സമീപകാലത്ത് പുറത്തിറങ്ങിയതിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു 'ചത്താ പച്ച'. മമ്മൂട്ടിയുടെ കാമിയോ റോളിനെക്കുറിച്ചും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചത്താ പച്ച, പാതിരാത്രി, തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി ഉൾപ്പെടെ നിങ്ങൾ കാത്തിരുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്. ഈ വാരാന്ത്യത്തിലെ റിലീസുകളിലൂടെ.
അടുത്തിടെ പുറത്തിറങ്ങിയതിൽ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു ചത്താ പച്ച: റിങ് ഓഫ് റൗഡീസ്. അർജുൻ അശോകൻ, റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോളും പ്രേക്ഷകർ ചർച്ചയാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി 19 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത സിനിമയാണ് "പാതിരാത്രി". ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം ഫെബ്രുവരി 20 മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. സീ 5 ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്.
മലയാള സിനിമയിൽ അടുത്ത കാലത്തായി ശ്രദ്ധിക്കപ്പെട്ട നിഗൂഢത നിറഞ്ഞ ഡാർക്ക് ക്രൈം ത്രില്ലറാണ് 'ആമോസ് അലക്സാണ്ടർ'. ജാഫർ ഇടുക്കിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നവാഗതനായ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ക്രൈം ജേണലിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ചിത്രം ഫെബ്രുവരി 20 മുതൽ സൺ നെക്സ്റ്റ്, ഒടിടി പ്ലേ പ്രീമിയം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് കാണാനാകും.
കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് തു മേരി മേം തേരാ മേം തേരാ തു മേരി. കരൺ ശ്രീകാന്ത് ശർമ്മ രചന നിർവഹിച്ച ചിത്രം സമീർ വിദ്വാൻസ് ആണ് സംവിധാനം ചെയ്ത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഫെബ്രുവരി 19 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.
ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് “തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി”. റിമ കല്ലിങ്കലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഫെബ്രുവരി 20 മുതൽ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ജി വി പ്രകാശ് കുമാർ, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലക്കി ദ് സൂപ്പർ സ്റ്റാർ. ഒരു പട്ടിക്കുട്ടിയിലൂടെ ജീവിതം മാറി മറിയുന്ന ഒരു കൂട്ടം ആളുകളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നത്. ഫെബ്രുവരി 20 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates