ഇന്ത്യക്കാർക്ക് സംഗീതമെന്നാല്‍ എആര്‍ റഹ്മാനാണ്. അതിപ്പോൾ പ്രണയമായാലും വിരഹമായാലും സന്തോഷമായാലും ആഘോഷമായാലും ഭക്തിയായാലും മോട്ടിവേഷനായാലും എല്ലാം എആര്‍ റഹ്മാനെന്ന സംഗീത ചക്രവർത്തിയിലുണ്ട്. 1992 ല്‍ റോജ എന്ന സിനിമയ്ക്ക് സംഗീതമൊരുക്കിക്കൊണ്ടാണ് റഹ്മാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം വാരിക്കൂട്ടി. പിന്നെയങ്ങോട്ട് ഒരു റഹ്മാൻ യുഗത്തിന് തന്നെയാണ് സംഗീത പ്രേമികൾ സാക്ഷികളായത്. സംഗീതത്തിലൂടെ മായാലോകം സൃഷ്ടിക്കുന്ന എആർ റഹ്മാൻ നടൻ ധനുഷിനൊപ്പവും പല തവണ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
ആനന്ദ് എൽ റായിയും ധനുഷും ആദ്യമായി ഒന്നിച്ച ബോളിവുഡ് ചിത്രമായിരുന്നു രാഞ്ജന. 2013 ൽ പുറത്തിറങ്ങിയ രാഞ്ജനയിലൂടെയാണ് ധനുഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എആർ റഹ്മാനായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. തും തക്, രാഞ്ജന തുടങ്ങിയ ചിത്രത്തിലെ പാട്ടുകൾക്ക് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരുക്കിയത് റഹ്മാൻ തന്നെയായിരുന്നു.
ധനുഷ് നായകനായി 2013 ൽ പുറത്തിറങ്ങി ഭരത് ബാല സംവിധാനം ചെയ്ത ചിത്രമാണ് മരിയാൻ. ചിത്രത്തിന് സംഗീതമൊരുക്കിയതും എആർ റഹ്മാനായിരുന്നു. ചിത്രത്തിലെ നെഞ്ചേ യേഴു എന്ന ഗാനത്തിന് സംഗീതമൊരുക്കിയതും ആലപിച്ചതും എആർ റഹ്മാൻ തന്നെയായിരുന്നു. ചിത്രത്തിലെ തന്നെ ഇന്നും കൊഞ്ച നേരം, കടൽ രാസ നാൻ എന്നീ പാട്ടുകളും സൂപ്പർ ഹിറ്റായി മാറി.
ഹിമാൻഷു ശർമ്മ എഴുതി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്രംഗി റേ. ധനുഷ്, സാറാ അലി ഖാൻ, അക്ഷയ് കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിനായി സംഗീതമൊരുക്കിയതും എആർ റഹ്മാൻ തന്നെയായിരുന്നു. ഛക ഛക് എന്ന് തുടങ്ങുന്ന ഗാനം ട്രെൻഡിങ്ങായി മാറി. ചിത്രത്തിലെ റഹ്മാനൊരുക്കിയ ലിറ്റിൽ ലിറ്റിൽ എന്ന ഗാനം ആലപിച്ചത് ധനുഷ് ആയിരുന്നു.
ധനുഷ് കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് രായൻ. താരത്തിന്റെ കരിയറിലെ അമ്പാതമത്തെ ചിത്രം കൂടിയാണ് രായൻ. രായൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ചിത്രത്തിൽ ധനുഷെത്തിയത്. ഏറ്റവുമൊടുവിൽ ധനുഷും റഹ്മാനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ രായാ... എന്ന് തുടങ്ങുന്ന ഗാനമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ധനുഷിന്റെ വരികൾക്ക് സംഗീതമൊരുക്കുക മാത്രമല്ല പാടിയതും റഹ്മാൻ തന്നെയായിരുന്നു.
രായനിലെ ഓ രായാ...എന്ന് തുടങ്ങുന്ന പാട്ടാണ് തനിക്കും ധനുഷിനും ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ എ ആർ റഹ്മാൻ പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരുപാട് പാട്ടുകളുണ്ടെങ്കിലും ഈ പാട്ട് സ്പെഷ്യൽ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും റഹ്മാൻ - ധനുഷ് കൂട്ടുകെട്ടിന്റെ കൂടുതൽ പാട്ടുകൾക്കായി കാത്തിരിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates