Kanthapuram, Maala Parvathi 
Entertainment

'ആ ദിവസം ഞാന്‍ മറക്കില്ല, നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; സ്ത്രീ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?

ആ ദിവസം ഞാന്‍ മറക്കില്ല. എന്റെ അറിവിനും, ചിന്തകള്‍ക്കും വിലയില്ലാതെ ആയ ഒരു ദിവസം. നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി നടി മാല പാര്‍വതി. സ്ത്രീകള്‍ പൊതു ഇടത്ത് ഇറങ്ങിയാല്‍ സര്‍വ്വനാശം സംഭവിക്കുമെന്നത് ഒരിക്കലും സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ആ പ്രസ്താവനയെ അനുകൂലിക്കുക എന്നത് ഒരിക്കലും ഒരു പുരോഗമന ചിന്തയുള്ള സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മാല പാര്‍വതി പറയുന്നു. ആ വാക്കുകളിലേക്ക്:

കാന്തപുരം ഉസ്താദിന്റെ സമൂഹ വിരുദ്ധ പ്രസ്താവനയെ വെറും സ്ത്രീ വിരുദ്ധ പ്രസ്താവനയായി തള്ളി കളയുന്നത് തന്നെ തെറ്റാണ്. സ്ത്രീകള്‍ പൊതു ഇടത്ത് ഇറങ്ങിയാല്‍ സര്‍വ്വനാശം സംഭവിക്കുമെന്നത് ഒരിക്കലും സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ആ പ്രസ്താവനയെ അനുകൂലിക്കുക എന്നത് ഒരിക്കലും ഒരു പുരോഗമന ചിന്തയുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. ഇതൊരു നിലപാടായി പറയേണ്ട കാര്യമല്ല, കാരണം ഇത് ഭരണഘടന നല്‍കിയിട്ടുള്ള അവകാശമാണ്. പൗരന്‍ എന്ന് പറയുമ്പോള്‍ അതില്‍ ആണും പെണ്ണും പെടും.

കാന്തപുരം മൗലവിയുടെ ഈ പ്രസ്ഥാവന കേട്ടപ്പോള്‍, എനിക്ക് പണ്ട് നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.2001ലാണ് സംഭവം.ഞാനന്ന് കൈരളി ചാനലില്‍ അവതാരികയാണ്. ശുഭദിനം എന്ന പ്രഭാത പരിപാടിയുടെ അവതാരകര്‍ അനൂപ് മേനോനും ഞാനുമാണ്. ആ ഇടയ്ക്ക്, പ്രശസ്തനായ

ഒരു മൗലവി അതിഥിയായി വന്നിരുന്നു.(പേര് പറയുന്നില്ല). മത പണ്ഡിതന്മാര്‍ ഒക്കെ വരുമ്പോള്‍, സാധാരണ ഗതിയില്‍ കൂടുതല്‍ ചോദ്യം ചോദിക്കുക ഞാനാണ്. ഇസ്ലാമിക ദര്‍ശനവും, ഖുര്‍ ആനും, മറ്റ് മത ഗ്രന്ഥങ്ങള്‍ പോലെ തന്നെ , വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നത് കൊണ്ട്, ആത്മീയ വിഷയങ്ങള്‍ എനിക്ക് അനായാസമായിരുന്നു. ആ ഇടയ്ക്ക്, ശ്രീ ഇബ്രാഹിം സുലൈമാന്‍ സേഠ്, ശ്രീ സമദാനി തുടങ്ങിയവരുടെ ഇന്റര്‍വ്യൂ ഒക്കെ നിലവാരം പുലര്‍ത്തി എന്ന് എല്ലാവരും പറഞ്ഞതിന്റെ തെല്ലൊരു അഹങ്കാരത്തോടെ ഇരിക്കുന്ന സമയത്താണ് പ്രസ്തുത മൗലവി അതിഥിയായെത്തിയത്.

അദ്ദേഹമെത്തി എന്ന് പറഞ്ഞപ്പോള്‍ സ്വീകരിക്കാന്‍ ഞാനാണ് പോയത്. എന്നെ കണ്ടതും, അദ്ദേഹം തല എതിര്‍ വശത്തേക്ക് തിരിച്ചു. ഞാനാ വശത്തേക്ക് നീങ്ങി നിന്ന് നമസ്‌ക്കാരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം, തല ഇടത്തേക്ക് തിരിച്ചു. എന്നെ അദ്ദേഹം എന്നെ നോക്കുന്നുമില്ല.ഞാന്‍ വീണ്ടും ഇടത്തോട്ട് നീങ്ങി. അദ്ദേഹം തല വലത്തോട്ട് തിരിച്ചു. എന്താണ് സംഭവം എന്നറിയാതെ ഞാനന്തം വിട്ടു നിന്നപ്പോള്‍, പുരുഷന്മാരാരും ഇല്ലേ എന്ന ചോദ്യം വന്നു. ബാത്ത് റൂം എവിടെയാണ് എന്നോ മറ്റോ ചോദിക്കാനാവും എന്ന് കരുതി ഞാന്‍ വേഗം പോയി അനുപിന വിളിച്ചു. അനൂപും, മേക്കപ്പ്മാന്‍ ഷാന്‍ പട്ടണവും കൂടെ ഓടി വന്നു. വിവരം അന്വേഷിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, ഞാന്‍ സ്ത്രീകളോട് സംസാരിക്കില്ല എന്ന്. ഇന്റര്‍വ്യൂ ചെയ്യുന്നത് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് എന്ന് അനൂപ് പറഞ്ഞു. അനൂപിനെക്കാള്‍ എനിക്കാണ് വിഷയം അറിയുന്നത് എന്നും അനൂപ് വ്യക്തമാക്കി..പക്ഷേ അദ്ദേഹം നിലപാട് കടുപ്പിച്ചു. എന്റെ കണ്ണില്‍ നോക്കില്ല, സ്ത്രീയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല.

അന്ന് ,ഞാന്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചു. എന്റെ അവകാശ ലംഘനമാണ് ഇത് എന്നൊക്കെ പറഞ്ഞു.ആ വിഷയം മേലധികാരികളില്‍ വരെ എത്തി. അവസാനം ഉത്തരവ് വന്നു. അനൂപ് മാത്രം ഇന്റര്‍വ്യൂ ചെയ്താല്‍ മതി എന്ന്. നിസ്സഹായമായി തോന്നിയ ഒരു ദിവസമായിരുന്നു അന്ന്. മാര്‍ച്ച് 19 2001. ആ ദിവസം ഞാന്‍ മറക്കില്ല. എന്റെ അറിവിനും, ചിന്തകള്‍ക്കും വിലയില്ലാതെ ആയ ഒരു ദിവസം. നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം.

അന്ന് ഞാന്‍ ഇസ്ലാം മത വിശ്വാസികളായ സ്ത്രീകളെ കുറിച്ചാണ് ആലോചിച്ചത്. എന്ത് മാത്രം പോരാട്ടമാണ് അവര് നടത്തുന്നത് എന്ന്. 2001 കഴിഞ്ഞ് 2026 ആയി. ചര്‍ച്ചകള്‍ക്കൊന്നു ഒരു മാറ്റവുമില്ല.

നേപ്പാളിലെ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വവും നശിച്ച് കിടക്കുന്ന ഒരു ജനതയുടെ അവസ്ഥ വേട്ടയാടുന്നു. ആണേതാണ് പെണ്ണെതാണ് എന്ന് മനസ്സിലാകാതെ കൂട്ടത്തോടെ അടക്കം ചെയ്യുന്നു. അപ്പോഴാണ് ഇവിടെ ഇത്തരം ചര്‍ച്ചകള്‍. അതുക്കും മേലെ നടക്കുന്ന മറ്റൊരു കാര്യം ഇത് ശരിയാണോ തെറ്റാണോ എന്ന ചര്‍ച്ചയാണ് .അതാണ് ഒട്ടും സഹിക്കാനാവാത്തത്.

ഞാനന്ന് ആ മൗലവിയോട് ചോദിച്ചത് തന്നെ ആവര്‍ത്തിക്കുന്നു... ക്രിട്ടിക്കലായി ആശുപത്രിയിലെത്തിയാല്‍, സ്ത്രീ ഡോക്ടര്‍ എന്നെ പരിശോധിക്കരുത് എന്ന് താങ്കള്‍ പറയുമോ എന്ന്? സ്ത്രീകള്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാത്തത് കൊണ്ട്, അദ്ദേഹം ആ ചോദ്യത്തിന് മറുപടി നല്‍കിയില്ല.

Maala Parvathi reacts to Kanthapuram's statement about women. Recalls an incident from 2001.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്

സുഭാഷ് ചന്ദ്രയ്ക്ക് തിരിച്ചടി, കടബാധ്യതയില്‍ വന്‍ ഇളവ് നല്‍കിയ എന്‍സിഎല്‍ടി ഉത്തരവിന് സ്‌റ്റേ

കൈയില്‍ 2000 രൂപ ഉണ്ടോ?, പ്രായം 20 ആണോ?, അരക്കോടി സമ്പാദിക്കാം; പിപിഎഫ് നിക്ഷേപ തന്ത്രം

'ഈ ഇ മെയിൽ വിലാസം എന്റേതല്ല'; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്