കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകൾ അറിയിച്ച് സൂപ്പർതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും. താരത്തിന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. വർഷങ്ങളായി തന്റെ പേഴ്സണൽ സ്റ്റാഫിലുള്ള അഭിജിത്തിന്റെ വിവാഹത്തിന് കോവിഡ് പരിമിതികൾ മൂലം നേരിട്ട് എത്താൻ സാധിക്കാത്തതിനാലാണ് താരം വിഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും അറിയിച്ചത്.
തൃശൂർ വടക്കാഞ്ചേരിയിൽ വച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു അഭിജിത്തിന്റെ വിവാഹം. താലികെട്ട് കഴിഞ്ഞ ഉടൻ വിഡിയോയിൽ എത്തിയ താരം വരനെയും വധുവിനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. സുൽഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇതിലും വലിയ സന്തോഷം തനിക്കു കിട്ടാനില്ലെന്നാണ് അഭിജിത്ത് പറയുന്നത്.
സാറും ചേച്ചിയുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത്. കോവിഡ് കാലമൊക്കെയായിരുന്നല്ലോ. പക്ഷേ ഒരു കുറവും വരാതെ സാർ എല്ലാം ചെയ്തു. വിവാഹത്തിന് വരാൻ പരമാവധി ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ദൂരം ഒരു പ്രശ്നമായിരുന്നു. മാത്രമല്ല ലോക്ഡൗൺ ആരംഭിച്ചതിൽ പിന്നെ സാർ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ പുറത്തേക്കു പോയിട്ടുമുള്ളൂ.- അഭിജിത്ത് കൂട്ടിച്ചേർത്തു.
ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം. ആറു വർഷമായി മമ്മൂട്ടിയുടെ പേഴ്സണൽ സ്റ്റാഫായി ജോലി ചെയ്യുകയാണ് അഭിജിത്ത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതലാണ് പഴ്സനൽ കോസ്റ്റ്യൂമറായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates