DDLJ  ഫയല്‍
Entertainment

ഡിഡിഎല്‍ജെ @30: ചതിയില്‍ പടുത്തുയര്‍ത്തിയ ക്ലാസിക്; വഞ്ചനയുടെ കറ പുരണ്ട ആദിത്യ ചോപ്രയുടെ കരങ്ങളും ഹണി ഇറാനിയുടെ ശപഥവും

ബോളിവുഡിലെ ഏറ്റവും ഐക്കോണിക് ആയ പ്രണയകഥ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ല് മാത്രമല്ല, സ്വയമൊരു ചരിത്രം തന്നെയാണ് ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗെ. 1995 ഒക്ടബോര്‍ 20 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് 30 വയസാവുകയാണ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും പ്രദര്‍ശനം തുടരുകയാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ഷാരൂഖ് ഖാനേയും കജോളിനേയും ബോളിവുഡിന്റെ മുന്‍നിരയിലേക്ക് എത്തിച്ച ചിത്രം കാണാനായി മാറാത്ത മന്ദിർ തിയേറ്ററിലേക്ക് മുടങ്ങാതെ ആരാധകർ എത്തിക്കൊണ്ടിരിക്കുന്നു.

ബോളിവുഡിലെ ഏറ്റവും ഐക്കോണിക് ആയ പ്രണയകഥയാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. സിനിമയിലെ താരങ്ങളുടേയും അണിയറ പ്രവര്‍ത്തകരുടേയും ജീവിതത്തേയും ബോളിവുഡിനെ തന്നെയും കീഴ്‌മേല്‍ മറിച്ച സിനിമ. എന്നാല്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ വിജയഗാഥയ്ക്ക് പിന്നിലൊരു ചതിയുടെ കഥ കൂടിയുണ്ട്.

ഡര്‍, ലംഹേ തുടങ്ങിയ യാഷ് ചോപ്രയുടെ ഹിറ്റ് സിനിമകള്‍ എഴുതിയ ഹണി ഇറാനി തന്റെ കരിയറിലേയും ജീവിതത്തിലേയും ഏറ്റവും ഇരുണ്ട കാലമായിട്ടാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയെ ഓര്‍ക്കുന്നത്. സംവിധായകന്‍ ആദിത്യ ചോപ്രയ്‌ക്കൊപ്പം ഹണിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചത്. എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ഹണിയുടെ പേര് എവിടേയുമില്ല. ബോളിവുഡൊന്നാകെ ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന വഞ്ചനയെക്കുറിച്ച് ഹണി പറയുന്നത് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ഹണിയും യാഷ് ചോപ്രയുടെ ഭാര്യ പമേല ചോപ്രയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജാവേദ് അക്തറുമായുള്ള വിവാഹ ബന്ധം പിരിഞ്ഞു നില്‍ക്കുമ്പോള്‍ ഹണിയോട് തിരക്കഥ രചനയിലേക്ക് തിരിയാന്‍ ആവശ്യപ്പെടുന്നത് പമേലയാണ്. യാഷ് ചോപ്രയ്ക്കായി അവർ എഴുതിയ സിനിമകള്‍ വലിയ വിജയങ്ങളുമായി. പിന്നീടാണ് ഹണി ആദിത്യയ്‌ക്കൊപ്പം ഡിഡിഎല്‍ജെയുടെ എഴുത്തിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷക്കാലം ആദിത്യയ്‌ക്കൊപ്പം സിനിമയുടെ എഴുത്തില്‍ ഹണിയുമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലണ്ടില്‍ ചിത്രീകരണം നടക്കുമ്പോഴും ഹണി ഇറാനി കൂടെയുണ്ടായിരുന്നു.

എന്നാല്‍ സിനിമയുടെ റിലീസിന് മുമ്പായി തന്റെ പേര് സിനിമയുടെ എഴുത്തുകാരില്‍ നിന്നും ഒഴിവാക്കിയെന്ന വേദനിപ്പിക്കുന്ന സത്യം ഹണിയെ തേടിയെത്തി. നേരത്തെ സിനിമയുടെ ഡയലോഗ് എഴുതിയിരുന്ന ജാവേദ് സിദ്ധീഖിയുടെ പേര് ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയാണെന്ന് യാഷ് ചോപ്ര തന്നോട് പറഞ്ഞത് ഹണി അപ്പോള്‍ ഓര്‍ത്തു. തന്റെ മകന്റെ ആദ്യ ചിത്രമാണ്. അതിനാല്‍ ക്രെഡിറ്റ് അവന് തന്നെ പൂര്‍ണമായും നല്‍കണമെന്നായിരുന്നു യാഷ് ചോപ്രയുടെ ആഗ്രഹം. അത് ജാവേദ് സിദ്ധീഖി അംഗീകരിക്കുകയും ചെയ്തു. പക്ഷെ ആ തീരുമാനത്തോട് യോജിക്കാന്‍ ഹണി ഒരുക്കമായിരുന്നില്ല.

പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഹണി ചിത്രത്തിന്റെ രചനയുടെ ഭാഗമായത്. ആദിത്യയെ അവര്‍ തന്റെ മകനെപ്പോലെയാണ് കണ്ടിരുന്നത്. തന്റെ പേര് മാറ്റിയ വിവരം അറിഞ്ഞതും ഹണി യാഷ് ചോപ്രയേയും ആദിത്യയേയുമെല്ലാം ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ചെന്നൈയില്‍ വച്ച് സിനിമയുടെ ട്രയല്‍ കണ്ട ഷാരൂഖ് ഖാന്‍ ഹണിയുടെ പേര് സിനിമയിലുണ്ടെന്ന് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് പമേല തന്നെ ഹണിയെ പേര് വെട്ടിയ വിവരം അറിയിക്കുകയായിരുന്നു. നീ അത് അര്‍ഹിക്കുന്നില്ല എന്നായിരുന്നു ഹണിയ്ക്ക് പമേല അയച്ച സന്ദേശം.

ഹണിയുടെ പേര് ഉള്‍പ്പെടുത്താന്‍ ഷാരൂഖ് ഖാന്‍ ഇടപെടല്‍ നടത്തി. അതിനായി അദ്ദേഹം ആദിത്യയെ കാണുകയും ചെയ്തു. എന്നാല്‍ അവള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് കാണട്ടെ എന്നായിരുന്നു ആദിത്യയുടെ മറുപടിയെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞതായി ഹണി ഓര്‍ക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങുകയും വലിയ ഹിറ്റായി മാറുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അനുഭവം ഹണി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. എന്നാല്‍ ഹണിയുടെ അവകാശവാദത്തെ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു ആദിത്യ ചോപ്ര ചെയ്തത്.

ഈ സംഭവത്തോടെ ഇനിയൊരിക്കലും താന്‍ യഷ് രാജ് ഫിലിംസിന്റെ സിനിമകള്‍ ചെയ്യില്ലെന്ന് ഹണി തീരുമാനിച്ചു. ഒരുകാലത്ത് യഷ് രാജ് സിനിമകളുടെ ആത്മാവായിരുന്ന പേനയാണ് അന്നത്തോടെ ഹണി താഴെ വെക്കുന്നത്. പിന്നീടൊരിക്കലും അവര്‍ ആ പേന എടുത്തതുമല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഹണിയുടേയും ജാവേദ് അക്തറിന്റേയും മകന്‍ ഹര്‍ഹന്‍ അക്തറും മകള്‍ സോയ അക്തറുമൊക്കെ സംവിധായകരായി മാറി. ഫര്‍ഫാനും ആദിത്യയുടെ സഹോദരന്‍ ഉദയ് ചോപ്രയും വളരെ അടുത്ത കൂട്ടുകാരായിരുന്നു. ആ സംഭവം തങ്ങളുടെ സൗഹൃദത്തേയും രണ്ട് കുടുംബങ്ങള്‍ക്കിടയിലുണ്ടായ അടുപ്പത്തേയുമൊക്കെ എന്നന്നേക്കുമായി ഇല്ലാതാക്കിയെന്നാണ് ഫര്‍ഹാന്‍ പറയുന്നത്.

അന്നത്തെ ചതിയില്‍ നിന്നും പക്ഷെ ഹണി ഇറാനി ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. കഹോ ന പ്യാര്‍ ഹേ, കോയ് മില്‍ ഗയ, ക്രിഷ്, ആവാരാപ്പന്‍, ക്യാ കെഹ്ന തുടങ്ങി നിരവധി ഹിറ്റുകള്‍ അവര്‍ തുടര്‍ന്ന് എഴുതുകയും ചെയ്തു.

DDLJ@30: Aditya Chopra took away the whole writing credit from Honey Irani. She vowed to not work with Yash Raj Films again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT