നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ ഇങ്ങോട്ട് നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഡബ്ല്യുസിസിയുമായി മുന്നോട്ട് പോയാല്‍ കരിയര്‍ അവസാനിക്കുമെന്ന് അറിയാമായിരുന്നുവെന്നും പാര്‍വതി പറയുന്നു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം. പുലി വരും പുലി വരും എന്ന് പറഞ്ഞിട്ട് പുലി വന്നിട്ടില്ല. ഇപ്പോള്‍ എനിക്ക് ഭയമില്ലെന്നും താരം പറയുന്നു. ഡബ്ല്യുസിസിയുടെ രൂപീകരണം ലളിതമായൊരു തീരുമാനമായിരുന്നില്ലെന്നും പാര്‍വതി പറയുന്നു.
''നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ പേടിപ്പിക്കാന്‍ പറ്റില്ല. എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചയാളുകള്‍ക്ക് നന്ദി പറയുകയാണ്. പുലി വരും പുലി വരും എന്ന് പറഞ്ഞിട്ട് പുലി വന്നിട്ടില്ല. ഇപ്പോള്‍ എനിക്ക് ഭയമില്ല. ശൂന്യമായ ഭീഷണികളായിരുന്നു പലതും. ജോലി നഷ്ടപ്പെടുകയടക്കമുള്ള പല കാര്യങ്ങളും ഉണ്ടാകാം. കളക്ടീവ് രൂപീകരിച്ച സമയത്ത് വളരെ ലളിതമായൊരു തീരുമാനമല്ല നമ്മളെടുത്തത്. അന്ന് ഞങ്ങള്‍ മീറ്റിങ് നടത്തിയ സമയത്ത് തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു ഈ വഴിയിലൂടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഞങ്ങളുടെ കരിയര്‍ ഇതോടെ അവസാനിക്കുമെന്ന്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ തീരുമാനമെടുത്തത്'' പാര്‍വതി പറയുന്നു.
ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പാര്‍വതി തന്റെ നിലപാട് പങ്കുവെക്കുന്നുണ്ട്. ''ഞാന്‍ പറഞ്ഞത് എന്റെ ചിന്താഗതിയാണ്. ഗീതു അത് ഏറ്റു പറഞ്ഞിട്ടില്ല. അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെടുക്കാം. ഞാനത് ഗീതുവിന്റെ അടുത്തിരുന്ന് അത് പറഞ്ഞുവെന്ന് കരുതി ഗീതു എടുക്കുന്ന സിനിമകള്‍ ഞാന്‍ പറഞ്ഞ അതേ സിസ്റ്റത്തില്‍ തന്നെ ഉണ്ടാക്കണം എന്ന കടിഞ്ഞാണ്‍ ഞങ്ങള്‍ അന്യോന്യം ഇട്ടിട്ടില്ല. ആ ക്രിയേറ്റീവ് ഫ്രീഡം അവര്‍ക്കുണ്ട്.'' എന്നാണ് പാര്‍വതി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates