ഈ വാരാന്ത്യത്തിലും ഗംഭീര സിനിമകളാണ് ഒടിടി സിനിമാ പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളികളെ തിയറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ച ഷറഫുദ്ദീൻ ചിത്രം പെറ്റ് ഡിറ്റക്ടീവും ഈ ആഴ്ച സ്ട്രീമിങ് ആരംഭിക്കും. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസിനെത്തുന്ന ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കിയാലോ.
തിയറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് പെറ്റ് ഡിറ്റക്ടീവ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ മാസം 28 മുതൽ ചിത്രം സീ 5 ൽ സ്ട്രീമിങ് ആരംഭിക്കും. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഹശാങ്ക് ഖൈത്താന്റെ റൊമാന്റിക് കോമഡി ചിത്രമായ സണ്ണി സൻസ്കാരി കി തുളസി കുമാരി തിയറ്ററുകളിൽ വൻ പരാജയമായി മാറിയിരുന്നു. വരുൺ ധവാൻ, ജാൻവി കപൂർ, സന്യ മൽഹോത്ര, രോഹിത് സരഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഇന്ന് മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്. ഒക്ടോബർ 10-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മനോരമ മാക്സിലൂടെ ഉടൻ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
വിഷ്ണു വിശാൽ നായകനായെത്തിയ തമിഴ് ചിത്രം ആര്യൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 31നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വിഷ്ണു വിശാൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിച്ചത്. നെറ്റ്ഫ്ലിക്സാണ് ആര്യൻ്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. നവംബർ 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
രവി തേജ നായകനായെത്തിയ ചിത്രമാണ് 'മാസ് ജതാര'. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഭാനു ഭോഗവരപു ആണ്. ചിത്രവും ഒടിടി റിലീസിനൊരുങ്ങുകയാണ്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായെത്തിയത്. നവംബർ 28 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.
കൊമലീ പ്രസാദും രക്ഷിത് അറ്റ്ലൂരിയും പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ചിത്രമാണ് സസിവടനെ. സൺ നെക്സ്റ്റിലൂടെ ഈ മാസം 28 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ശശി മോഹൻ ഉബ്ബാന ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates