വേർപിരിയലിന് ശേഷം ആദ്യമായി ഒരുമിച്ചൊരു വേദിയിലെത്തി സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറും ഗായിക സൈന്ധവിയും. മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'പിറൈ തേടും' എന്ന പാട്ടാണ് സൈന്ധവി വേദിയിൽ പാടിയത്. ജിവി പ്രകാശ് പാട്ടിന് പിയാനോ വായിക്കുകയും ചെയ്തു.
ഇരുവരും ഒന്നിച്ചുള്ള പെർഫോമൻസിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 'പാട്ടും അതിലെ വരികളും പോലെയാണ് ജീവിതവും. ഈ കാഴ്ച വേദനിപ്പിക്കുന്നു.', 'കേൾക്കുന്ന നമുക്ക് പോലും എന്തോ പോലെ തോന്നുന്നു...അപ്പോൾ അവർ ആ നിമിഷം എങ്ങനെ കൈകാര്യം ചെയ്തു', 'എങ്ങനെയാണ് ഇവർക്ക് ഇതിന് കഴിയുന്നത്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്ക്ക് താഴെ നിറയുന്ന കമൻ്റുകൾ.
2011 ല്‍ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനു വേണ്ടി ജിവി പ്രകാശ് കുമാര്‍ ഈണമൊരുക്കിയ പാട്ടാണ് 'പിറൈ തേടും'. സിനിമയിലും ഈ പാട്ട് സൈന്ധവിയും ജിവി പ്രകാശും ചേർന്നാണ് പാടിയത്. ഇപ്പോൾ വേദിയിലും ഇരുവരും ഒരുമിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. മലേഷ്യയിലെ സംഗീത പരിപാടിക്കു മുന്നോടിയായി നടന്ന പരിശീലനത്തിനിടയില്‍ സൈന്ധവി, മകളെ വേദിയിലുള്ള ജിവി പ്രകാശിന് അടുത്തേക്ക് അയച്ചിരുന്നു.
മകളെ ചേര്‍ത്തുപിടിച്ചാണ് ജിവി പ്രകാശ് പാട്ട് പാടി പരിശീലിച്ചത്. അതിന്റെ വിഡിയോയും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മേയിലാണ് തങ്ങൾ വിവാഹമോചിതരായെന്ന് ജിവി പ്രകാശും സൈന്ധവിയും പ്രസ്താവനയിലൂടെ അറിയിച്ചത്.
ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു. 2013 ലായിരുന്നു ജിവി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. അൻവി എന്നാണ് ഇരുവരുടെയും മകളുടെ പേര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates