ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. മോഡലിംഗിലൂടെ ആരംഭിച്ച് സിനിമയിലെത്തി, ഹോളിവുഡിലടക്കം സാന്നിധ്യം അറിയിച്ച താരമായുള്ള ദീപികയുടെ വളര്‍ച്ച സ്വപ്‌ന സമാനമാണ്. സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദീപികയുടെ പ്രണയങ്ങളും എന്നും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നൊരു വിഡിയോയിലും ദീപികയുടെ പ്രണയമാണ് ചര്‍ച്ചാ വിഷയം. മോഡലിംഗ് കാലത്ത് ദീപികയുടെ കാമുകനായിരുന്ന നടനും മോഡലുമായ മുസമ്മില്‍ ഇബ്രാഹിമിന്റെ പഴയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ദീപികയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചത് താനാണെന്നും അതില്‍ കുറ്റബോധമില്ലെന്നുമാണ് മുസമ്മില്‍ പറയുന്നത്.
വിഡിയോ വൈറലായതോടെ മുസമ്മില്‍ തന്നെ പ്രതികരണവുമായെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മുസമ്മിലിന്റെ പ്രതികരണം. ''ഇപ്പോള്‍ ചര്‍ച്ചയാകുന്ന, പുതിയ അവകാശവാദമെന്ന നിലയില്‍ തലക്കെട്ട് നല്‍കപ്പെടുന്ന അഭിമുഖം ഒരു വര്‍ഷം മുമ്പുള്ളതാണ്. നീണ്ടൊരു സംഭാഷണത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്'' എന്നാണ് മുസമ്മില്‍ പറയുന്നത്.
''എന്റെ കഴിഞ്ഞ കാലത്തുള്ളവരെക്കുറിച്ച് ബഹുമാനത്തോടെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളൂ. അതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. മിക്കവരേയും പോലെ ഞാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്റെ ജോലിയും ജീവിതവും പടുത്തുയര്‍ത്തിയത്. അതേക്കുറിച്ചായിരിക്കും ചര്‍ച്ചയെന്നാണ് എന്റെ ആഗ്രഹം. സത്യസന്ധമായി സംസാരിക്കുന്നതിലും, ബഹുമാനത്തോടെ അത് ചെയ്യുന്നതിലുമാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്'' എന്നും നടന്‍ പറഞ്ഞു.
2025 ജൂണില്‍ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് മുസമ്മില്‍ ദീപികയുമായുണ്ടായിരുന്നു ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. 'അവളാണ് ആദ്യം പ്രണയം പറയുന്നത്. ഞാനാണ് അവളെ ഉപേക്ഷിച്ചത്. എനിക്കാരേയും ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല. ഞാന്‍ കരുത്തുള്ള പുരുഷനാണ്. അന്ന് ഞാനൊരു താരമായിരുന്നു. അവള്‍ അങ്ങനായിരുന്നില്ല. അവളൊരു മോഡലായിരുന്നു. ഇന്ന് അവള്‍ സൂപ്പര്‍ താരമാണ്. എന്നെ ആര്‍ക്കും അറിയില്ല. ഞാനുമൊരു വലിയ ആരാധകനാണ്' എന്നാണ് മുസമ്മില്‍ പറഞ്ഞത്.
മുംബൈയില്‍ വന്ന സമയത്ത് ദീപിക പരിചയപ്പെട്ട ആദ്യത്തെയാളായിരുന്നു താനെന്നാണ് മുസമ്മില്‍ പറയുന്നത്. ദീപികയുടെ ആദ്യത്തെ സീരിയസ് പ്രണയവും താനുമായിട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രണയ ബന്ധം തകര്‍ന്ന ശേഷവും തങ്ങള്‍ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. രണ്‍വീര്‍ സിങുമായുള്ള വിവാഹ ശേഷം ദീപികയുമായി സംസാരിച്ചിട്ടില്ല. രണ്‍വീര്‍ സ്‌നേഹനിധിയായ ഭര്‍ത്താവാണ്. ഇരുവര്‍ക്കും ഇന്നൊരു മകളുമുണ്ട്. അമ്മയാവുകയെന്നത് ദീപികയുടെ സ്വപ്‌നമായിരുന്നുവെന്നും മുസമ്മില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates