നടന്‍ ഇര്‍ഫാനെക്കുറിച്ചുള്ള ഓര്‍മകളില്‍ വികാരഭരിതനായി സംവിധായകന്‍ അഭിനയ് ഡിയോ. ഇര്‍ഫാന്‍ നായകനായ ബ്ലാക്ക്‌മെയില്‍ എന്ന സിനിമയുടെ സംവിധായകനാണ് അഭിനയ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇര്‍ഫാന് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ചാണ് അഭിനയ് സംസാരിക്കുന്നത്. സ്‌ക്രീനില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''ബ്ലാക്ക്‌മെയിലില്‍ ഒരു സീനില്‍ അദ്ദേഹം 200 മീറ്ററോളം നിര്‍ത്താതെ ഓടണമായിരുന്നു. സിംഗിള്‍ ഷോട്ടായിരുന്നു. 200 മീറ്റര്‍ കഴിഞ്ഞ് നില്‍ക്കുകയും മുഖത്ത് ഭാവം വരുത്തുകയും വേണം. തന്റെ ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കണ്ടയാളുടെ മാനസികസംഘര്‍ഷമായിരുന്നു കാണിക്കേണ്ടിയിരുന്നത്. അദ്ദേഹം ഓടി. ആ സമയത്ത് അദ്ദേഹത്തിന് വയ്യായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു'' അദ്ദേഹം പറയുന്നു.
''ഈ ഷോട്ട് ശരിയായാല്‍ നന്നാകും, ഇല്ലെങ്കില്‍ റീടേക്ക് വേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. തനിക്ക് വയ്യെന്ന് അപ്പോഴും ഇര്‍ഫാന്‍ പറഞ്ഞില്ല. അദ്ദേഹം മൂന്ന് വട്ടം ഓടി. മൂന്നാമത്തെ തവണ ഒരിക്കല്‍ കൂടി എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. അഭിനയ്, ഇതായിരിക്കും ലാസ്റ്റ് ടേക്ക്. ഇതിന് ശേഷം ഞാന്‍ ബോധം കെട്ട് വീണേക്കാം എന്ന് ഇര്‍ഫാന്‍ പറഞ്ഞു. ക്ഷീണം കാരണമാകുമെന്നാണ് ഞാന്‍ കരുതിയത്. അപ്പോഴേക്കും അര്‍ധരാത്രിയായിരുന്നു'' അഭിനയ് പറയുന്നു.
''കുറച്ച് ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന് കാന്‍സര്‍ ആണെന്ന് അറിയുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ കമ്മിറ്റ്‌മെന്റ് ലെവല്‍. ആ അവസ്ഥയിലും ആ മനുഷ്യന്‍ ഓടി. ആ ഓര്‍മകള്‍ എനിക്ക് സ്‌പെഷ്യല്‍ ആണ്. അദ്ദേഹം ജോലിയില്‍ എത്ര മഹാനായിരുന്നുവെന്ന് ഓര്‍മിപ്പിക്കുന്നതാണ് ആ അനുഭവം'' എന്നും അദ്ദേഹം പറയുന്നു.
''ഷൂട്ടിന്റെ അവസാനമായപ്പോഴേക്കും രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നു. കാരണം എനിക്ക് ആ ചിത്രത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. റഫ് കട്ട് കണ്ടപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. 'ഇര്‍ഫാന്‍, നിങ്ങള്‍ ജര്‍മനിയിലോ എവിടെ വേണമെങ്കിലും പോകൂ, രോഗം മാറി വേഗം തിരികെ വരൂ. നമുക്ക് രണ്ടാം ഭാഗം ചെയ്യണം' എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഹഹഹ നമുക്ക് ചെയ്യാം എന്ന് മാത്രം പറഞ്ഞു. എവിടെയോ തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു'' എന്നും അഭിനയ് പറയുന്നു.
2020 ഏപ്രില്‍ 29 നാണ് ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. ബ്ലാക്‌മെയില്‍ പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കാതെയാണ് ഇര്‍ഫാന്‍ യാത്രയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates