കൂലിത്തൊഴിലാളിയായ പുഷ്പയിൽ നിന്നും പണവും പ്രതാപവുമുള്ള ഗ്യാങ്സ്റ്റർ ആയി മാറുന്ന പുഷ്പരാജിനെ ഒതുക്കാൻ ഭൻവാർ സിങ് ഷെഖാവത്തിനാകുമോ? പുഷ്പ ദ് റൈസ് പ്രേക്ഷകർക്ക് മുന്നിലേക്ക് വച്ച വലിയൊരു ചോദ്യം ഇതായിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായിട്ടായിരിക്കാം പലരും പുഷ്പ 2 ദ് റൂളിന് ടിക്കറ്റെടുത്തിട്ടുണ്ടാവുക. 'പുഷ്പ നാഷണൽ അല്ല ഇന്റർനാഷ്ണൽ' ആണെന്ന് ട്രെയ്‌ലറിൽ തന്നെ പുറത്തുവിട്ട കാര്യമാണ്.
ഈ പറഞ്ഞ ഡയലോഗിനെ അക്ഷരാർഥത്തിൽ ഉറപ്പിക്കുന്ന രീതിയിലാണ് പുഷ്പ 2 തുടങ്ങുന്നത്. അല്ലു അർജുന്റെ ഇൻട്രോ ഉൾപ്പെടെ തുടങ്ങുന്നത് അങ്ങ് ജപ്പാനിലാണ്. ജപ്പാൻകാരുമായുള്ള ഒരു കിടിലൻ ഫൈറ്റ് നടന്നു കൊണ്ടിരിക്കുമ്പോഴാണ്, പുഷ്പ സ്വപ്നത്തിൽ നിന്നുണരുന്നത്. പിന്നെ കഥ നേരെ വന്നിറങ്ങുന്നത് ചിറ്റൂരിലേക്കാണ്. കൂലിത്തൊഴിലാളിയിൽ നിന്ന് വളർന്ന് ഒരു വൻമരമായി മാറിയ പുഷ്പരാജിനെയാണ് പിന്നീട് പ്രേക്ഷകർക്ക് കാണാനാവുക.
ആദ്യ ഭാഗത്തിൽ പുഷ്പയുടെ വളർച്ചയാണ് പ്രമേയമാക്കിയതെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ പുഷ്പയുടെ കുടുംബത്തിനും കുടുംബ ബന്ധങ്ങൾക്കുമൊക്കെയാണ് സംവിധായകൻ സുകുമാർ ഇടം കൊടുത്തിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ അങ്ങനെയൊരു പുഷ്പയെ ആണ് രണ്ടാം ഭാഗത്തിൽ കാണാനാവുക. സുകുമാർ, ശ്രീകാന്ത് വിസ, എ ആർ പ്രഭവ് എന്നിവർ ചേർന്നാണ് പുഷ്പ 2 വിന് കഥയൊരുക്കിയിരക്കുന്നത്.
വലിച്ചു നീട്ടി എഴുതിയിരിക്കുന്ന തിരക്കഥ അതുപോലെ തന്നെ സിനിമയിലും എടുത്ത് വച്ചിരിക്കുകയാണ്. ചെറിയ ഷോട്ടുകളിൽ പറയാവുന്ന കാര്യങ്ങളെല്ലാം വലിച്ചു നീട്ടി ഏകദേശം മൂന്നര മണിക്കൂറിനടുത്ത് സംവിധായകൻ കൊണ്ടെത്തിച്ചിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ പലയിടങ്ങളിലും മുഷിച്ചിലും സിനിമ കാണുമ്പോൾ തോന്നുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പുഷ്പയുടെ ഡയലോഗു കൊണ്ടോ, അല്ലെങ്കിൽ ആക്ഷൻ രംഗങ്ങൾ കൊണ്ടോ സംവിധായകൻ ഇത് മേക്കപ്പ് ചെയ്തിട്ടുമുണ്ട്.
സിനിമ തുടങ്ങുമ്പോൾ തന്നെ പുഷ്പ എന്ന ക്യാരക്ടറിന് വൻ ബിൽഡപ്പാണ് കൊടുത്തിരിക്കുന്നത്. സിനിമയുടെ ടൈറ്റിലിനോട് നീതി പുലർത്താനെന്നവണ്ണം, പലയിടങ്ങളിലും ഇത് പുഷ്പയുടെ റൂൾ എന്ന് കഥാപാത്രത്തെക്കൊണ്ട് സംവിധായകൻ പലതവണ പറയിപ്പിക്കുന്നുമുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം പുഷ്പയുടെ മേക്കിങ് ആണ്. പാട്ടിന് പാട്ട്, അടിക്ക് അടി, സങ്കടത്തിന് സങ്കടം, സ്നേഹത്തിന് സ്നേഹം തുടങ്ങി എല്ലാ മുഹൂര്‍ത്തങ്ങളും യഥാസ്ഥാനത്ത് തന്നെ അടുക്കിവെച്ചിട്ടുണ്ട് സിനിമയിൽ.
പുഷ്പ ആദ്യ ഭാഗത്തിൽ ഒരു മുഴുനീള ഗ്രേ ഷേഡിലാണ് അല്ലു അർജുനെ കാണാനായതെങ്കിൽ രണ്ടാം ഭാഗത്തിലേക്കെത്തുമ്പോൾ അങ്ങനെയല്ല. റഫ് ആൻഡ് ടഫിൽ നിന്ന് കുറച്ച് ഉത്തരവാദിത്വമുള്ള പുഷ്പയിലേക്ക് കഥാപാത്രം ഉയർന്നിട്ടുണ്ട്. പെർഫോമൻസിൽ അല്ലു അർജുൻ പുഷ്പയെ ഗംഭീരമാക്കിയിട്ടുമുണ്ട്.
അതിപ്പോൾ ശരീരഭാഷയിലായാലും ഡയലോഗ് ഡെലിവറിയിലും ഡാൻസ്, ഫൈറ്റ് തുടങ്ങിയ രംഗങ്ങളിലൊക്കെ അല്ലു അർജുൻ തന്റെ മാക്സിമം പുറത്തെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ പുഷ്പ 2 വിനായി അല്ലു അർജുനെ താൻ നന്നായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം അക്ഷരാർഥത്തിൽ ശരിയാണ് തന്നെ സമ്മതിക്കേണ്ടി വരും അല്ലുവിന്റെ കാര്യത്തിൽ.
അടുത്തതായി നമ്മൾ ആവേശത്തോടെ കാത്തിരുന്ന ഒരു കഥാപാത്രമായിരുന്നു ഫഹദിന്റെ ഭൻവാർ സിങ് ഷെഖാവത്ത്. കുറ്റവാളികളോട് ഒരു തരിപോലും സഹതാപം കാണിക്കാത്ത ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ആദ്യ ഭാഗത്തിൽ ഷെഖാവത്ത്. രണ്ടാം ഭാഗത്തിൽ ഫഹദിന്റെ ഇൻട്രോ വളരെ രസമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
അവിടെ നിന്ന് ആ കഥാപാത്രത്തിൽ പ്രേക്ഷകൻ ഒരു പ്രതീക്ഷ വച്ചു തുടങ്ങും. പക്ഷേ ആദ്യ ഭാഗത്തേതിൽ നിന്ന് ഫഹദിന്റെ ക്യാരക്ടറൈസേഷനിൽ ചെറിയൊരു വ്യത്യാസം വരുത്തിയിരിക്കുന്നതു പോലെ തോന്നി. പുഷ്പ എന്ന കഥാപാത്രം ഫയർ ആയി മാറുന്നത് ഷെഖാവത്ത് വരുമ്പോഴാണ്.
ഇവിടെ പലയിടങ്ങളിലും ഷെഖാവത്ത് സൈക്കോ ആയി മാറുന്നു, ചിലപ്പോഴൊക്കെ ആ കഥാപാത്രത്തെ സംവിധായകൻ കോമാളി ആക്കിയതു പോലെയും ഫീൽ ചെയ്തു. ഭൻവാർ സിങ് ഷെഖാവത്തിനെ ലുക്കു കൊണ്ടും പെർഫോമൻസു കൊണ്ടും ഫഫദ് അതിഗംഭീരമാക്കിയിട്ടുണ്ട്. പുഷ്പയോടുള്ള പകയൊക്കെ ഫഹദിന്റെ കണ്ണിലൂടെ പ്രേക്ഷകരിലേക്കും അനുഭവപ്പെടുന്നുണ്ട്.
ശ്രീവല്ലിയെന്ന പുഷ്പയുടെ ഭാര്യയുടെ കഥാപാത്രമായാണ് ചിത്രത്തിൽ രശ്മിക മന്ദാന എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തെപ്പോലെ അതിഗംഭീരമായ അഭിനയമോ, അഭിനയ പ്രാധാന്യമുള്ള സീനുകളോ ഒന്നും രശ്മികയ്ക്ക് രണ്ടാം ഭാഗത്തിലുമില്ല. പിന്നെയും കുറച്ച് ഡയലോഗെങ്കിലും രശ്മികയ്ക്കുള്ളത് രണ്ടാം പകുതിയിലാണ്. മാത്രമല്ല, രശ്മികയുടെ തന്നെ ബോളിവുഡ് ചിത്രമായ അനിമലിലെ കഥാപാത്രം ഇടയ്ക്കൊക്കെ മനസിലേക്ക് ഓടി വരുകയും ചെയ്യും. മറ്റ് താരങ്ങളായ അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേഷ് തുടങ്ങിയവരും അവരവരുടെ ഭാഗം മികച്ചതാക്കി.
ഒന്നാം ഭാഗത്തിലേതു പോലെ തന്നെ ഒരു ഐറ്റം ഡാൻസ് രണ്ടാം ഭാഗത്തിലുമുണ്ട്. കിസിക് എന്ന ഗാനത്തിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ ഒരു എൻട്രി കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ശ്രീലീലയാണ് കിസിക്കിൽ സ്കോർ ചെയ്തത്. ചിത്രത്തിലെ ഡാൻസ് കൊറിയോഗ്രഫിയെല്ലാം മികച്ചതായി ചെയ്തിട്ടുണ്ട്. ആദ്യ ഭാഗത്തിലെ സാമി... എന്ന പാട്ടു പോലെ രശ്മികയ്ക്കും അല്ലു അർജുനൊപ്പം പീലിങ്സ് എന്നൊരു പാട്ട് കൂടി ഒരുക്കിയിട്ടുണ്ട്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും കഥയ്ക്കും കഥാപാത്രത്തിനുമൊപ്പം ചേർന്നു നിന്നു.
എടുത്തു പറയേണ്ട മറ്റൊരു ഭാഗം ഛായാഗ്രഹണമാണ്. മിറസ്ലൊ കുബ ബ്രോസ്ക് ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. കൈയ്യടക്കത്തോടെയുള്ള ആക്ഷൻ കൊറിയോഗ്രഫിയാണ് മറ്റൊന്ന്. അർധനാരീ ലുക്കിലുള്ള അല്ലു അർജുന്റെ ഫൈറ്റ് നന്നായി വർക്കായിട്ടുണ്ട്. സ്ലോ മോഷൻ മോഡൊക്കെ കൂട്ടിയോജിപ്പിച്ച് ആക്ഷൻ നന്നായി ചെയ്തിട്ടുണ്ടെങ്കിലും ക്ലൈമാക്സിലേക്ക് വരുമ്പോൾ അത്യാവശ്യം ഓവറാകുന്നുണ്ട്. വിഎഫ്എക്സ് രംഗങ്ങൾ അടുത്തിടെ ഇറങ്ങിയ മറ്റു തെലുങ്ക് ചിത്രങ്ങൾ വച്ചു നോക്കുമ്പോൾ വൃത്തിയായി ഈ സിനിമയിൽ ചെയ്തിട്ടുണ്ടെന്ന് വേണം പറയാൻ.
സിനിമ രണ്ടാം പകുതി മുതൽ പ്രേക്ഷകന് ഒരു മെഗാ സീരിയിൽ കണ്ട അനുഭവമാണ് സമ്മാനിക്കുന്നത്. അനാവശ്യമായുള്ള കുറേ സ്നേഹ ബന്ധങ്ങളൊക്കെ കാണിച്ച് നല്ല രീതിയിൽ തന്നെ മുഷിപ്പിച്ചിട്ടുണ്ട് സംവിധായകൻ.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. പുഷ്പ 2 വിന്റെ തുടക്കം പുഷ്പ 3യിലേക്കുള്ള ഒരു സൂചന കൂടിയാണ്. എന്തായാലും 'പുഷ്പ 3: ദ് റാംപേജ്' ഇന്റർനാഷ്ണൽ തന്നെ ആകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ലു അർജുന്റെ പെർഫോമൻസും സ്വാഗും ഒക്കെ കാണാൻ ഇഷ്ടമുള്ളവർക്ക് തീർച്ചയായും പുഷ്പ 2വിന് ടിക്കറ്റെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates