സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്ത രീതിയെ രൂക്ഷഭാഷയിൽ വിമർശിച്ച് നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ്കുമാർ. കോവിഡ് സാഹചര്യത്തിൽ അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുക്കുകയാണ് ചെയ്തത്. ഇതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചെന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവാർഡ് വാങ്ങാനായി സംവിധായകൻ ഹരിഹരൻ എത്താതിരുന്നതു ഫലത്തിൽ നന്നായെന്നും അദ്ദേഹത്തിന് പകരമായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് മേശപ്പുറത്തു നിന്ന് അവാർഡ് എടുക്കാനെത്തിയതെന്നും സുരേഷ് കുമാർ പറഞ്ഞു. സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നതു കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates