തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് മഡോണ സെബാസ്റ്റ്യൻ. തന്റെ കുട്ടിക്കാലത്തെ ചില കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞതിന്റെ പേരിൽ ട്രോളുകളും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നെ ശരിക്കും അച്ഛൻ ട്രെയ്‌ൻ ചെയ്യുകയായിരുന്നു. രണ്ട് വയസായപ്പോൾ മറ്റൊരു റൂമിൽ കിടത്തി. ഒരു ദിവസത്തെ എല്ലാ കാര്യങ്ങൾക്കും ടൈം ടേബിൾ ഉണ്ടായിരുന്നു.
പക്ഷേ അതേസമയം അച്ഛൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നുവെന്നാണ് മഡോണ തന്റെ ഒരഭിമുഖത്തിൽ മുൻപ് പറഞ്ഞത്. എന്നാൽ ഇത്തരം ചില കാര്യങ്ങൾക്ക് ഒരു മറുവശം കൂടിയുണ്ടെന്ന് പറയുകയാണ് മഡോണ. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. 'കുട്ടിക്കാലത്തെ ആ ഒരു സ്പെയ്സ് പൂർണമായും ആസ്വദിക്കാൻ പറ്റാതെ പോയ ഒരു കുഞ്ഞായി പോയല്ലോ.
രണ്ട് വയസിൽ ഈ കുഞ്ഞിനെ എങ്ങനെ മാറ്റി കിടത്താൻ തോന്നി ?. അത് തനിക്കൊട്ടും ഓക്കെയായി തോന്നിയില്ല' എന്ന് അവതാരക പറഞ്ഞതിന് മറുപടി പറയുകയായിരുന്നു മഡോണ. "അതിന്റെ ആ ഒരു വശം നിങ്ങൾ തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് ആരും കേൾക്കുന്നില്ലല്ലോ. അതിന്റെ മറ്റൊരു വശം നിങ്ങൾ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. അതൊട്ടും എളുപ്പമല്ല.
കുറേ നാളുകൾ എനിക്ക് ആരോടും ഒരു സഹായം ചോദിക്കാൻ അറിയില്ലായിരുന്നു. അതൊരു നല്ല കാര്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?. അല്ല, അതൊരിക്കലും നല്ല കാര്യമല്ല. ചില സമയങ്ങളിൽ ഞാൻ ആഗ്രഹിക്കാറുണ്ട്, മറ്റുള്ളവരോട് ഞാൻ കാണിക്കുന്ന കരുണയുടെ ഒരഞ്ച് ശതമാനം ഞാൻ എന്നോട് കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലം എന്നെ ഒരു ഹൈപ്പർ ഇൻഡിപെൻഡന്റ് ആക്കി.
രാവിലെ ആറര മുതൽ രാത്രി ഒൻപതര വരെയുള്ള ടൈം ടേബിൾ ആർക്കാണ് ഓക്കെയാവുക. വീട്ടിൽ ഇംഗ്ലീഷ് സംസാരിക്കുക, ഉറക്കെ സംസാരിക്കരുത്. ഇതിനൊക്കെയൊരു മറ്റൊരു വശം കൂടിയുണ്ട്. എന്റെ അച്ഛൻ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന ഒരു മനുഷ്യനായിരുന്നു. നമ്മുടെ വീടിന് അടുത്തുകൂടി ഏതെങ്കിലും ഒരു പയ്യൻ ചുറ്റിക്കറങ്ങി നടക്കുന്നത് കണ്ടാൽ, നിനക്ക് അവനെ ഇഷ്ടമാണോ ? എന്ന് അച്ഛൻ ചോദിക്കും.
ഇത് പറയുന്ന ഒരാൾക്ക് മറ്റൊരു വശം കൂടിയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിൽ എന്നെ ട്രെയ്ൻ ചെയ്തു. വലുതായി കഴിഞ്ഞിട്ടാണ് നമ്മൾ അതിൽ നിന്ന് മാറുന്നത്. 23 -ാം വയസിലാണ് ഇത്തരം കാര്യങ്ങളുടെയൊക്കെ പ്രശ്നങ്ങൾ ഞാൻ തിരിച്ചറിഞ്ഞ് തുടങ്ങിയത്". - മഡോണ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates