ചരിത്രം കുറിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ് നടന്‍ വിജയ്. പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷമാകുമ്പോഴേക്കും ഡിഎംകെയേയും എഐഎഡിഎംകെയേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്. ഭരണം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ആദ്യ വിവാദവും വിജയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
തന്റെ തെരഞ്ഞെടുപ്പ് വിജയം പ്രവചിച്ച ജോത്സ്യന്‍ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചാണ് വിജയ് വിവാദത്തില്‍ പെട്ടത്. സംഭവം വിവാദമായതോടെ നിയമനം റദ്ദാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വിജയ്‌യുടെ വിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
ഇപ്പോള്‍ വൈറലാകുന്ന, പഴയൊരു അഭിമുഖത്തില്‍ തന്റെ വിശ്വാസത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. ബീസ്റ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനോടായിരുന്നു വിജയ് മനസ് തുറന്നത്.
''എന്‍റെ അമ്മ ഹിന്ദുവാണ്. എന്റെ അച്ഛന്‍ ക്രിസത്യനാണ്. അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചു. അവര്‍ ഒരിക്കലും എന്നെ ഒരു കാര്യത്തിലും നിയന്ത്രിച്ചിട്ടില്ല. ഇവിടെ പോകണമെന്നോ അവിടെ പോകരുതെന്നോ പറഞ്ഞിട്ടില്ല. എന്റെ മക്കളോട് ഞാനും അങ്ങനെയാണ്'' വിജയ് പറയുന്നു. പിന്നാലെ ബീസ്റ്റിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായൊരു സംഭവം നെല്‍സണും പങ്കുവച്ചു. ഷൂട്ടിനിടെ ഒരു ദിവസം രാത്രി ഡിന്നര്‍ കഴിച്ച ശേഷം 30 മിനുറ്റ് വിജയ്‌യെ കാണാതായെന്നാണ് നെല്‍സണ്‍ പറഞ്ഞത്.
''ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ പള്ളിയില്‍ പോയതാണെന്ന് മനസിലായി. ഞങ്ങള്‍ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പക്ഷെ നിങ്ങള്‍ ശരിക്കും പള്ളിയില്‍ പോയതായിരുന്നു. അടുത്ത ദിവസം ചോദിച്ചപോള്‍ നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്നായിരുന്നു'' നെല്‍സണ്‍ പറയുന്നു. പിന്നാലെ നിങ്ങളൊരു വിശ്വാസിയാണോ എന്ന നെല്‍സന്റെ ചോദ്യത്തിനും വിജയ് മറുപടി നല്‍കുന്നുണ്ട്.
''ഞാന്‍ ഉറച്ച വിശ്വാസിയാണ്. പള്ളിയില്‍ പോകുന്നത് എന്റെ മനസ് ശാന്തമാക്കും. പള്ളി മാത്രമാല്ല, പിള്ളയാര്‍പട്ടി വിനായക ക്ഷേത്രത്തിലും തിരുനല്ലാര്‍ ക്ഷേത്രത്തിലും പോകാറുണ്ട്. അവിടങ്ങള്‍ എനിക്ക് ദൈവീകമായൊരു ഫീല്‍ തരും. കത്തിയുടെ ഷൂട്ടിനിടെ ഞാന്‍ അമീന്‍പീര്‍ ദര്‍ഗയിലും പോയിട്ടുണ്ട്. പള്ളിയിലും ക്ഷേത്രത്തിലും ദര്‍ഗയിലും പോയാലും ഒരേ ദൈവീകാനുഭൂതിയാണ് ലഭിക്കുക'' എന്നാണ് വിജയ് നല്‍കിയ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates