കമൽ ഹാസൻ (Kamal Haasan) ഫെയ്സ്ബുക്ക്
Entertainment

'ത​ഗ് ലൈഫ്' മുതൽ 'വിരുമാണ്ടി' വരെ; വിവാദത്തില്‍ കുളിച്ചുവന്ന അഞ്ചു കമല്‍ ചിത്രങ്ങള്‍

സിനിമയുടെ പേരിൽ കമൽ ഹാസൻ വിവാദങ്ങളിൽ നിറയുന്നത് ഇത് ആദ്യമല്ല.

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി സിനിമയിലെത്തി, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ ലോകത്ത് നിന്ന് നേടേണ്ടതെല്ലാം ഏറെ കുറേ നടൻ കമൽ ഹാസൻ (Kamal Haasan) നേടിക്കഴിഞ്ഞു. പണം, പ്രശസ്തി, വിവിധ പുരസ്‌കാരങ്ങൾ, ആദരവ്, പ്രണയം, വിവാദങ്ങൾ അങ്ങനെയെല്ലാം. എങ്ങനെ നോക്കിയാലും കമൽ ഹാസന്റെ സിനിമാ- വ്യക്തി ജീവിതം വളരെ സംഭവ ബഹുലമാണെന്ന് പറയേണ്ടി വരും. സിനിമയുടെ പേരിൽ കമൽ ഹാസൻ വിവാദങ്ങളിൽ നിറയുന്നത് ഇത് ആദ്യമല്ല. പല കാലങ്ങളിലായി അദ്ദേഹം സിനിമകളുടെ പേരിൽ വേട്ടയാടപ്പെട്ടിട്ടുണ്ട്. സിനിമയിൽ കമൽ ഹാസന് നേരിടേണ്ടി വന്ന അഞ്ച് വിവാദങ്ങളിലൂടെ.

കന്നഡ ഭാഷയെക്കുറിച്ചുള്ള വിവാദം

തഗ് ലൈഫ്

തഗ് ലൈഫ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ തമിഴ് ഭാഷയില്‍ നിന്നാണ് കന്നഡ രൂപം കൊണ്ടതെന്ന് കമല്‍ ഹാസന്‍ പറഞ്ഞതാണ് ഏറെ വിവാദമായി മാറിയത്. കമൽ ഹാസന്റെ ഈ പരാമർശം അദ്ദേഹത്തിന് തന്നെ വിനയായി മാറിയിരിക്കുകയാണ്. വിവാദത്തെത്തുടർന്ന് കമലിന്റെ പുതിയ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചിരുന്നു. കമൽ ഹാസൻ മാപ്പ് പറയാത്തതിൽ കർണാടക ഹൈക്കോടതിയും നടനെതിരെ രം​ഗത്തെത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ചിത്രം ജൂൺ 5 നാണ് റിലീസ് ചെയ്യുന്നത്. കർണാടകയിൽ ചിത്രം അഞ്ചിന് പ്രദർശിപ്പിക്കില്ല.

വിശ്വരൂപം

വിശ്വരൂപം

2013 ൽ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിലൂടെ കമൽ ഹാസൻ വിവാദങ്ങളിൽ നിറഞ്ഞു നിന്നു. തങ്ങളുടെ സമുദായത്തെ മോശമായി സിനിമയിൽ ചിത്രീകരിച്ചു എന്ന പേരിൽ നിരവധി മുസ്ലീം സംഘടനകൾ രം​ഗത്തെത്തി. മറ്റു സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചെങ്കിലും തമിഴ്നാട്ടിൽ ചിത്രത്തിന് രണ്ടാഴ്ച വിലക്കേർപ്പെടുത്തി. അഭിനയത്തിന് പുറമേ ചിത്രത്തിൽ രചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നീ റോളുകളിലും കമൽ ഹാസൻ എത്തി. സിനിമയുടെ വിലക്ക് കമൽ ഹാസന് വൻ തിരിച്ചടിയായി മാറിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലൂടെ താൻ കടന്നു പോയെന്ന് കമൽ ഹാസൻ പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു.

വിരുമാണ്ടി

വിരുമാണ്ടി

കമൽ ഹാസന്റെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വിരുമാണ്ടി. കമൽ ഹാസൻ തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പശുപതി, നെപ്പോളിയൻ, അഭിരാമി, രോഹിണി, ഷൺമുഖരാജൻ, നാസർ എന്നിവരുൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു. 2003 ഏപ്രിൽ 18ന് ചിത്രം പ്രഖ്യാപിക്കുമ്പോൾ സാൻഡിയാർ എന്നായിരുന്നു പേര്. എന്നാൽ ഈ പേരിനെതിരെ തമിഴ്നാട്ടിലെ വിവിധ സംഘടനകൾ രം​ഗത്തെത്തി. കമൽ ഹാസൻ അന്നത്തെ മുഖ്യമന്ത്രി ജയലളിതയെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. ‌ജയലളിതയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ചിത്രത്തിന്റെ പേര് വിരുമാണ്ടി എന്ന് മാറ്റിയത്.

മന്മദൻ അമ്പ്

മന്മദൻ അമ്പ്

2010 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു മന്മദൻ അമ്പ്. കെഎസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് കമൽ ഹാസനാണ് തിരക്കഥയൊരുക്കിയത്. തൃഷ, മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദേവിശ്രീ പ്രസാദായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. കമൽ ഹാസന്റേതായിരുന്നു വരികൾ. ചിത്രത്തിലെ കമൽ കവിതൈ എന്ന പാട്ടാണ് വിവാദമായി മാറിയത്. സ്ത്രീകളുടെ ആ​ഗ്രഹങ്ങളേക്കുറിച്ചു, ചില ഹിന്ദു ദേവതകളെ പാട്ടിൽ പരാമർശിച്ചതുമാണ് വിവാദത്തിന് വഴിതെളിച്ചത്. വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ ചിത്രത്തിൽ നിന്ന് ഈ ​ഗാനം നീക്കം ചെയ്തു.

വിക്രം

വിക്രം

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. ചിത്രത്തിലെ പത്തല പത്തല എന്ന‌ പാട്ടിലെ ചില വരികളാണ് വിവാദമായി മാറിയത്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ഗാനം എഴുതിയതും ആലപിച്ചതും കമൽ ഹാസൻ തന്നെയാണ്. ഈ വരികളിൽ ചിലത് കേന്ദ്ര സർക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് കാരണമായത്. താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നാണ് ഉയർന്ന ആക്ഷേപം. ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളന്റെ കയ്യിലാണെന്നും പാട്ടിൽ കമൽ എഴുതിയിരിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്.- എന്നാൽ പിന്നീട് പാട്ടിൽ നിന്ന് ഈ വരികൾ ഒഴിവാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT