ടെന്നു കേള്‍ക്കുമ്പോള്‍ ഇതു ക്രൂരതയായി തോന്നും. പക്ഷേ, വസ്തുതാപരമായി ചിന്തിച്ചാല്‍ മനുഷ്യനു പ്രഥമ പരിഗണന നല്‍കുകയും മനുഷ്യന്റെ സ്വസ്ഥജീവിതത്തെ തകിടംമറിക്കുന്ന ജീവികളുടെ അനിയന്ത്രിത വര്‍ദ്ധനയ്ക്കു പരിഹാരം തേടുകയും ചെയ്യേണ്ടത് ആവശ്യമാണ് എന്നു മനസ്സിലാകും. ഇല്ലാതാക്കാനല്ല, നിയന്ത്രിക്കാനാണ് ഇത്.''
നിലനില്‍പ്പ് മൃഗത്തിനോ മനുഷ്യനോ?
നാട്ടില്‍ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുവാദം കൊടുക്കണം എന്ന ആവശ്യം മുന്‍പേയുണ്ട്. വനങ്ങളുടെ പരിസരത്തു ജീവിക്കുന്നവര്‍ക്ക് അതിനു പരിശീലനവും ആയുധവും വനംവകുപ്പുതന്നെ നല്‍കുക, വന്യമൃഗങ്ങളില്‍നിന്നു മനുഷ്യരേയും മനുഷ്യരുടെ കൃഷിയിടങ്ങളേയും സംരക്ഷിക്കാനും കാടിനെ സംരക്ഷിക്കാനും നാട്ടുകാരില്‍നിന്നു സന്നദ്ധ പ്രവര്‍ത്തരെ തെരഞ്ഞെടുക്കുക എന്നീ ആവശ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. പകരം, വന്യജീവികള്‍ കൊല്ലുന്ന മനുഷ്യരുടെ കുടുംബത്തിനു പേരിനൊരു നഷ്ടപരിഹാരം കൊടുക്കുന്നതില്‍ ഉത്തരവാദിത്വം അവസാനിപ്പിക്കുകയാണ് വനംവകുപ്പ്. ''മനുഷ്യരുടെ നിലനില്‍പ്പുകൂടി പരിഗണിച്ചുകൊണ്ടുവേണം ജീവികളുടെ നിലനില്‍പ്പും വനത്തിന്റെ നിലനില്‍പ്പും ചര്‍ച്ച ചെയ്യാന്‍. കര്‍ഷകര്‍ കാട്ടുമൃഗങ്ങളുടെ ശത്രുവല്ല, പരിസ്ഥിതി വിരുദ്ധരുമല്ല. അങ്ങനെയാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അവസാനിപ്പിക്കണം'' -കര്‍ഷകരിലൊരാളുടെ വാക്കുകള്‍.
ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തില്‍നിന്നു മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോള്‍ ജനവാസമേഖലയില്‍ക്കൂടിയാകാം. അത്തരം സ്ഥലങ്ങളില്‍ ഇവയ്ക്കു കടന്നുപോകാന്‍ ഇടനാഴികള്‍ സൃഷ്ടിക്കണം. ഓരോ വനത്തേയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനുവേണ്ടി റോഡ് വെട്ടുന്നതുപോലെ മൃഗങ്ങള്‍ക്കും സുരക്ഷിത പാത ഒരുക്കണം. വേനല്‍ക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്. തോട്ടവനങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവിക വനം വളരാന്‍ അനുവദിച്ചാല്‍ത്തന്നെ ക്രമേണ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ഇതൊന്നും ചെയ്യാതെ കര്‍ഷകരുടേയും വന്യജീവികളുടേയും ശത്രുക്കളായാണ് ഫലത്തില്‍ വനംവകുപ്പു പ്രവര്‍ത്തിക്കുന്നത് എന്നാണ് കര്‍ഷകരുടെ വിമര്‍ശനം.
''വന്യജീവികള്‍ നാട്ടിലിറങ്ങി ആരെയെങ്കിലും ആക്രമിക്കുമ്പോള്‍ വാര്‍ത്തയാകുന്നു, തല്‍ക്കാലം കുറച്ചു കോലാഹലമൊക്കെ ഉണ്ടാകുന്നു. അവിടെ തീരും. പക്ഷേ, ഞങ്ങള്‍ പിന്നെയും ഇവിടെത്തന്നെ ജീവിക്കുകയാണ്. പ്രശ്‌നങ്ങള്‍ തീരുന്നുമില്ല. പഴയതുപോലെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമൊന്നും മൃഗങ്ങളെ തുരത്താന്‍ കഴിയില്ല. മലയണ്ണാന്‍ ഒറ്റയടിക്ക് 50 തേങ്ങയൊക്കെ തുരന്നിട്ടു പൊയ്ക്കളയും. പിറ്റേന്നു വന്നു ബാക്കിയും തുരക്കും. കുറച്ചു ദിവസം കഴിഞ്ഞ് ഇതെല്ലാം കൊഴിഞ്ഞു താഴെ വീഴും. ' സീതത്തോട് ഗുരുനാഥന്‍കുന്നിലെ മുതിര്‍ന്ന കര്‍ഷകന്‍ രാജന്‍ ഉതുപ്പാന്‍ പറയുന്നു. സ്വാഭാവിക വനം വളരാന്‍ അനുവദിക്കുന്നത് നയമായി സര്‍ക്കാര്‍ മാറ്റിയാല്‍ ക്രമേണ ഈ ആക്രമണങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാകുമെന്നു പറയുന്നു ജനകീയ കര്‍ഷക സംരക്ഷണസമിതി സെക്രട്ടറി വര്‍ഗ്ഗീസ് കോശി.
''മറ്റു രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ ആളുകളെ സംരക്ഷിക്കാന്‍ നിയമപരമായ സംവിധാനങ്ങളുണ്ട്. മാനിന്റെ എണ്ണം പെരുകുന്നതിനനുസരിച്ച് അതിനെ കൊല്ലാന്‍ ഓസ്ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അനുമതിതന്നെ വിചിത്രമാണ്. മനുഷ്യന് അഭിമുഖമായി നില്‍ക്കുന്ന പന്നിയെ മാത്രമേ വെടിവയ്ക്കാന്‍ പാടുള്ളൂ. കാട്ടിലേക്കു തിരിഞ്ഞാണ് നില്‍ക്കുന്നതെങ്കില്‍ പന്നി തിരിച്ചു പോകാനൊരുങ്ങുകയാണ്, വെടിവയ്ക്കാന്‍ പാടില്ല. വെടിവയ്ക്കാന്‍ ഗ്രാമസഭ കൂടണം. മൃഗങ്ങളില്‍നിന്നു മനുഷ്യരെ സംരക്ഷിക്കാന്‍ സാധിക്കാത്തവര്‍ മൃഗങ്ങളെ സംരക്ഷിക്കാന്‍ മനുഷ്യരെ പെടാപ്പാടു പെടുത്തുകയാണ്.'' ഇന്‍ഫാം (ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ്) ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ പറയുന്നു. പ്രശ്‌നത്തെക്കുറിച്ച് കൂടിയാലോചിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വടശ്ശേരിക്കര റേഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകരിലൊരാള്‍ ചോദിച്ച ചോദ്യം എല്ലാവരേയും 'ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും' ചെയ്തു. ''കപ്പ കുത്തിമറിക്കുന്ന കാട്ടുപന്നിയോട് ഞാന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചുകൊണ്ടുവരുന്നതു വരെ നില്‍ക്കണം, പൊയ്ക്കളയരുത് എന്നു പറയാന്‍ പറ്റുവോ'' എന്നായിരുന്നു ചോദ്യം. കര്‍ഷകരെ നിസ്സഹായരാക്കുന്ന നിബന്ധനകളോടുള്ള ഈ പരിഹാസം ഉള്ളിലെ നീറ്റലില്‍നിന്നാണ് വരുന്നത്.
നിയമസംവിധാനങ്ങളുടെ ക്രൂരതകള്‍
2005-ലാണ് സംഭവം. ചിറ്റാര്‍ കുടപ്പനയ്ക്കടുത്ത് കാട്ടിനുള്ളില്‍ ചാരായം വാറ്റ് നടക്കുന്നു. അതിന് വനം ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങി കൂട്ടുനില്‍ക്കുകയാണെന്നത് നാട്ടില്‍ പാട്ടായിരുന്നു. വാറ്റുകേന്ദ്രത്തെക്കുറിച്ചു വിവരം കിട്ടിയ എക്സൈസ്-പൊലീസ് സംഘം ഒടുവില്‍ വാറ്റുകേന്ദ്രം റെയ്ഡ് ചെയ്തു. എന്നാല്‍, പിന്നീട് വനം ഉദ്യോഗസ്ഥര്‍ അന്വേഷിച്ചത് 'ഒറ്റുകാരെ'യാണ്. വിവരം നല്‍കിയ കര്‍ഷകന്‍ അവര്‍ക്ക് ശത്രുവുമായി. സദാനന്ദന് അതിക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. കാട്ടുപന്നിയെ വെടിവച്ചുവെന്ന് കള്ളക്കേസുമുണ്ടാക്കി. സദാനന്ദന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയില്‍ ആ മര്‍ദ്ദനത്തിന്റെ വിവരണമുണ്ടായിരുന്നു. മൂത്രം കുടിപ്പിക്കുകയും തുള്ളിക്കുകയും മലര്‍ത്തിക്കിടത്തി നെഞ്ചില്‍ കയറി ഇരിക്കുകയും വരെ ചെയ്തു. തോക്കിന്റെ പാത്തിക്ക് അടിച്ചു. 11 ദിവസം റിമാന്‍ഡില്‍ സബ്ജയിലിലായിരുന്നു. ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തട്ടിക്കൂട്ടിയതാണെന്ന് കോടതിക്കുതന്നെ ബോധ്യപ്പെട്ടതോടെ കേസ് നിലനിന്നില്ല. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ തങ്ങളുടെ ക്രൂരതയ്ക്കു തിരിച്ചടിയാകും എന്ന് മനസ്സിലായതോടെ പരാതിക്കാരന്റെ കാലുപിടിച്ചും ബന്ധുക്കളും സുഹൃത്തുക്കളും വഴി സമ്മര്‍ദ്ദം ചെലുത്തിയും കേസില്‍നിന്നു പിന്തിരിപ്പിക്കാനായി ശ്രമം. അത് ഏതായാലും വിജയിച്ചു. സദാനന്ദന്‍ കേസുമായി മുന്നോട്ടു പോയില്ല. പക്ഷേ, 15 വര്‍ഷം മുന്‍പത്തെ പീഡനങ്ങള്‍ വിശദാംശങ്ങള്‍ ഒട്ടും ചോരാതെ ഇന്നും സദാനന്ദന്റെ ഉള്ളിലുണ്ട്.
ആരവന്‍കുടി എന്ന സ്ഥലത്ത് വേട്ടക്കാര്‍ മാനിനെ വെടിവച്ചു കൊന്ന സംഭവം കൈക്കൂലി വാങ്ങി ഒത്തുതീര്‍പ്പാക്കിയ നാലു വനം ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായത് അധികം മുന്‍പല്ല. ക്ഷേത്രത്തിലെ കിണറ്റിലാണ് വെടിയേറ്റ മാന്‍ വീണത്. വെടിവച്ചവര്‍ അത് കിണറ്റില്‍നിന്നെടുത്ത് ഇറച്ചിയാക്കി വിറ്റത് നാട്ടുകാര്‍ കണ്ടുപിടിച്ചു. അവര്‍ വനം ഉദ്യോഗസ്ഥരെ അറിയിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നരലക്ഷം രൂപ വാങ്ങി എന്നാണ് പിന്നീടു പുറത്തു വന്നത്. കാട്ടുതീയില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകനെ കലഞ്ഞൂരില്‍ വനം ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ സംഭവം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ അടുത്തുവരെ എത്തിയത് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. പി.സി.സി.എഫിനോട് പറഞ്ഞപ്പോള്‍ നിങ്ങളെന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നത്, ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നാണ് പ്രതികരിച്ചത്.
ബഹുഭൂരിപക്ഷം വനം ഉദ്യോഗസ്ഥരില്‍നിന്നും മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് അനുഭവിക്കേണ്ടിവരുന്നതു ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ്. ''വനം വകുപ്പാണ് വനത്തിനു നാശമുണ്ടാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പൊന്തന്‍പുഴ വനം ഉദാഹരണമാണ്. ഇവിടെ മുന്നു റിസര്‍വ്വ് വനങ്ങളാണുള്ളത്. ആലപ്ര, വലിയകാവ്, കരിക്കാട്ടൂര്‍. കരിക്കാട്ടൂര്‍ നേരത്തേതന്നെ വനംവകുപ്പിനു കീഴിലായി. ബാക്കി പ്രദേശങ്ങള്‍ തര്‍ക്കത്തില്‍ തുടര്‍ന്നു. ഇപ്പോള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തര്‍ക്ക പ്രദേശമായി തുടര്‍ന്ന സ്ഥലം വനംവകുപ്പിനു സാമൂഹിക വനവല്‍ക്കരണത്തിന്റെ പേരില്‍ തോട്ടവനമാക്കാന്‍ കഴിഞ്ഞില്ല. അതു മുഴുവന്‍ വളരെ സമൃദ്ധമായ സ്വാഭാവിക വനമായി വളര്‍ന്നുനില്‍ക്കുന്നു. എന്നാല്‍, കരിക്കാട്ടൂര്‍ മുഴുവന്‍ തേക്കുതോട്ടമായി മാറ്റി.'' ജെയിംസ് കണ്ണിമല പറയുന്നു.
തര്‍ക്കം തീരുന്നില്ല കാടേത്, നാടേത്?
വനഭൂമി ഏത്, വനം അല്ലാത്ത ഭൂമി ഏത് എന്നതില്‍ വ്യക്തത വന്നുകഴിഞ്ഞാല്‍ കര്‍ഷകരും വനംവകുപ്പും തമ്മിലുള്ള പോര് അവസാനിക്കും. കര്‍ഷകരും അതു ശരിവയ്ക്കുന്നു. പക്ഷേ, സ്വന്തം അധികാര പരിധിയില്‍പ്പെട്ട വനഭൂമിയുടെ ശരിയായ കണക്ക് കേരളത്തിലെ ഒരു ഡി.എഫ്.ഒ.യുടെ പക്കലുമില്ല. വിജ്ഞാപനം ചെയ്തതു പ്രകാരമുള്ള വനത്തിന്റെ രൂപരേഖ, ആ വനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതൊക്കെ ചോദിച്ചാല്‍ ലഭ്യമല്ല എന്നാണ് മറുപടി. അവര്‍ സംരക്ഷിക്കേണ്ട ഭൂമിയുടെ കൃത്യമായ അളവ് അവര്‍ക്കറിയില്ല. വനം വകുപ്പുപോലെ ഇത്തരം കാര്യങ്ങളില്‍ തീര്‍ച്ചയും തീരുമാനവുമില്ലാത്ത വകുപ്പു വേറേയില്ല. അതു മറച്ചുവയ്ക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായാണ് കര്‍ഷകര്‍ നട്ടുനനച്ചു പാലിക്കുന്ന കൃഷിഭൂമിയിലേക്ക് വനംവകുപ്പിന്റെ കണ്ണു പതിയുന്നത്. പക്ഷേ, വനംവകുപ്പ് പരിപാലിക്കുന്ന തോട്ടവനങ്ങള്‍ മുറിച്ചുനീക്കി അവിടെ സ്വാഭാവിക വനം വളരാന്‍ സാഹചര്യമുണ്ടാക്കിയാല്‍ പ്രശ്‌നങ്ങള്‍ കുറയും.
വനം വകുപ്പിന്റെ രേഖയില്‍ കേരളത്തിലെ ആകെ വനം 11521.814 ചതുരശ്ര കിലോമീറ്റര്‍ ആണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 29.1%. ഇതില്‍ റിസര്‍വ്വ് വനം 9195.735 ചതുരശ്ര കിലോമീറ്ററും പ്രപ്പോസ്ഡ് റിസര്‍വ്വ് 291.575 ചതുരശ്ര കിലോമീറ്ററും നിക്ഷിപ്ത വനങ്ങളും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളും 1905.476 കിലോമീറ്ററും. പക്ഷേ, യഥാര്‍ത്ഥത്തില്‍ സ്വാഭാവിക നിബിഡ വനം വളരെക്കുറവാണ്. ആകെ വനത്തിന്റെ മൂന്നിലൊന്നോളം തോട്ട വനങ്ങളാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തേക്കു വച്ചുതുടങ്ങിയ തോട്ടം മുതല്‍ ഏലം കൃഷിക്കു വേണ്ടി കൊടുത്തതും അക്കേഷ്യാ വനങ്ങളും മുളങ്കാടും ഉള്‍പ്പെടെ ഇതിലുണ്ട്. തോട്ടവനം വനമല്ല, ജൈവവൈവിധ്യം നിലിര്‍ത്തുന്നുമില്ല. ജൈവവൈവിധ്യ സംരക്ഷണം എന്ന വനംവകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ ഇവിടെ മാറിപ്പോകുന്നു.
വനംവകുപ്പ് ഗസറ്റില്‍ കൊടുക്കുന്ന വിജ്ഞാപനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തടി ലേലവും മറ്റുമായി ബന്ധപ്പെട്ടതാണ് മിക്കതും. വരുമാന മാര്‍ഗ്ഗം എന്ന നിലയിലാണ് വനത്തെ കാണുന്നത് എന്നതിനു തെളിവാണ് ഇത്. ''നാണയക്കിലുക്കത്തിന്റെ അടിസ്ഥാനത്തിലല്ല വനത്തെ കാണേണ്ടത്. അതുകൊണ്ട് വനം വകുപ്പ് അതിന്റെ കാഴ്ചപ്പാടു മുഴുവന്‍ തിരുത്തിയെഴുതണം. വെട്ടിവില്‍ക്കാന്‍ വേണ്ടിയല്ല നമ്മള്‍ മരങ്ങള്‍ വളര്‍ത്തേണ്ടത്. പിഴുതുവീഴുന്ന മരംപോലും മുറിച്ചു മാറ്റരുത്. അത് അവിടുത്തെ മണ്ണില്‍ അലിഞ്ഞുചേരേണ്ടതാണ്'' -ജെയിംസ് കണ്ണിമല പറയുന്നു.
1985-ലെ മൂക്കംപെട്ടി സമരം പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. പെരിയാര്‍ കടുവ സംരക്ഷിത വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മൂക്കംപെട്ടി വനം. ആ സമരത്തോടെയാണ് കേരളത്തിലെ കാടുകളില്‍നിന്നു 'തെരഞ്ഞുവെട്ടല്‍' (selection felling) അവസാനിച്ചത്. കോടതി ഉത്തരവാണ് ആ കാര്യത്തില്‍ ഉണ്ടായത്. വളര്‍ച്ച മുറ്റിയ മരങ്ങള്‍ ലേലത്തില്‍ വിറ്റ് വെട്ടിവിറ്റു വരുമാനമുണ്ടാക്കുന്നതിനാണ് തെരഞ്ഞുവെട്ടല്‍ എന്നു പറയുന്നത്. മരം വെട്ടാന്‍ ലേലത്തില്‍ പിടിച്ചവര്‍ റോഡുവെട്ടി വനത്തിനുള്ളിലേക്കു കയറുന്നതോടെ തന്നെ വന നശീകരണം തുടങ്ങുന്നു. വെട്ടാന്‍ അനുമതി ലഭിച്ച വലിയ മരങ്ങള്‍ വെട്ടിയിടുന്നത് വെട്ടാന്‍ അനുമതിയില്ലാത്ത ചെറിയ മരങ്ങളുടെ മുകളിലേക്ക്. ഫലത്തില്‍ ഒരു പ്രദേശം മുഴുവന്‍ വെട്ടിനിരത്തി മരങ്ങള്‍തന്നെ ഇല്ലാതാക്കുന്നു. സെലക്ഷന്‍ ഫെല്ലിംഗ് ക്ലിയര്‍ ഫെല്ലിംഗ് ആയി മാറുന്നു, അങ്ങനെ വനം നശിക്കുന്നു. അതിനെതിരെ വലിയ സമരവും നിയമപരമായ ഇടപെടലുകളും ഉണ്ടാവുകയും വിജയിക്കുകയും ചെയ്തു. അതേവിധം തോട്ടവനങ്ങള്‍ക്കെതിരെ നിയമപരമായ നീക്കത്തിനാണ് കളമൊരുങ്ങുന്നത്. ഇതു വിജയിച്ചാല്‍ സ്വാഭാവിക വനത്തിന്റെ നിലനില്‍പ്പിനും വര്‍ദ്ധനയ്ക്കും കാരണമാകും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുന്നതോടെ അവ നാട്ടിലിറങ്ങുന്നതിനും അവസാനമാകും എന്ന് കര്‍ഷകരും സമ്മതിക്കുന്നു.
ഭൂമിയുണ്ട് അവകാശമില്ല
മലയോര കര്‍ഷകരുടെ ഭൂപ്രശ്‌നം വ്യത്യസ്തമാണ്. അവര്‍ക്കു ഭൂമിയുണ്ട്. പക്ഷേ, അവകാശങ്ങള്‍ പരിമിതം. 1977 ജനുവരി ഒന്നിനു മുന്‍പ് കര്‍ഷകര്‍ കൈവശം വച്ചിരിക്കുന്ന മുഴുവന്‍ ഭൂമിക്കും പട്ടയം നല്‍കണം എന്ന നയം നിലനില്‍ക്കുമ്പോള്‍ത്തന്നെ സ്വന്തം ഭൂമിയുടെമേല്‍ അധികാരം ലഭിക്കാത്ത കര്‍ഷകരുണ്ട്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പട്ടയ വിതരണം നടത്തി. പക്ഷേ, ലഭിച്ച പട്ടയത്തേയും ഭൂമിയിലെ അവകാശങ്ങളേയും സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ബാക്കി.
റാന്നി മേഖലയില്‍ മാത്രമുള്ളതാണ് ആരബിള്‍ ഭൂമിയുടെ പ്രശ്‌നം. 1964-ലെ ആരബിള്‍ ലാന്റ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന ഭൂമിയാണ് ഇത്. ആ നിയമമനുസരിച്ച് ഈ ഭൂമി വനം വകുപ്പ് റവന്യൂ വകുപ്പിനു കൈമാറിയതാണ്. റവന്യൂ വകുപ്പ് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കു നല്‍കുകയും ചെയ്തു. അതില്‍ വനം വകുപ്പിനു യാതൊരു അധികാരവുമില്ല. എന്നാല്‍, കര്‍ഷകര്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ഈ ഭൂമി വനംവകുപ്പിന്റേതാണ് എന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പി.സി.സി.എഫ്) സര്‍ക്കുലര്‍ ഇറക്കി. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കു നോട്ടീസ് അയക്കുകയും ചെയ്തു. ഭൂമിയില്‍നിന്ന് ഇറങ്ങണം എന്നായിരുന്നു നിര്‍ദ്ദേശം. അതിനെതിരെ സമരത്തിലാണ് കര്‍ഷകര്‍. റാന്നി ഡി.എഫ്.ഒ കാട്ടിനുള്ളില്‍ പാറമടയ്ക്ക് അനുമതി കൊടുത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. പാറമടയ്ക്കെതിരെ നാട്ടുകാര്‍ സര്‍ക്കാരിനു പരാതി കൊടുത്തു. പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്ന തരത്തില്‍ കാട്ടിനുള്ളില്‍ പാറമട അനുവദിച്ചതില്‍ അഴിമതിയുണ്ട് എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായാണ്, കര്‍ഷകരുടെ പക്കലുള്ള ഭൂമിയില്‍ ഒരു വലിയ പങ്ക് വനമാണ് എന്ന പുതിയ കണ്ടെത്തലുമായി വനം ഉദ്യോഗസ്ഥര്‍ എത്തിയത്. ഒരു നൂറ്റാണ്ടിനിപ്പുറം കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി വരെയുണ്ട് അതില്‍. വിവാദമായപ്പോള്‍ 'ഞങ്ങള്‍ നിങ്ങളുടെ ഭൂമി പിടിച്ചെടുക്കില്ല' എന്ന് വനംവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതുപോരാ, ആ ഭൂമിയില്‍ കര്‍ഷകര്‍ക്ക് അധികാരം നല്‍കണം എന്ന ആവശ്യമാണ് ഉയരുന്നത്. പട്ടയം വേണം; പട്ടയം നല്‍കിയാല്‍ തര്‍ക്കം തീരുമെന്നു മാത്രമല്ല, വനത്തിന്റെ അതിര്‍ത്തി കൃത്യമായി നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യും. വനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കാത്തത് ചെറിയ പ്രശ്‌നങ്ങളല്ല ഉണ്ടാക്കുന്നത്.
പൊന്തന്‍പുഴയിലും അതുതന്നെയാണ് പ്രശ്‌നം. 1958-ലെ വനം വിജ്ഞാപനത്തില്‍ പെടാത്ത 1200 കുടുംബങ്ങളുടെ ഭൂമി വനംവകുപ്പ് അവിടെ പിടിച്ചുവച്ചിരിക്കുന്നു. 1771 ഏക്കറുള്ള വലിയകാവു വനവുമായി ബന്ധപ്പെട്ട് വിചിത്രമായ ഒരു കാര്യമുണ്ട്. 111 ഹെക്ടര്‍ കര്‍ഷകരുടെ ഭൂമിയും 544 ഹെക്ടര്‍ നിബിഡ വനഭൂമിയുമാണ് ഇത്. വില്ലേജ് ഓഫീസിലുള്ള രേഖകളില്‍ കര്‍ഷകരുടെ ഭൂമിയില്‍ പകുതിയോളം റിസര്‍വ്വ് വനം (ആര്‍.എഫ്) ആണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ആര്‍.എഫ് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അടിസ്ഥാന നികുതി രേഖ(ബി.ടി.ആര്‍-ബേസിക് ടാക്‌സ് രജിസ്റ്റര്‍)യില്‍ ബോധപൂര്‍വ്വം വനഭൂമി റവന്യൂ ഭൂമിയാക്കി എഴുതുകയും കര്‍ഷകരുടെ ഭൂമിയെ വനമാക്കി എഴുതുകയും ചെയ്തിരിക്കുന്നു. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല എന്ന് കര്‍ഷകര്‍ പറയുന്നു. വനം മാഫിയയുടെ പ്രവര്‍ത്തനം കൃത്യമായി നടന്നുകൊണ്ടിരിക്കുന്നു എന്നാണ് അവരുടെ വിമര്‍ശനം. വലിയ അഴിമതിയാണ് ഇതിലുള്ളത് എന്നും ആരോപിക്കുന്നു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച ഈ അവ്യക്തത നീക്കി 1977 ജനുവരി ഒന്നിനു മുന്‍പ് കൈവശം വെച്ചിരുന്ന മുഴുവന്‍ ഭൂമിക്കും പട്ടയം കൊടുക്കണം എന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
വിളമാറ്റവും മരംമുറിയും
മുന്‍പ് റബ്ബറിനും കുരുമുളകിനും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമൊക്കെ അനുയോജ്യ കാലാവസ്ഥയായിരുന്നു കേരളത്തില്‍. അന്ന് അത് കൃഷി ചെയ്തു. പക്ഷേ, കാലാവസ്ഥയില്‍ മാറ്റം വന്നു. ''അന്ന് ഒരേക്കര്‍ സ്ഥലത്തുനിന്ന് 30 കിലോ റബ്ബര്‍ ഷീറ്റ് കിട്ടിയിരുന്ന സ്ഥാനത്തു കിട്ടുന്നത് 12 കിലോയാണ്. വിളമാറ്റത്തിലേക്കു പോകാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകുന്നു. പക്ഷേ, വിളമാറ്റത്തിനു നിയമം അനുവദിക്കുന്നില്ല. നിയമഭേദഗതി ഉണ്ടാകണം'' -അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറയുന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി നടപ്പാക്കിയ ഭൂമിയുടെ പുനര്‍വിഭജന പരിധിയില്‍ ഇളവ് ലഭിച്ചത് ആറു വിളകള്‍ക്കു മാത്രമാണ്. റബ്ബര്‍, കാപ്പി, തേയില, ഏലം, കുറുവ, കൊക്കോ. 2012-ല്‍ കശുമാവ് കൂടി ചേര്‍ത്തു. കൂടിയ വിസ്തൃതിയില്‍ മാത്രമേ ഇവ കൃഷി ചെയ്യാന്‍ സാധിക്കൂ എന്നതായിരുന്നു ഇളവുകളുടെ കാരണം. എന്നാല്‍, തോട്ടവിളകളുടെ സാഹചര്യം പിന്നീടു മാറി. റബ്ബറിന് 2012-ല്‍ കിലോയ്ക്ക് 240 രൂപ ആയിരുന്നത് 2020-ല്‍ 120 രൂപ ആയി കുറഞ്ഞു. നാണ്യവിളകളുടെ വിലനിലവാരം കൂപ്പുകുത്തിയതിന്റെ എതിര്‍ ചിത്രമാണ് പഴങ്ങളുടെ കാര്യത്തിലുള്ളത്. ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മണ്ണും കാലാവസ്ഥയും സാഹചര്യങ്ങളും ഫലവര്‍ഗ്ഗ കൃഷിക്ക് അനുയോജ്യവുമാണ്. അവക്കാഡോ, റംബൂട്ടാന്‍, ദുരിയാന്‍, മാംഗോസ്റ്റിന്‍, ലിച്ചി, പാഷന്‍-ഫ്രൂട്ട്, ലോങ്ങന്‍, അബിയു, ലോങ് കോങ്, അച്ചാച്ചൈരു, പ്ലാവ് എന്നിവയുടെ കൃഷിയിലേക്കു മാറണം എന്നാണ് ആവശ്യം. ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാതെ തന്നെ നിലവിലുള്ള തോട്ടവിളകള്‍ക്കൊപ്പം ഫലവര്‍ഗ്ഗ വിളകളെക്കൂടി ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം. രാജ്യത്തെ മൊത്തം ഏലം ഉല്പാദനത്തിന്റെ 89 ശതമാനം കേരളത്തിലാണ്. റബ്ബര്‍ 77 ശതമാനം, കാപ്പി 22 ശതമാനം. 3.3 ലക്ഷം തൊഴിലാളികളാണ് തോട്ടങ്ങളില്‍ ഉള്ളത്. ഇതില്‍ പകുതിയോളം സ്ത്രീകള്‍. 2012-2013-ല്‍ തോട്ടം മേഖലയുടെ മൊത്തം വാര്‍ഷിക വരുമാനം 21,000 കോടി രൂപ ആയിരുന്നത് 2018-2019-ല്‍ 9,945 കോടി ആയി. 53 ശതമാനം ഇടിവ്. 13 വന്‍കിട തോട്ടങ്ങളും നിരവധി ചെറുകിട തോട്ടങ്ങളും പൂട്ടിപ്പോയി. 3000-ല്‍ അധികം തൊഴിലാളികള്‍ തൊഴില്‍രഹിതരായി.
വിളമാറ്റക്കൃഷി വന്നുകഴിഞ്ഞാല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുക എന്ന് ഇന്‍ഫാം പറയുന്നു. അത് മനസ്സിലാക്കാതെ രാഷ്ട്രീയ നേതൃത്വം തൊഴിലാളി സംഘടനകളെ സംരക്ഷിക്കാന്‍ മാത്രം പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് അവരുടെ വിമര്‍ശനം. നഷ്ടം വരുത്തുന്ന കൃഷികള്‍ തന്നെ വീണ്ടും ചെയ്തുകൊണ്ടിരിക്കണം എന്നു പറയുന്നതില്‍ എന്താണ് കാര്യം എന്നും ചോദിക്കുന്നു. വിളമാറ്റത്തിനുവേണ്ടിയുള്ള വാദത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്: ''തോട്ടം തോട്ടമായി നില്‍ക്കട്ടെ. പക്ഷേ, ഫലവര്‍ഗ്ഗങ്ങളെക്കൂടി അതിന്റെ പരിധിയില്‍ കൊണ്ടുവരണം. കുറഞ്ഞത് 20 ഹെക്റ്റര്‍ സ്ഥലം വിളമാറ്റക്കൃഷിക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം. അതു നടപ്പായാല്‍ മാറ്റമുണ്ടാകും.
വന്‍കിടക്കാര്‍ കൂടി ചെയ്താല്‍ മാത്രമേ ചെറുകിടക്കാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ പറ്റുകയുള്ളു. പഴവര്‍ഗ്ഗ കൃഷിയിലേക്കു മാറുന്ന ഇടത്തരം കര്‍ഷകന് ഒറ്റയ്ക്ക് വിപണി കണ്ടെത്താന്‍ കഴിയില്ല. അതിനൊരു സംസ്‌കരണ കേന്ദ്രമുണ്ടാകണം. വന്‍തോതില്‍ കൃഷി ചെയ്യുന്നവര്‍ വിപണി കണ്ടെത്തും. ആ വിപണിയിലേക്ക് ചെറുകിടക്കാര്‍ക്കും പോകാന്‍ കഴിയും. എങ്കില്‍ മാറ്റമുണ്ടാകും. കുറച്ചു സ്ഥലത്തു വിളമാറ്റം വന്നാല്‍ മാത്രമേ ചെറുകിടക്കാര്‍ക്കും മാറ്റത്തിന്റെ ഗുണഫലം മനസ്സിലാവുകയുള്ളൂ.''
ആവശ്യങ്ങളോട് അനുകൂലമായാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. നിശ്ചിത ശതമാനം ഭൂമിയില്‍ വിളമാറ്റത്തിന് അനുമതി നല്‍കാം എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തി. പക്ഷേ, അത് ചെറുകിട കര്‍ഷകര്‍ക്ക് ഉപകരിക്കില്ല എന്നാണ് കര്‍ഷകരുടെ നിലപാട്. ഉദാഹരണത്തിന്, രണ്ടേക്കര്‍ കൃഷിയുള്ള കര്‍ഷകന് പത്തു ശതമാനം സ്ഥലത്ത് വിളമാറ്റത്തിന് അനുമതി ലഭിച്ചാല്‍ 20 സെന്റില്‍ മാത്രമാണ് സാധിക്കുക. അതുകൊണ്ടു കാര്യമില്ല. അതുകൊണ്ടാണ് ശതമാനക്കണക്കിനു പകരം കുറഞ്ഞത് 20 ഹെക്റ്റര്‍ എന്ന ആവശ്യം വയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates