'സിറൈ', 'യൂത്ത്', 'മോദ രാത്രി' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ തമിഴകത്തിന്റെ മനം കവർന്നിരിക്കുകയാണ് മലയാളി കൂടിയായ നടി അനിഷ്മ അനിൽകുമാർ. സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ ആദ്യം സപ്പോർട്ട് ചെയ്തിരുന്നില്ലെന്നും പിന്നീട് അച്ഛനും അമ്മയും തന്റെ ഇഷ്ടത്തിന് മുൻഗണന നൽകുകയായിരുന്നുവെന്നും അനിഷ്മ പറഞ്ഞു.
ജെഎഫ്ഡബ്ല്യു ബിൻജ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിഷ്മ. "അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ ആദ്യം സപ്പോർട്ട് ഒന്നുമുണ്ടായിരുന്നില്ല. എന്റെ ബന്ധുക്കളൊക്കെ അച്ഛനോടും അമ്മയോടും വന്ന് പറയുമായിരുന്നു, അവളെ അഭിനയിക്കാൻ വിടരുത്.
കല്യാണം കഴിപ്പിച്ച് വിട് അല്ലെങ്കിൽ ഒരു ഗവൺമെന്റ് ജോലിക്ക് വിടണം എന്നൊക്കെ. പക്ഷേ എല്ലാത്തിന്റെയും ഒടുവിൽ അച്ഛനും അമ്മയും എന്റെ സന്തോഷം എന്താണോ അതാണ് തിരഞ്ഞെടുത്തത്. അതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇവിടെ ഇരിക്കുന്നത്".- അനിഷ്മ പറഞ്ഞു.
സിനിമയിൽ വന്നപ്പോൾ തന്റെ ലുക്ക് മാറ്റണമെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നുവെന്നും അനിഷ്മ ഓർത്തെടുത്തു. "ലുക്കിൽ ചില മാറ്റങ്ങളൊക്കെ വരുത്തണമെന്ന് ചില സെറ്റുകളിലൊക്കെ ചെല്ലുമ്പോൾ എന്നോട് പറയാറുണ്ട്. പല്ല് മാറ്റണം. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ പറയാറുണ്ട്.
നടിയാണെന്ന് പറഞ്ഞ് നമ്മൾ നമ്മളെ തന്നെ മാറ്റേണ്ട ആവശ്യമുണ്ടോ എന്നൊക്കെ എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. ഞാൻ ഇൻഫ്ലുവെൻസ് ആകുന്ന ഒരാളാണ്. ഞാൻ ഭയങ്കര ഇൻസെക്യുർ ആയ വ്യക്തിയാണ്. എനിക്കങ്ങനെ ആത്മവിശ്വാസമൊന്നുമില്ല, ഞാൻ അങ്ങനെ അഭിനയിക്കുന്നതാണ്. എപ്പോഴും എനിക്കാ ഇൻസെക്യൂരിറ്റിയുണ്ട്.
കോളജിൽ പഠിക്കുന്ന സമയത്തൊന്നും എനിക്കത് അറിയില്ലായിരുന്നു. പിന്നെ സിനിമയിൽ കയറിക്കഴിഞ്ഞപ്പോഴാണ് അത് മനസിലായത്. സിനിമയിൽ വന്ന് കഴിഞ്ഞപ്പോൾ ഒരുപാട് ആളുകളുടെ കമന്റുകൾ ഞാൻ നേരിട്ട് കേൾക്കാൻ തുടങ്ങി. അതുപോലെ സോഷ്യൽ മീഡിയയിലെ കമന്റിലൂടെ ഒക്കെ നമ്മളറിയും.
പൊക്കം കുറവാണ്, ലുക്ക് വച്ച് ചില കഥാപാത്രങ്ങൾ വന്നാൽ എനിക്ക് ചെയ്യാൻ പറ്റില്ല എന്നൊക്കെ കൂടെയുള്ളവർ തന്നെ പറയുമ്പോൾ തീർച്ചയായും വിഷമം വരും. അപ്പോൾ എന്നെ കൊണ്ട് അഭിനയിക്കാൻ പറ്റില്ലേ എന്നൊക്കെ ചിന്തിക്കും. നമ്മുടെ അഭിനയത്തെക്കുറിച്ച് ആരെങ്കിലും വിമർശനം ഉന്നയിക്കുകയാണെങ്കിൽ കുഴപ്പമില്ല. നമ്മുടെ ലുക്കിനെ കുറിച്ച് പറയുമ്പോഴാണ് പ്രശ്നം.
ഞാനിങ്ങനെയാണ് ജനിച്ചത്, അതിൽ എനിക്കെന്ത് ചെയ്യാൻ പറ്റും. അങ്ങനെയുള്ള സംശയമൊക്കെ എനിക്കെപ്പോഴും ഉണ്ടായിരുന്നു. നായികയായതു കൊണ്ട് പുറത്ത് പോകുമ്പോൾ മേക്കപ്പിട്ട് പോകണം, അല്ലെങ്കിൽ പല്ല് ശരിയാക്കണം, മുടി ഇങ്ങനെ കെട്ടണം, ഈ വസ്ത്രം ധരിക്കണം എന്നൊക്കെ പറഞ്ഞാൽ എനിക്കത് ചെയ്യാൻ ബുദ്ധിമുട്ടാണ്. കാരണം ഞാനൊരിക്കലും അങ്ങനെയല്ല.
ലൂസ് ഷർട്ടും ജീൻസുമിട്ട് പുറത്തുപോകാനാണ് എനിക്കിഷ്ടം. അങ്ങനെയാണ് ഞാൻ. അത് മാറ്റാൻ ഞാനൊന്ന് ശ്രമിച്ച് നോക്കിയിരുന്നു ഒരു പോയിന്റിൽ. ഒരാഴ്ച ഞാൻ അങ്ങനെയൊക്കെ നടന്നു. അതുകഴിഞ്ഞപ്പോൾ ഞാൻ ഇങ്ങനെയല്ലല്ലോ എന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി.
പിന്നെ ഞാനിങ്ങനെയാണ്, നമ്മുടെ ജോലി നന്നായി ചെയ്താൽ മതി. വേറൊരാളായി മാറിയിട്ട് നമുക്കൊന്നും നേടണ്ട. അങ്ങനെയായാൽ സന്തോഷമുണ്ടാകില്ല എന്ന് എനിക്ക് തോന്നി".- അനിഷ്മ അനിൽകുമാർ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates