Arjun Sarja and Aishwaraya Arjun 
Entertainment

'വിവാഹ മോചനത്തിന് കാരണം ഐശ്വര്യയുടെ മദ്യപാനം'; അച്ഛനെന്ന നിലയില്‍ മിണ്ടാതിരിക്കില്ല; പൊട്ടിത്തെറിച്ച് അര്‍ജുന്‍

സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കുമുണ്ട്. അതിനെ മാനിക്കേണ്ടതുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഈയ്യടുത്തായിരുന്നു നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകള്‍ അഞ്ജനയുടെ വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹം മൂത്തമകളും നടിയുമായ ഐശ്വര്യയ്‌ക്കെതിരെ വ്യക്തിഹത്യയ്ക്ക് ഇടവരുത്തുകയായിരുന്നു. ഇതിനെതിരെ അര്‍ജുന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. അച്ഛനെന്ന നിലയില്‍ തനിക്ക് നിശബ്ദനായിരിക്കാന്‍ സാധിക്കില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. നിയമനടപടികള്‍ സ്വീകരിക്കുമെന്നും അര്‍ജുന്‍ പറയുന്നു.

അഞ്ജനയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഐശ്വര്യയുടെ വിവാഹ ജീവിതവും വാര്‍ത്തകളില്‍ നിറയുകയായിരുന്നു. ഐശ്വര്യയുടെ ഭര്‍ത്താവായ ഉമാപതിയുടെ അസാന്നിധ്യമാണ് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിയത്. ഐശ്വര്യയും ഉമാപതിയും വേര്‍പിരിഞ്ഞുവെന്നും അതിന് കാരണം ഐശ്വര്യയുടെ മദ്യപാനമാണെന്നുമായിരുന്നു ആരോപണം. വിവാദം നിയന്ത്രണാതീമായതോടെയാണ് അര്‍ജുന്‍ പ്രതികരണവുമായെത്തിയത്. ആ വാക്കുകളിലേക്ക്:

ആദ്യമേ, ഞങ്ങളുടെ കുടുംബത്തിനും മകള്‍ അഞ്ജനയ്ക്കും വിവാഹത്തിന് സ്‌നേഹവും ആശംസകളും നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങളുടെ കുടുംബത്തിന് എപ്പോഴും വലിയ കരുത്തായിരുന്നു. ഞങ്ങളെ മനസ്സില്‍ ചേര്‍ത്തുവെച്ച എല്ലാവരോടും ഹൃദയപൂര്‍വം നന്ദി പറയുന്നു.

എന്നാല്‍, പൊതുസമൂഹത്തിന് മുന്നില്‍ ഇത്തരമൊരു വിശദീകരണം നല്‍കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

എന്റെ ഇളയ മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍, എന്റെ മൂത്ത മകള്‍ ഐശ്വര്യ അര്‍ജുന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. അവളുടെ സ്വകാര്യതയെ മാനിക്കാനും, അവളുടെ തീരുമാനങ്ങളെയും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെയും കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞാന്‍ ബോധപൂര്‍വം തീരുമാനിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും, അവള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവളുടേതാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്നാല്‍, ഒരു പിതാവെന്ന നിലയില്‍, എന്റെ മകളെക്കുറിച്ച് തെറ്റായതും അങ്ങേയറ്റം അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ മൗനം പാലിക്കാന്‍ എനിക്ക് കഴിയില്ല. അവളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും, അവളുടെ വ്യക്തിത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണിവ.

ഒരു നടനെന്ന നിലയില്‍ പൊതുജീവിതം ഊഹാപോഹങ്ങള്‍ക്കും സൂക്ഷ്മപരിശോധനകള്‍ക്കും വിധേയമാണെന്ന് എനിക്ക് അറിയാം. എന്നാല്‍, സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും വ്യക്തിപരമായ ആരോപണങ്ങളും അതിരുവിടുമ്പോള്‍ അത് അംഗീകരിക്കാനാവില്ല. പൊതുശ്രദ്ധ നേടുന്നതിനായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും, തെളിവുകളില്ലാതെ ഒരു സ്ത്രീയുടെ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, അവരെ മദ്യപാനിയെന്ന് മുദ്രകുത്തുന്നതുമെല്ലാം നിരുത്തരവാദപരവും അംഗീകരിക്കാനാവാത്തതുമാണ്.

മൗനം പലപ്പോഴും ഏറ്റവും മാന്യമായ പ്രതികരണമാണെന്ന് ഞങ്ങള്‍ വിശ്വസിച്ചുപോന്നിട്ടുണ്ട്. എന്നാല്‍, ആവര്‍ത്തിച്ച് പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങള്‍ക്കും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ക്കും മുന്നില്‍ മൗനം പാലിക്കുന്നത് അവയെ അംഗീകരിക്കുന്നതിന് തുല്യമാകരുത്. അതുകൊണ്ട്, ഇത്തരം തെറ്റായ വിവരങ്ങള്‍ തിരുത്തുന്നതിനും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തനവും റിപ്പോര്‍ട്ടിങ്ങും ഉത്തരവാദിത്തമുള്ളതും ആദരണീയവുമായ തൊഴിലാണ്. എന്നാല്‍, ചില മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും പ്രചരിപ്പിച്ച് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെയാണ് മാധ്യമസ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കുന്നത്. സത്യത്തിനോ വിശ്വാസ്യതയ്‌ക്കോ ചെറിയ പരിഗണന പോലും നല്‍കാതെയുള്ള ഇത്തരം പ്രവണതകള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നു.

ഈ വിഷയം എന്റെ മകളെക്കുറിച്ച് മാത്രമുള്ളതല്ല. ചോദ്യം ചെയ്യപ്പെടുകയോ അപകീര്‍ത്തിപ്പെടുത്തപ്പെടുകയോ ചെയ്യുമ്പോള്‍ സ്വന്തം സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാന്‍ കഴിയാതെ പോകുന്ന ഓരോ സ്ത്രീയെയും സംബന്ധിച്ചുള്ളതാണ് ഇത്. പലപ്പോഴും ഇത്തരം ആരോപണങ്ങള്‍ അവരുടെ കുടുംബങ്ങളെയും, പ്രത്യേകിച്ച് കുട്ടികളെയും ബാധിക്കുന്നു. ഒരു സ്ത്രീയുടെ അന്തസ്സിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ല. സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കുമുണ്ട്. അതിനെ മാനിക്കേണ്ടതുമാണ്.

ഒരു പിതാവെന്ന നിലയില്‍, എന്റെ മകള്‍ക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഞാന്‍ എപ്പോഴും ഉറച്ചുനില്‍ക്കും. ഇനി മുതല്‍ ഉത്തരവാദിത്തമുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്തരം അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍, ഉചിതമായ നിയമനടപടികളിലൂടെ അവയെ നേരിടും.

ബഹുമാനവും അന്തസ്സും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാവുന്നവയല്ല.

സ്‌നേഹപൂര്‍വം,

അര്‍ജുന്‍ സര്‍ജ

Arjun Sarja addresses allegations about daughter Aishwaraya's marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

Kannur University: Ph.D-യ്ക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

'യാഥാർഥ്യത്തിലേക്ക് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യമായിരുന്നു അത്'; 'ഡൊറോത്തി'യെക്കുറിച്ച് നടൻ സനന്ത്

കാസർകോട് തളങ്കര കൊലക്കേസ്: പ്രതി നാസറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ

യുവാവിൻറെ ആത്മഹത്യ; മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധം