Irshad Ali  ഫെയ്സ്ബുക്ക്
Entertainment

'ആ വലിയ മനുഷ്യന്റെ കൂട്ടുകാരനായി, ഒറ്റുകാരനായി, മകനായി...'; ഇനി ദൃശ്യത്തിലെ എസ്‌ഐ സുരേഷ് ബാബുവിലേക്ക്

സ്‌നേഹത്തിനും പരിഗണനകള്‍ക്കും ചേര്‍ത്തുപിടിക്കലുകള്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി

സമകാലിക മലയാളം ഡെസ്ക്

സിനിമ ജീവിതത്തില്‍ മുപ്പത് വര്‍ഷം പിന്നിട്ടിരിക്കുകയാണ് നടന്‍ ഇര്‍ഷാദ്. കടന്നു പോയ 30 വര്‍ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നാണ് ഇര്‍ഷാദ് പറയുന്നത്. മോഹന്‍ലാല്‍ നായകനായ തുരടുമിന്റെ വിജയാഘോഷത്തില്‍ നിന്നും ദൃശ്യം ത്രീയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള കുറിപ്പിലാണ് ഇര്‍ഷാദ് തന്റെ കഴിഞ്ഞ നാളുകള്‍ ഓര്‍ത്തെടുത്തത്. ഇര്‍ഷാദിന്റെ വാക്കുകളിലൂടെ:

സൂചിയില്‍ നൂലുകോര്‍ക്കുന്നത്ര

സൂക്ഷ്മതയില്‍

ഓരോ മനുഷ്യനും ആരോ ഒരാളാല്‍

പരിഗണിക്കപ്പെടുന്നുണ്ട്.

- ആതിര ആര്‍

കേച്ചേരിയ്ക്ക് അടുത്ത പട്ടിക്കര എന്ന കുഗ്രാമത്തില്‍ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോള്‍, നെഞ്ചില്‍ ജ്വലിച്ചുനിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്. കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും!

സിനിമയില്‍ പിടിവള്ളിയായി മാറാന്‍ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു അവസരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതുമായിരുന്നില്ല. കുട്ടിക്കാലത്തെപ്പോഴോ മനസ്സില്‍ കയറിക്കൂടിയ സിനിമയെന്ന മോഹവസ്തു, ഇരിക്കപ്പൊറുതി തരാത്ത രീതിയില്‍ അതെന്നെ അത്രമേല്‍ കൊതിപ്പിച്ചിരുന്നു.

ചാന്‍സ് തേടിയുള്ള അലച്ചിലുകള്‍, മുന്നില്‍ അടയുന്ന വാതിലുകള്‍.. അത്ര വേഗത്തില്‍ സിനിമയെനിക്ക് പിടിതരില്ല എന്ന് തിരിച്ചറിഞ്ഞത് തിരസ്‌കാരങ്ങളിലൂടെയാണ്. മോഹഭംഗങ്ങളുടെ പേമാരിയില്‍ ഒരുവേള ഞാന്‍ പൊള്ളിയവസാനിച്ചേനെ. പക്ഷേ, ഉള്ളിന്റെ ഉള്ളില്‍ 'ഇന്നല്ലെങ്കില്‍ നാളെ, വഴി തെളിയും' എന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെളിച്ചം ബാക്കി നിന്നു.. ആ വെളിച്ചമായിരുന്നു വഴികാട്ടി.

വര്‍ഷം 1997. തിരുവനന്തപുരം വിമന്‍സ് കോളേജ്. 'പ്രണയവര്‍ണങ്ങളുടെ' ഷൂട്ടിംഗ് നടക്കുന്നു. തോമസ് സെബാസ്റ്റ്യനും ഗിരീഷ് മാരാരും തിരുവനന്തപുരത്തേക്ക് വിളിക്കുമ്പോള്‍ ആ ക്യാമ്പസ് ചിത്രത്തില്‍ ഒരു വിദ്യാര്‍ത്ഥി വേഷം, അതിലപ്പുറം മോഹമില്ലായിരുന്നു.

സിബി സാറിന്റെ മുന്‍ ചിത്രമായ 'നീ വരുവോളം' എന്ന സിനിമയില്‍ എന്റെ രംഗം അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു. ഒരുപക്ഷേ, ആ മോഹഭംഗത്തിനുള്ള പ്രാായശ്ചിത്തമെന്നവണ്ണമാവാം, അവസാന നിമിഷം എന്നെ 'പ്രണയവര്‍ണങ്ങളി'ലേക്ക് വിളിക്കുന്നത്. കോളേജ് ചെയര്‍മാന്റെ വേഷമായിരുന്നു എനിക്കതില്‍.

സിബി സാറിനെ പോയി കണ്ടപ്പോള്‍, അദ്ദേഹം തിരക്കഥാകൃത്തുക്കളായ സച്ചിദാനന്ദന്‍ പുഴങ്കരയുടെയും ജയരാമന്‍ കടമ്പാട്ടിന്റെയും അടുത്തേക്ക് സ്‌നേഹത്തോടെ പറഞ്ഞയച്ചു. സിനിമയില്‍ പിച്ചവച്ചു തുടങ്ങിയ ആ കാലത്ത് അവരെല്ലാം നല്‍കിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല.

ആ പടത്തിന്റെ എക്‌സിക്യൂട്ടീവ് ആയിരുന്നു രജപുത്ര രഞ്ജിത്തേട്ടന്‍. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍, മനസ്സില്‍ തിങ്ങിനിന്ന ആശങ്ക ഞാന്‍ മറച്ചുവെച്ചില്ല. 'രഞ്ജിയേട്ടാ, എനിക്ക് സിനിമയില്‍ തുടരാന്‍ പറ്റുമോ? രക്ഷപ്പെടുമോ?'

'സിനിമയില്‍ അങ്ങനെ എളുപ്പവഴികളൊന്നുമില്ല മോനേ. ശ്രമിച്ചുകൊണ്ടേയിരിക്കുക,' എന്നായിരുന്നു മറുപടി.

വെറും വാക്കുകളായിരുന്നില്ല അത്, പ്രത്യാശയുടെ മന്ത്രമായിരുന്നു.

അന്നു തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തേട്ടനുമായി.

പിന്നീട്, രഞ്ജിത്തേട്ടന്റെ രജപുത്ര പ്രൊഡ്യൂസ് ചെയ്ത സീരിയലുകളില്‍ അഭിനയിച്ചു.

ഒറ്റ സിനിമയെ രഞ്ജിത്തേട്ടന്‍ സംവിധാനം ചെയ്തിട്ടുള്ളൂ, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ. ആ സ്വപ്നത്തിലും എന്നെ ചേര്‍ത്തുപിടിച്ച്, ഒരുകഥാപാത്രത്തെ അദ്ദേഹം എനിക്കായി നല്‍കി. രഞ്ജിത്തേട്ടനൊപ്പമുള്ള, എന്റെ യാത്ര ഇപ്പൊഴിതാ 'തുടരും' വരെ എത്തി നില്‍ക്കുന്നു.

വര്‍ഷം 1999. നരസിംഹമെന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, 'ഒരു വലിയ മനുഷ്യന്‍ കഥാപാത്രമായി ജീവിക്കുന്നത്' അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ആ സിനിമയില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലെ ഒരാളായി ഒപ്പം നില്‍ക്കാന്‍ പറ്റി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കൂട്ടുകാരനായി, ഒറ്റുക്കാരനായി, ബിഗ് ബ്രദറി'ല്‍ സ്‌നേഹം നിറഞ്ഞ ആ നെഞ്ചില്‍ തലചായ്ച്ച് മരണം വരിക്കുന്ന ചങ്ക് ബ്രോ പരീക്കര്‍ ആയി, പരദേശിയില്‍ മകനായി.

'തുടരും' എന്ന ചിത്രത്തില്‍ ഷാജിയായി. 'ദൃശ്യം 3'-ല്‍ അദ്ദേഹത്തിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നു. അടുത്ത് വരാനിരിക്കുന്ന ചിത്രവും അദ്ദേഹത്തിനൊപ്പം തന്നെ. അതുമൊരു സ്‌നേഹതുടര്‍ച്ചയാണ്.

സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥകളിയ്ക്ക് ഒന്നാം സമ്മാനം നേടിയ ഒരു പയ്യന്‍. കോളേജിലെ വാധ്യാര് പണി ഉപേക്ഷിച്ച്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സിനിമയിലേക്ക് എടുത്തുചാടിയ ഒരാള്‍. 2019 ലെ ഐഎഫ്എഫ്‌കെ കാലത്താണ് തരുണ്‍ എന്നെ ഓപ്പറേഷന്‍ ജാവയിലേക്ക് വിളിക്കുന്നത്. പൊലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. 'യൂണിഫോം ഇല്ല ഇക്കാ,'? എന്നായിരുന്നു മറുപടി. തുടക്കത്തില്‍ ചെറിയൊരു സിനിമയായി തരുണ്‍ അതാലോചിച്ചപ്പോഴും ആ പൊലീസ് വേഷത്തിന് എന്നെ തന്നെയാണ് പരിഗണിച്ചിരുന്നതത്രെ. പിന്നീടാണ് അതൊരു വലിയ പ്രൊജക്റ്റായി മാറിയത്.

തരുണിന്റെ രണ്ടാമത്തെ ചിത്രം സൗദി വെള്ളക്കയുടെ ഭാഗമാവാന്‍ കഴിഞ്ഞില്ലെങ്കിലും, 'തുടരും' വന്നപ്പോള്‍ തരുണ്‍ വീണ്ടുമെന്നെ ചേര്‍ത്തുപിടിച്ചു. അടുത്തതായി, 'ഓപ്പറേഷന്‍ കംബോഡിയ' വരുന്നു... തരുണിനൊപ്പമുള്ള ആ നല്ല യാത്ര തുടരുന്നു. അങ്ങനെയങ്ങനെ, ഒരുപാട് പേരുടെ പരിഗണനകളുടെയും ഹൃദയം നിറഞ്ഞ ചേര്‍ത്തുപിടിക്കലുകളുടെയും ഭാഗമായാണ് ഞാനിവിടെ തുടരുന്നത്. നേരിട്ടറിയാത്ത എത്രയോ മനുഷ്യരുടെ സ്‌നേഹം നെഞ്ചേറ്റി. മരണം വരെ ഇവിടെയിങ്ങനെ തുടരണമെന്നാണ് മോഹവും. കടന്നുപോയ മുപ്പത് സിനിമാവര്‍ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ എല്ലാവര്‍ക്കും, സ്‌നേഹത്തിനും പരിഗണനകള്‍ക്കും ചേര്‍ത്തുപിടിക്കലുകള്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി!

Irshad Ali about his journey in cinema and acting with Mohanlal till Thudarum and towards Dhrishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT