കങ്കണ റണാവത്ത് നായികയായെത്തിയ പുതിയ ചിത്രമാണ് എമർജൻസി. ചിത്രം ഇന്ന് തിയറ്ററുകളിലെത്തുകയും ചെയ്തു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ പദ്മാവത് എന്ന സിനിമയെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണിപ്പോൾ. പദ്മവാതിൽ ദീപിക പദുക്കോൺ ചെയ്ത കഥാപാത്രത്തിനായി തന്നെ സമീപിച്ചിരുന്നതായി കങ്കണ വെളിപ്പെടുത്തി.
ആ കഥാപാത്രം അപ്രസക്തമായി തോന്നിയതു കൊണ്ടാണ് ചിത്രം ഒഴിവാക്കിയതെന്നും കങ്കണ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു. "എനിക്ക് പദ്മാവത് എന്ന സിനിമയിലേക്ക് ഓഫർ ലഭിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലിയോട് ചിത്രത്തിന്റെ തിരക്കഥ കിട്ടിയാൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. ഞാൻ ഒരിക്കലും സ്ക്രിപ്റ്റുകൾ നൽകാറില്ല എന്നായിരുന്നു ഇതിന് അദ്ദേഹം എന്നോട് മറുപടി പറഞ്ഞത്.
നായികയുടെ റോൾ എന്താണെന്ന് ഞാൻ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു. വളരെ ലളിതമായ വേഷമാണെന്നും, അവൾ ഒരുങ്ങുമ്പോൾ നായകൻ അവളെ ആദ്യമായി കണ്ണാടിയിൽ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി, സിനിമയിലുടനീളം നായിക ഒരുക്കത്തിലാണെന്ന്. അദ്ദേഹം പറഞ്ഞത് ശരിയാണ്".- കങ്കണ പറഞ്ഞു.
കങ്കണയുടെ വാക്കുകൾ ശരിയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മാലിക് മുഹമ്മദ് ജയസിയുടെ ഇതിഹാസ കാവ്യമായ പദ്മാവതിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ആഗോളതലത്തിൽ ചിത്രം 302 കോടി കളക്ഷൻ നേടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates