27 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്നുവെന്ന വാർത്ത സിനിമ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മഹാരാജ്ഞി- ക്വീൻ ഓഫ് ക്വീൻസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
പ്രഭുദേവയുടെ ആക്ഷൻ രംഗത്തിലൂടെയാണ് ടീസർ തുടങ്ങുന്നത്. സംയുക്ത മേനോൻ, കജോൾ, നസ്റുദ്ദീൻ ഷാ തുടങ്ങിയവരേയും ടീസറിൽ കാണാം. കജോളിന്റെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്. തെലുങ്ക് സംവിധായകൻ ചരൺ തേജ് ഉപ്പളപതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചരൺ തേജിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്.
നടൻ അജയ് ദേവ്ഗൺ ആണ് ഇൻസ്റ്റഗ്രാം പേജിലൂടെ ടീസർ പുറത്തുവിട്ടത്. ബവേജ സ്റ്റുഡിയോസിൻ്റെയും ഇ7 എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെയും ബാനറിൽ ഹർമൻ ബവേജ, വെങ്കട അനീഷ് ഡോറിഗില്ലു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ജിഷു സെൻഗുപ്ത, ആദിത്യ സീൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
"കജോൾ, പ്രഭുദേവ, നസീർ സാർ, സംയുക്ത മേനോൻ, ജിഷു തുടങ്ങിയവരെല്ലാം ചേർന്ന് ഈ പ്രൊജക്ടിനെ ഉയരങ്ങളിലെത്തിച്ചു. അവരുടെ അഭിനയം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നതുവരെ തനിക്ക് കാത്തിരിക്കാനാകില്ല"- എന്ന് സംവിധായകൻ ചരൺ തേജ പറഞ്ഞു. "ബവേജ സ്റ്റുഡിയോസിൻ്റെ ഒരു സ്പെഷ്യൽ പ്രൊജക്ടാണിത്. വളരെ ശ്രദ്ധേയമായ കഥയാണിത്. ഇ7 എൻ്റർടെയ്ൻമെൻ്റ്‌സിനും കജോൾ, പ്രഭുദേവ, നസ്റുദ്ദീൻ ഷാ, സംയുക്ത തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ആവേശത്തിലാണ്.
കഴിവുകൊണ്ടും അഭിനയപാടവം കൊണ്ടും കജോൾ തന്നെയാണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ. ശക്തമായ കഥകൾ പറയുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു, ഇത്തരം മികച്ചൊരു ടീമിനൊപ്പം ഈ പ്രൊജക്ട് പൂർത്തിയാക്കാനായതിൽ സന്തുഷ്ടനാണെന്ന് നിർമ്മാതാവ്" ഹർമൻ ബവേജ പറഞ്ഞു. "കഥ കേട്ടപ്പോൾ തന്നെ ജനങ്ങളിലേക്കെത്തേണ്ട ശക്തമായ ഒരു സന്ദേശം ഇതിലുണ്ടെന്ന് എനിക്കറിയാമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചരൺ തേജ് ഉപ്പളപതിയുടെ സംവിധാന മികവും അതുല്യ പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളും ഉള്ളതിനാൽ ഈ കഥ പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന്" നിർമ്മാതാവ് വെങ്കട അനീഷും പറഞ്ഞു. 1997 ൽ പുറത്തിറങ്ങിയ മിൻസാര കനവ് ആയിരുന്നു പ്രഭുദേവയും കജോളും ഒന്നിച്ചെത്തിയ ചിത്രം. ഡോ പാട്ടി എന്ന ചിത്രമാണ് കജോളിന്റേതായി ഇനി വരാനുള്ള ചിത്രം. പൊലീസ് ഉദ്യോഗസ്ഥയായാണ് കജോൾ ചിത്രത്തിലെത്തുക. കൃതി സനോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates