ബോളിവുഡിന്റെ സ്വരമാധുര്യം ആശ ഭോസ്‌ലെയ്ക്ക് വിട ചൊല്ലി രാജ്യം. കഴിഞ്ഞ കുറേ മാസങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആശ ഭോസ്‌ലെ. ശനിയാഴ്ച രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശ തായ് പതിവ് ചിരിയോടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കാത്തിരുന്നവരെ തേടിയെത്തിയത് പക്ഷെ മരണ വാര്‍ത്തയായിരുന്നു.
92-ാം വയസിലാണ് ആശ ഭോസ്‌ലെ എന്ന അനശ്വര ഗായിക ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്ക് എക്കാലത്തും ഓര്‍ത്തിരിക്കാന്‍ പോന്ന ഒരുപാട് ഗാനങ്ങള്‍ ബാക്കി വച്ചാണ് അവര്‍ യാത്രയാകുന്നത്. അതേസമയം, കരിയറില്‍ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പോകുമ്പോഴും ആശയുടെ വ്യക്തി ജീവിതം എന്നും പ്രശ്‌നഭരിതമായിരുന്നു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതും ആ ബന്ധത്തിലുണ്ടായ പ്രതിസന്ധികളുമൊക്കെ ആശ ഭോസ്ലെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം ആശ ഭോസ്ലെയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അധ്യായം മകള്‍ വര്‍ഷ ഭോസ് ലെയുടെ ആത്മഹത്യയാണ്.
2012 ലാണ് വര്‍ഷ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുന്നത്. സഹോദരന്‍ ആനന്ദ് ഭോസ്ലെയുടെ പേരിലുള്ള തോക്കുപയോഗിച്ചായിരുന്നു വര്‍ഷ ആത്മഹത്യ ചെയ്തത്. 56-ാം വയസിലാണ് വര്‍ഷ ആത്മഹത്യ ചെയ്യുന്നത്. ആശയുടേയും ആദ്യ ഭര്‍ത്താവ് ഗണ്‍പത് റാവുവിന്റേയും മകളാണ് വര്‍ഷ. മാധ്യമപ്രവര്‍ത്തകയായിരുന്ന വര്‍ഷ അമ്മയെപ്പോലെ തന്നെ ഗായികയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളിലും പാടിയിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം വേദികളിലും പങ്കിട്ടുണ്ട്.
ചെറിയ പ്രായം മുതലേ കടുത്ത വിഷാദരോഗിയായിരുന്നു വര്‍ഷ. വിഷാദരോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഹേമന്ത് കെങ്കറയായിരുന്നു വര്‍ഷയുടെ ഭര്‍ത്താവ്. എന്നാല്‍ ആ ബന്ധത്തില്‍ വിള്ളലുകള്‍ വന്നതോടെ ഇരുവരും പിരിഞ്ഞു. പിന്നീട് അമ്മയോടൊപ്പമായിരുന്നു വര്‍ഷ ജീവിച്ചത്. എന്താണ് സ്വയം ജീവനെടുക്കുന്നതിലേക്ക് വര്‍ഷയെന്ന് നയിച്ചതെന്നതിന് ഇന്നു വരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു വര്‍ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹ മോചനം വര്‍ഷയെ സാരമായി തന്നെ ബാധിച്ചിരുന്നു. പിന്നാലെ അടുത്ത സുഹൃത്ത് ഗൗതം രാജധ്യക്ഷയുടെ മരണവും കൂടി ആയപ്പോള്‍ അവരുടെ മനസിന്റെ താളം തന്നെ തെറ്റിപ്പോയെന്നാണ് പറയപ്പെടുന്നത്. മുമ്പ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട് വര്‍ഷ. 2008 ലും 2010 ലും. ഉറക്ക ഗുളിക കഴിച്ച് മരിക്കാനായിരുന്നു 2008 ല്‍ ശ്രമിച്ചത്. മകളുടെ മരണത്തിന്റെ വേദനയില്‍ നിന്നും മുക്തമാകും മുമ്പ് 2015 ല്‍ മൂത്ത മകന്‍ ഹേമന്ത് ഭോസ്‌ലെയും മരണപ്പെട്ടു. അര്‍ബുദമാണ് ഹേമന്തിന്റെ ജീവനെടുത്തത്. മക്കളുടെ മരണങ്ങള്‍ ആശയുടെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒടുവില്‍, ആ അമ്മയും യാത്രയായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates