ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത വിജയമാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര സ്വന്തമാക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയലധികം നേടിയ ലോക 300 കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
ബോക്‌സ് ഓഫീസിലെ വിജയം പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ലോകയും ചന്ദ്രയുമൊക്കെ തന്നെയാണ് ചര്‍ച്ചാ വിഷയം. ഐതിഹ്യമാലയിലെ കള്ളിയങ്കാട്ട് നീലിയെ ഇന്നത്തെ കാലത്ത് എത്തിച്ചു കൊണ്ടാണ് ലോകയില്‍ ഡൊമിനിക് അരുണ്‍ കഥ പറയുന്നത്. നീലിയ്‌ക്കൊപ്പം ചാത്തനും ഒടിയനും കടമറ്റത്ത് കത്തനാരുമൊക്കെ വന്നു പോകുന്ന ചിത്രം അഞ്ച് സിനിമകളുടെ യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ്.
ലോകയുടെ വിജയാരവങ്ങള്‍ക്കിടെ ഒരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പറക്കാന്‍ കഴിയുന്ന നീലിക്ക് എന്തിനാണ് പാസ്‌പോര്‍ട്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സിനിമാ മിക്‌സര്‍ എന്ന പേജിലാണ് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. 'ലോക കണ്ടത് മുതല്‍ തുടങ്ങിയ ഒരു സംശയമാണ്. കള്ളിയങ്കാട്ട് നീലിക്ക് ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ എന്തിനാണ് പാസ്‌പോര്‍ട്ട്? പറന്നുപോയാല്‍ പോരേ?' എന്നായിരുന്നു ചോദ്യം. പിന്നാലെ മറുപടിയുമായി നിരവധി പേരാണ് എത്തിയത്.
രസകരമായ മറുപടികളാണ് പോസ്റ്റിന് ലഭിക്കുന്നത്. ചോരയ്ക്ക് മൈലേജ് കുറവായതു കൊണ്ടാണോ എന്നാണ് ചിലര്‍ മുന്നോട്ട് വെക്കുന്ന സംശയം. 'അത്രേം മൈലേജിനുള്ള ചോര വാങ്ങി കുടിക്കുന്ന കാശിനു ഒരു ടിക്കറ്റ് എടുത്ത് സീറ്റില്‍ ഇരുന്നാല്‍ പോരേ. പറക്കുന്ന കഷ്ടപ്പാടും ഇല്ല, മനുഷ്യനെ പോലെ മനുഷ്യരുടെ കൂടെ ജീവിക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് എല്ലാം വേണ്ടേ?, എല്ലാം സിസ്റ്റമാറ്റിക് ആവണം എന്ന് നീലിക്ക് പണ്ടേ നിര്‍ബന്ധമാണ്, ഇത് ഒര് മിത്ത് അല്ലെ സിനിമയെ സിനിമാ ആയി കാണുക അല്ലാതെ റിയാലിറ്റി അല്ലെങ്കില്‍ ജീവിതം ആയി കാണാതിരുന്നാല്‍ മതി' എന്നിങ്ങനെയാണ് ചിലരുടെ മറുപടികള്‍.
സിനിമയുടെ ലോജിക് പ്രകാരം നീലി നൂറ്റാണ്ടുകളായി മനുഷ്യരുടെ ഇടയില്‍ ജീവിച്ചു പോരുകയാണ്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറാനും, തന്റെ യഥാര്‍ത്ഥ്യം മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാനുമാണ് നീലി പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖങ്ങള്‍ തയ്യാറാക്കുന്നതും സാധാരണ മനുഷ്യരെ പോലെ ജോലി ചെയ്ത് ജീവിക്കുന്നതും. എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് രസകരമായ കാരണങ്ങള്‍ കണ്ടെത്താന്‍ ഈ പോസ്റ്റ് ധാരാളമാണ്.
'പറന്നു വരാം. പക്ഷെ ലഗേജ് ഫ്‌ളൈറ്റില്‍ തന്നെ കൊണ്ട് വരണ്ടെ. അപ്പോ പിന്നെ ബെംഗളൂരു നേരത്തെ വന്നു നിന്നിട്ട് ഒരു കര്യോം ഇല്ലല്ലോ. അതാണ് അതിന്റെ ഒരു ഇത് എന്നാണ് എനിക്ക് തോന്നുന്നേ, അങ്ങനെ ആണേല്‍ നീലിക്ക് ജോലിക്ക് പോണോ മിസ്റ്റര്‍. വഴിയേ പോവുന്നവരെ കടിച്ച് കുടിച്ച് ജീവിച്ചാല്‍ പോരെ. സാധാരണ ജീവിതം നയിക്കാന്‍ ആണ് ഓരോ നാട്ടില്‍ പോവുമ്പോ പ്രൂഫ് ഉണ്ടാക്കുന്നത്. മലയാളത്തില്‍ ഇങ്ങനെ ഒരു പടം ഇറങ്ങിയാല്‍ മാത്രം ഓരോ കൊണച്ച സംശയങ്ങള്‍. അന്യ ഭാഷയില്‍ ഇറങ്ങിയാല്‍ വായും പൊളിച്ച് ഇരുന്ന് കണ്ടോളും' എന്നായിരുന്നു മറ്റ് ചില കമന്റുകള്‍. അതേസമയം നീലിയ്ക്ക് വെയിലടിച്ചാല്‍ പ്രശ്‌നമാണ് എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates