ഗാനരചയിതാവ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നല്‍കിയതിനെതിരെ ഗായിക ചിന്‍മയി ശ്രീപദ. വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയ കമല്‍ഹാസനേയും ചിന്‍മയി വിമര്‍ശിക്കുന്നുണ്ട്.
'കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു നിരന്തര ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നതൊഴിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങള്‍, കരിയര്‍, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ.' എന്നായിരുന്നു ചിന്‍മയിയുടെ പ്രതികരണം.
''2018ല്‍, പല പ്രായത്തിലുള്ള നിരവധി സ്ത്രീകള്‍ ഒരു കവി/ഗാനരചയിതാവ് തങ്ങളെ പീഡിപ്പിച്ചതായി തുറന്നു പറഞ്ഞു. ഇന്ന് അയാള്‍ക്ക് ജ്ഞാനപീഠം ലഭിച്ചിരിക്കുന്നു. ജയകാന്തന് ശേഷം. ജയകാന്തന്‍ വൈരമുത്തുവിനെ പ്രശംസിച്ചുവെന്ന തരത്തില്‍ വ്യാജ കത്തുണ്ടാക്കിയെന്ന് ജയകാന്തന്റെ മകള്‍ ആരോപിച്ച വ്യക്തി. കേരളത്തില്‍ അയാള്‍ക്ക് ഒഎന്‍വി കുറുപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു. പക്ഷെ സമൂഹത്തില്‍ നിന്നും ശബ്ദം ഉയര്‍ന്നു. ഒഎന്‍വി കുറുപ്പിന്റെ പേര് മോശമാക്കരുതെന്ന് പറഞ്ഞതിനാല്‍ അത് പിന്‍വലിച്ചു. അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീകളെ നിശബ്ദരാക്കി. ഞാന്‍ വലിയ വില കൊടുത്തു. തങ്ങളുടെ സ്വപ്‌നം വെടിഞ്ഞ് വന്ന ബാക്കി സ്ത്രീകള്‍ക്ക് എന്റെ പകുതി ഭാഗ്യം പോലുമില്ല'' എന്നും ചിന്‍മയി പറയുന്നുണ്ട്.
'സിനിമയില്‍ അധികാരം കയ്യാളുന്ന പുരുഷന്മാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോള്‍, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേള്‍ക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാര്‍ട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാര്‍ അവരുടെ സഹോദരന്മാര്‍, അമ്മാവന്മാര്‍, അച്ഛന്മാര്‍, സുഹൃത്തുക്കള്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കും. എത്ര സ്ത്രീകള്‍ക്ക് മാനസികാഘാതം സംഭവിച്ചാലും ആര്‍ക്കാണ് വിഷമം?' എന്നായിരുന്നു കമല്‍ഹാസനെ വിമര്‍ശിച്ചു കൊണ്ട് ചിന്‍മയി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates