'വൻതേൻടാ പാൽക്കാരൻ...' പുറത്തിറങ്ങി 34 വർഷമായിട്ടും 'അണ്ണാമലൈ' എന്ന സിനിമയ്ക്കും ഈ പാട്ടിനോടുമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടത്തിനും ഒരു ഇടിവും സംഭവിച്ചിട്ടില്ല. 'അണ്ണാമലൈ' എന്ന സിനിമയിലൂടെയാണ് 'സൂപ്പർ സ്റ്റാർ രജനി' എന്ന ടൈറ്റിൽ കാർഡ് ബിഗ് സ്ക്രീനിൽ ആദ്യമായി തെളിയുന്നത്. രജനികാന്തിന്റെ കരിയറിൽ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു 'അണ്ണാമലൈ'.
നീല മുത്തുകൾ അടുക്കിയ പോലെയുള്ള രജനിയുടെ ആ ടൈറ്റിൽ കാർഡിന് പിന്നിലെ സംഗീതം ദേവയുടേതാണ്. ഇന്ന് 'സൂപ്പർ സ്റ്റാർ രജനി' എന്ന ഇൻട്രോ ഇല്ലാതെ സ്റ്റൈൽ മന്നന് ബിഗ് സ്ക്രീനിലേക്ക് ഒരു വരവില്ല.
അതുമാത്രമല്ല, രജനികാന്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയതും ദേവ തന്നെയായിരുന്നു. നിർമാതാവ് കെ ബാലചന്ദറും അദ്ദേഹത്തിന്റെ സ്ഥിരം സംഗീത സംവിധായകൻ ഇളയരാജയും തമ്മിലെ ഒരു തെറ്റിദ്ധാരണയാണ് ദേവ എന്ന പ്രതിഭയുടെ ഉദയത്തിനു കാരണമായത്. ഒരുപക്ഷേ ഇളയരാജ സംഗീതം മെനയേണ്ടിയിരുന്ന സ്ഥാനത്ത് പകരക്കാരനാവാൻ ദേവയ്ക്ക് നിയോഗമുണ്ടായി.
തുടക്കത്തിൽ രജനികാന്ത് പോലും ഒന്ന് പരിഭ്രമിച്ചു. എന്നാൽ പരിഭ്രമത്തിന് ഒരു കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 'ബാഷ' (1995), 'അരുണാചലം' (1997) തുടങ്ങിയ ചിത്രങ്ങളിലൂടെ ദേവ രജനികാന്തുമായുള്ള സംഗീതസഹകരണം തുടർന്നു. രജനികാന്തിന്റെ താരപ്രഭാവം വർധിപ്പിക്കുന്നതിൽ നിർണായകമായ ആമുഖഗാനങ്ങളും പശ്ചാത്തലസംഗീതവും ഈ ചിത്രങ്ങൾക്കായി അദ്ദേഹം ഒരുക്കി.
ചടുലമായ താളങ്ങളും ഹൃദ്യമായ ഈണങ്ങളും സമന്വയിപ്പിച്ച ഈ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. കമൽ ഹാസൻ, വിജയ്, അജിത് കുമാർ, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്കും ദേവയുടെ സംഗീതം മാറ്റുകൂട്ടി. മോഹൻലാലിന്റെ 'ദ് പ്രിൻസ്' ചിത്രത്തിന് 1996ൽ ദേവ സംഗീതം സംവിധാനം ചെയ്തു.
ഇതിലെ കെ എസ് ചിത്രയുടെ ശബ്ദത്തിലെ 'ശ്യാമയാം രാധികേ...' ഗാനം ഏറെ ശ്രദ്ധ നേടി. പിന്നീട് മലയാളത്തിൽ രണ്ടു ചിത്രങ്ങൾക്ക് കൂടി അദ്ദേഹം സംഗീതമൊരുക്കി. റഹ്മാന്റെ 'കിങ് സോളമൻ', മമ്മൂട്ടിയുടെ 'ഫാന്റം' തുടങ്ങിയ ചിത്രങ്ങളായിരുന്നു അത്. 'ഫാന്റം' സിനിമയിലെ 'വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ...' ഗാനം ഇന്നും മലയാളികളുടെ ഫേവറീറ്റ് പാട്ടുകളിലൊന്നാണ്.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Deva's music behind the Super Star Rajini title card.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates