Salim Kumar 
Entertainment

'ചിരിയുടെ മണവാളന്‍'; 'സലിം കുമാര്‍ നിഖണ്ഡു'വും ചിരിതോരാത്ത ഡയലോഗുകളും

ട്രോളുകളിലും മീമുകളിലും വാട്‌സ് ആപ്പ് സ്റ്റിക്കറുകളിലുമെല്ലാം സലിം കുമാർ നിറഞ്ഞു നില്‍ക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വലിയ ചിരിയൊന്നുമില്ലാതെ, അല്‍പ്പം ഡ്രമാറ്റിക് ആയി പോവുകയാണ് ഷാഫിയുടെ പുലിവാല്‍ കല്യാണം. ചിരി പ്രതീക്ഷിച്ച് കയറിയ പ്രേക്ഷകരില്‍ നിന്നും അവിടിവിടെയായി നിരാശയുടെ നെടുവീര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങി. പക്ഷെ ഷാഫിയ്ക്ക് ഉറപ്പായിരുന്നു വരാനിരിക്കുന്നത് ചിരിയുടെ പെരുമഴയാണെന്ന്. കാരണം, മുംബൈയില്‍ നിന്നും ധര്‍മേന്ദ്രയുടെ ടാക്‌സി കാറും പിടിച്ച് ഒരാള്‍ വരാനുണ്ടായിരുന്നു. ആ കാറ് യാത്ര തുടങ്ങിയത് മുതല്‍ പിന്നെ തിയേറ്ററില്‍ ചിരിയില്ലാതെ ഒരു നിമിഷം പോലും കടന്നു പോയിട്ടില്ല. കാലങ്ങള്‍ക്കിപ്പുറവും മണവാളനും ധര്‍മേന്ദ്രനും മലയാളികളെ ചിരിപ്പിക്കുന്നു.

സിനിമയിലെ വിരസത മാറ്റിയ ആ ഐക്കോണിക് എന്‍ട്രി പോലെ തന്നെയായിരുന്നു ഓരോ സലിം കുമാര്‍ കഥാപാത്രങ്ങളും മലയാളിയ്ക്ക്. ജീവിതത്തില്‍ ഒന്നും ശരിയാകുന്നില്ലെന്ന് തോന്നുമ്പോഴൊക്കെ എവിടെ നിന്നോ വണ്ടിയും പിടിച്ച് ഏതെങ്കിലുമൊക്കെ സലിം കുമാര്‍ കഥാപാത്രമോ ഡയലോഗോ തേടിയെത്തും. ട്രോളുകളിലും മീമുകളിലും വാട്‌സ് ആപ്പ് സ്റ്റിക്കറുകളിലുമെല്ലാം സലിം കുമാർ നിറഞ്ഞു നില്‍ക്കുന്നു.

ജീവിതത്തിലെ സകല പ്രതീക്ഷയും അറ്റിട്ടും, ഒന്നു കൂടിയൊന്ന് ശ്രമിച്ചു നോക്കാമെന്ന് മലയാളി തീരുമാനിക്കുമ്പോള്‍ അത് ഇനി ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ എന്ന പ്രതീക്ഷപ്പുറത്താകും. ഇനി പ്രതീക്ഷയൊക്കെ നഷ്ടപ്പെട്ടിട്ടും പരിശ്രമം തുടരുന്നത് കാണുമ്പോഴാകട്ടെ ഒടു നെടുവീര്‍പ്പായി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ കടന്നു വരും. സാഹചര്യങ്ങളോട് പെരുത്തപ്പെടാനുമുണ്ടൊരു സലിം കുമാര്‍ ഡയലോഗ്, ഉഷ്ണം ഉഷ്‌ണേനെ ശാന്തികൃഷ്ണ എന്നല്ലേ..!

പെട്ടു എന്നുറപ്പാകുന്ന ഘട്ടത്തില്‍, മുമ്പില്‍ മറ്റൊരു വഴിയും കാണാതാകുമ്പോള്‍ കൂടെയുള്ളവര്‍ക്ക് ഒറ്റ മുന്നറിയിപ്പേ നമുക്ക് കൊടുക്കാനുണ്ടാകൂ, അത് ആരും പേടിക്കണ്ട, ഓടിക്കോ..! എന്നായിരിക്കും. ഗള്‍ഫില്‍ നിന്നും വരുന്ന ഏതൊരു മലയാളിക്കും പറയാനുണ്ടാകും അബ്ദുള്ളയുടേയും ഷേക്ക് അബ്ദുള്ളയുടേയും കഥ. ഗള്‍ഫുകാരുടെ ദേശീയ പക്ഷിയാണ് ഒട്ടകപക്ഷിയെന്നും നമുക്കറിയാം. ഇംഗ്ലീഷ് പഠിക്കണേല്‍ കഞ്ചാവ് വലിച്ചാല്‍ മതിയെന്നും ആ ഇംഗ്ലീഷ് ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍സ് ആയിരിക്കുമെന്നും ആര്‍ക്കാണ് അറിയാത്തത്. ഒരുകാര്യത്തില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കാന്‍ നേരം ലോകത്ത് മറ്റെവിടേയും ബൈ ദി വെ എന്നായിരിക്കും പറയുക, പക്ഷെ നമുക്കത് ബൈ ദുബായ് ആണ്.

സ്വന്തം കണ്ടുപിടിത്തതില്‍ അല്‍പ്പം തലക്കനം ആകാമെന്ന് തോന്നുമ്പോള്‍ കന്നിമാസം വന്നോ എന്നറിയാന് പട്ടിക്ക് കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ലെന്ന് എന്നാകും പറയുക. ഇനി അബദ്ധം പറ്റിയെന്ന് കുറ്റസമ്മതം നടത്താനാണെങ്കില്‍, അയാം ദി സോറി അളിയാ അയാം ദി സോറിയും പറയാം. ചുരുണ്ട മുടിയൊന്ന് നീണ്ടാല്‍, അത് മുന്നോട്ടിട്ട് ഐ ആം മൈക്കിള്‍ ഏലിയാസ്, ജാക്‌സണ്‍ ഏലിയാസ് വിക്രം ഏലിയാസ് എന്നും പറഞ്ഞ് ഊതി പറപ്പിക്കാത്തവരുണ്ടോ? സകല പ്ലാനിങ്ങും തവിടു പൊടിയാകുമ്പോള്‍ മലയാളി ഇന്നും പറയുന്നത് അങ്ങനെ പടക്ക കമ്പനി ഖുഗാ ഗവ എന്ന് തന്നെയായിരിക്കും.

ഒരു കാര്യത്തില്‍ നിന്നും അടുത്ത കാര്യത്തിലേക്ക് ഓടുന്നതിനിടെ നിനക്കുള്ളത് അടുത്ത ബെള്ളിയാഴ്ച തരാം എന്ന് മുന്നറിയിപ്പ് നല്‍കാനും നമ്മള്‍ മറക്കാറില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ നമ്മള്‍ അടുത്തിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കില്ലേ, ഇതടിച്ച് ചിരിക്കരുതേ, ചിരി തൊടങ്ങിയാ പിന്നെ നിര്‍ത്താന്‍ പറ്റൂല എന്ന്. ഫേമസ് ആണേലും അല്ലെങ്കിലും കണ്ടിട്ട് തിരിച്ചറിഞ്ഞില്ലേല്‍ ജാഡി തെണ്ടിയെന്ന് വിളിച്ചല്ലേ നമ്മള്‍ കലിപ്പിടക്കുന്നത്.

അങ്ങനെ എത്രയെത്ര സലിം കുമാര്‍ ഡയലോഗുകളാണ് മലയാളിയുടെ നിഖണ്ഡുവിലേക്ക് നമ്മള്‍ പോലുമറിയാതെ കടന്നു വന്നിരിക്കുന്നത്. അര്‍ത്ഥമുള്ള വാക്കുകള്‍ മാത്രമല്ല, സലിം കുമാര്‍ തന്നെ ഉണ്ടാക്കിയെടുത്ത, അദ്ദേഹം സ്വയം കല്‍പ്പിച്ച അര്‍ത്ഥമുള്ള വാക്കുകളും പ്രയോഗങ്ങളുമുണ്ട് ആ നിഖണ്ഡുവില്‍. വാക്കുകളിലൂടെ മാത്രമല്ല, എക്‌സ്പ്രഷനുകളിലൂടേയും സലിം കുമാര്‍ നമുക്കായി സംസാരിക്കുന്നു. ഒരു വാക്ക് പോലും പറയാതെ, ഒരുപാട് സംസാരിക്കുന്ന എത്രയെത്ര മീമുകളാണ് ആ എക്‌സ്പ്രഷനുകളില്‍ നിന്നും ഉതിര്‍ന്നു വീണിട്ടുള്ളത്. ചിരിയുടെ മണവാളന്, പ്രിയപ്പെട്ട പ്യാരിയ്ക്ക് വിട.

Iconic dialouges of Salim Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

'വിജയ് 3 മാസം തികച്ച് ഭരിക്കില്ല'; ടിവികെ സര്‍ക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് സ്റ്റാലിന്‍

കേരളത്തിന്റേത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട 'വിചിത്ര' രാഷ്ട്രീയ സംസ്കാരം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഒലിച്ചുപോയത് ഒന്നേകാല്‍ ലക്ഷം കോടി, ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 43,000 കോടി

'കൂറ്റൻ സിക്സ് മാത്രമല്ല, എനിക്ക് ടെസ്റ്റും ഓക്കെ'; ആ​ഗ്രഹം പറഞ്ഞ് വൈഭവ്

SCROLL FOR NEXT