ശിഷ്യയുടെ വിയോഗത്തില്‍ വികാരഭരിതയായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. കാന്‍സര്‍ ബാധിതയായിരുന്ന തന്റെ ശിഷ്യ ജയശ്രീയെക്കുറിച്ചാണ് ആശ ശരത്ത് വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കാസര്‍ഗോഡ് എന്‍മകജെയിലെ അസിസ്റ്റന്റ് കൃഷി ഓഫീസറായിരുന്നു ജയശ്രീ. കാന്‍സര്‍ ബാധിതയായ ജയശ്രീ ഒരു വനതി ദിനത്തിലാണ് ആശ ശരത്തിന് കീഴില്‍ നൃത്തം പഠിക്കാനെത്തുന്നത്.
'ഒരു വനിതാ ദിനത്തിലാണ് അവര്‍ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. സ്ത്രീശക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിര്‍വചനം രചിക്കപ്പെട്ടു.ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു' എന്നാണ് ആശ ശരത്ത് പറയുന്നത്. ആ വാക്കുകളിലേക്ക്:
പ്രിയപ്പെട്ട ജയശ്രീ,
ഈ കത്ത് എഴുതുമ്പോള്‍ വാക്കുകള്‍ക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാര്‍ത്ഥിനി മാത്രമായിരുന്നില്ല. ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു. കാന്‍സറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു. ഒരു വനിതാ ദിനത്തിലാണ് അവര്‍ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.
സ്ത്രീശക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിര്‍വചനം രചിക്കപ്പെട്ടു. ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു. ആ കൈകളും കാലുകളും ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോള്‍ അത് പരിശീലനം മാത്രമായിരുന്നില്ല - വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂര്‍ത്തമായിരുന്നു. വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളില്‍ ഒരിക്കലും തോല്‍വിയുടെ നിഴല്‍ ഞാന്‍ കണ്ടിട്ടില്ല.
ഓരോ ചുവടിലും, ഓരോ താളത്തിലും ''എനിക്ക് കഴിയില്ല'' എന്ന വാക്ക് അവര്‍ മറന്നിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സ്വപ്നവേദിയില്‍ നര്‍ത്തകിയായ ദിവസം ഇന്നും എന്റെ മനസ്സില്‍ തിളങ്ങുന്നൊരു ദീപമാണ്. ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച് നൃത്തം ചെയ്തപ്പോള്‍ വേദന പോലും അവര്‍ക്കു മുന്നില്‍ തലകുനിച്ച നിമിഷമായിരുന്നു അത്.
ജയശ്രീ, ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും അവിടെയും ചിലങ്കയുടെ ശബ്ദം അവര്‍ കേള്‍ക്കും എന്നുറപ്പുണ്ട്. കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്. എന്റെ ശ്വാസമുള്ള കാലം മുഴുവന്‍ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates