ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാള സിനിമയുടെ ഗതിമാറ്റിയ ആദ്യ ഭാഗത്തിനും വലിയ വിജയമായ രണ്ടാം ഭാഗത്തിനും ശേഷവും വരുന്ന മൂന്നാം ഭാഗത്തിനായി സിനിമാ ലോകം കാത്തിരിക്കുകയാണ്. ഏപ്രില്‍ രണ്ടിനാണ് ദൃശ്യം ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ എന്തു വെല്ലുവിളിയാണ് ജോര്‍ജ്കുട്ടിയ്ക്ക് നേരിടേണ്ടി വരികയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
അതേസമയം മൂന്നാം ഭാഗത്തോടെ ദൃശ്യം പരമ്പര അവസാനിക്കുമെന്ന സൂചന നേരത്തെ സംവിധായകന്‍ ജീത്തു ജോസഫ് നല്‍കിയിരുന്നു. നിര്‍ത്തിക്കൂടേ എന്ന് തന്നോട് പലരും ചോദിച്ചതായി ജീത്തു തമാശയായി പറയുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദൃശ്യം ത്രീയെക്കുറിച്ചും നാലാം ഭാഗത്തെക്കുറിച്ചുമുള്ള മന്ത്രിയും നടനുമായ ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.
ദൃശ്യം പരമ്പരയിലെ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ഗണേഷ് കുമാര്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മൂന്നാം ഭാഗത്തെക്കുറിച്ചള്ള ചോദ്യത്തിന് ഗണേഷ് കുമാര്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ദൃശ്യം മൂന്നിലെങ്കിലും ജോര്‍ജ് കുട്ടിയെ പിടിക്കുമോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം.
അത് ജീത്തു ജോസഫിന് മാത്രമറിയുന്നൊരു രഹസ്യമാണ്. ജോര്‍ജുകുട്ടിയെ പിടിച്ചാല്‍ പിന്നെ ദൃശ്യം 4 ഉണ്ടോ? എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. ഇതോടെ ദൃശ്യം 4 ഉണ്ടോ എന്നായി അവതാരകന്‍. പിന്നാലെ ദൃശ്യം 4 ഉണ്ടെന്ന് ഗണേഷ് കുമാര്‍ തുറന്നു പറയുകയായിരുന്നു. ''ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അഭിനയിക്കേണ്ട ഭാഗം മാത്രമേ പറഞ്ഞു തരൂ. അതിന് മുമ്പും ശേഷവുമുള്ളത് പറഞ്ഞു തരില്ല. ഡബ്ബ് ചെയ്യാന്‍ പോകുമ്പോഴും അത് മാത്രമേ കാണിക്കുകയുള്ളൂ'' എന്നും ഗണേഷ് കുമാര്‍ പറയുന്നുണ്ട്.
ഇതോടെ ദൃശ്യം 3യില്‍ ജോര്‍ജുകുട്ടി പിടിക്കപ്പെടില്ലെന്നും ദൃശ്യം 4 ലേക്കും കഥ തുടരുമെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. ഗണേഷ് കുമാറിന്റെ തുറന്നു പറച്ചില്‍ അനുചിതമായിപ്പോയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ പറയുന്നത് ഗണേഷ് കുമാര്‍ പറയുന്നതില്‍ വാസ്തവമുണ്ടാകില്ലെന്നാണ്. ദൃശ്യത്തിന്റെ കഥയെക്കുറിച്ചും തുടര്‍ച്ചയെക്കുറിച്ചും ജീത്തുവിന് മാത്രമേ ധാരണയുണ്ടാകൂവെന്നാണ് ആരാധകര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates