Mammootty about Lohithadas ഫയല്‍
Entertainment

ലോഹിയുടെ മുഖത്തേക്ക് തിരക്കഥ കീറിയെറിഞ്ഞ സംവിധായകന്‍; മമ്മൂട്ടിയുടെ മനസില്‍ ഇന്നും മായാതെ ആ കാഴ്ച

മനുഷ്യമനസിലേക്ക് ഭൂതക്കണ്ണാടി വെച്ച് നോക്കിയ ലോഹി. പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറവും മരിക്കാത്ത ഓര്‍മകള്‍

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമ കണ്ട പ്രതിഭാശാലിയായ തിരക്കഥാകൃത്ത് ലോഹിതദാസ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 16 വര്‍ഷം. തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തിയ സിനിമകള്‍ നിരവധിയാണ്. മനുഷ്യ മനസിലേക്ക് ലോഹിയോളം ഇറങ്ങിച്ചെന്നൊരു എഴുത്തുകാരന്‍ വേറെയില്ല. ഒരിക്കല്‍ കയറിക്കൂടിയാല്‍ ഇറക്കി വിട്ടാലും മനസില്‍ നിന്നും പോകാത്തവയായിരുന്നു ലോഹിയുടെ കഥാപാത്രങ്ങളും കഥകളും.

മമ്മൂട്ടി നായകനായ തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സ്വതന്ത്ര്യ തിരക്കഥാകൃത്താകുന്നത്. പിന്നീട് കിരീടം, ദശരഥം, മൃഗയ, മഹായാനം, ഭരതം, അമരം, കൗരവ്വര്‍, കമലദളം, പാഥേയം, ചെങ്കോല്‍, തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതി. മമ്മൂട്ടി തന്നെ നായകനായ ഭൂതക്കണ്ണാടിയിലൂടെയാണ് സംവിധായകനാകുന്നത്. കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനവും ചെയ്തു.

ലോഹിതദാസ് എന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും കരിയറിലും ജീവിതത്തിലും മമ്മൂട്ടിയ്ക്കുണ്ടായിരുന്ന സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. മരണം വരെ കൂടെയുണ്ടായിരുന്ന തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിനെ സ്‌നേഹിച്ചത് പോലെ തന്നെ ലോഹി മമ്മൂട്ടിയേയും സ്‌നേഹിച്ചിരിക്കണം. മമ്മൂട്ടിയ്ക്കും ലോഹി അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കല്‍ താനും ലോഹിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചിരുന്നു. ആ കാഴ്ച ഇന്നും മായാതെ മമ്മൂട്ടിയുടെ മനസിലുണ്ട്.

''ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ലോഹിതദാസിനെ ആദ്യമായി കാണുന്നത്. ബിനാമി എഴുത്തുകാരനായ, പൊക്കം കുറഞ്ഞ ചെറിയ മനുഷ്യന്‍. ഒരുപാട് നാടകങ്ങളൊക്കെ എഴുതിയ ആളാണ് അദ്ദേഹമെന്ന് പിന്നീട് അറിഞ്ഞു. വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റാണ് തിരക്കഥയെഴുതുന്നത്. അയാള്‍ എഴുതിക്കൊണ്ടു വരുന്നത് ലോഹിതദാസ് തിരുത്തുകയാണ്. എന്തിന് ലോഹിതദാസ് അത് ചെയ്തുവെന്ന് എനിക്ക് അറിഞ്ഞുകൂട'' മമ്മൂട്ടി പറയുന്നു.

''തിരുത്തിക്കൊണ്ടു വന്ന തിരക്കഥ ആ സംവിധായകന്‍ കീറി ലോഹിതദാസിന്റെ മുഖത്തേക്ക് ഒറ്റയേറാണ്. ആ ലോഹിതദാസിന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ഒന്നും അറിയാതെ ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഈ പേപ്പര്‍ എന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത്. ഞാന്‍ സഹായം ചെയ്യാന്‍ വന്ന ആളല്ലേ, ഞാന്‍ എന്ത് ദ്രോഹം ചെയ്തു, എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ചിട്ടുണ്ടാകും'' എന്നും മമ്മൂട്ടി പറയുന്നു.

പക്ഷെ ആ സിനിമ നിന്നു പോയി. മമ്മൂട്ടി പിന്നീട് ലോഹിയുടെ നായകനായി. അന്ന് ആ സംവിധായകന്‍ മമ്മൂട്ടിയെ കാണാന്‍ വീണ്ടും വന്നു. ''തനിയാവര്‍ത്തനത്തിന്റെ ചിത്രീകരണം നടക്കുന്നു. ലോഹിതദാസാണ് തിരക്കഥ. സെറ്റിലേക്ക് മറ്റേ സിനിമാക്കാരന്‍ വന്നു. സംവിധായകനും നിര്‍മാതാവും കൂടെയാണ് വരവ്. നമുക്കത് ബാക്കിയൊന്ന് ചെയ്യണം. ചെയ്യാം, പക്ഷെ ഇയാള്‍ എഴുതണം എന്ന് ലോഹിയെ ചൂണ്ടി ഞാന്‍ പറഞ്ഞു. അങ്ങനെ ലോഹി അതിനും ഗോസ്റ്റ് ആയിട്ട് എഴുതിക്കൊടുത്തു. അതാണ് ലോഹിയും ഞാനും തമ്മിലുള്ള ആദ്യത്തെ ബന്ധം'' എന്നാണ് മമ്മൂട്ടി പറയുന്നത്.

തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിനേയും കിരീടത്തിലെ സേതുമാധവനേയും, ഭരതത്തിലെ ഗോപിനാഥനേയും അമരത്തിലെ അച്ചൂട്ടിയേയും, പാഥേയത്തിലെ ചന്ദ്രദാസിനേയും മുതല്‍ സൂത്രധാരനിലെ ദേവുമ്മയേയും കസ്തൂരിമാനിലെ പ്രിയംവദയേയും വരെ മലയാളികള്‍ക്കിടിയിലേക്ക് ഇറക്കി വിട്ടിട്ടാണ് ലോഹിതദാസ് പോകുന്നത് 2009 ല്‍ ഇതുപോലൊരു ജൂണ്‍ 28 നാണ്. പക്ഷെ, മരിച്ചിട്ടും മരണമില്ലാതെ ലോഹി ഇപ്പോഴും കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

Mammootty once recalled how he met Lohithadas for the first time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT