ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിലൊരാളാണ് വിജയ്. കരിയറിന്‍റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് വിജയ് സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. മലേഷ്യയിൽ സംഘടിപ്പിച്ച വിജയ് ചിത്രം 'ജന നായക'ന്റെ ഓഡിയോ ലോഞ്ചിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിജയ് ആരാധകരുള്ള സ്ഥലം കൂടിയാണ് മലേഷ്യ. 'ദളപതി തിരുവിഴ' എന്ന പേരിലായിരുന്നു മലേഷ്യയിൽ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്. ഇപ്പോഴിതാ വിജയ് പങ്കെടുത്ത ഒരു ഗൃഹപ്രവേശ ചടങ്ങിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മലേഷ്യയിലെ ബിസിനസുകാരനും മാലിക് സ്ട്രീംസ് കോർപറേഷൻ എന്ന നിർമാണ–വിതരണ കമ്പനിയുടെ ഉടയുമായ അബ്ദുൽ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അതിഥിയായാണ് വിജയ് എത്തിയത്. ‘ജന നായകൻ’ ഓഡിയോ ലോഞ്ച് മലേഷ്യയിൽ സംഘടിപ്പിച്ചത് അബ്ദുൽ മാലിക്കായിരുന്നു. വിജയ്‍യുടെ ബിസിനസ്സ് പങ്കാളി കൂടിയാണ് ഇദ്ദേഹം.
കോടികൾ ചെലവഴിച്ചാണ് മാലിക് ഈ ആഢംബര വസതി പണി കഴിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖരും ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ എത്തിയ ഏക സിനിമാ താരം വിജയ് മാത്രമായിരുന്നു. വിജയ് ‘ജന നായകൻ’ ഓഡിയോ ലോഞ്ചിനു വന്ന സമയത്തായിരുന്നു ഗൃഹപ്രവേശവും സംഘടിപ്പിച്ചത്.
‘ജന നായകൻ’ സിനിമ മലേഷ്യയിൽ വിതരണത്തിനെടുത്തിരിക്കുന്നതും അബ്ദുൽ മാലിക് ആണ്. അതേസമയം ജന നായകന്റെ റിലീസ് ഇനിയും അനിശ്ചിതത്വത്തിൽ തുടരുകയാണ്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല.
ജനുവരി 9 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകരുടെ തീരുമാനം. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. വിജയ്‌യെ കൂടാതെ പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates