ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ പരാജയമായി മാറി. ഷാജി നടേശൻ നിർമിച്ച ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ആണ് വിതരണം ചെയ്തത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ നഷ്ട സിനിമയാണ് വലതുവശത്തെ കള്ളൻ എന്ന് പറയുകയാണ് ജോബി ജോർജ്.
16 കോടി രൂപ മുടക്കിയാണ് ചിത്രം തിയറ്ററുകളിൽ എത്തിയതെന്നും ജോബി അടുത്തിടെ ഒരഭിമുഖത്തിൽ വ്യക്തമാക്കി. അതോടൊപ്പം പൈസ വാങ്ങുന്ന നായകൻമാർ പ്രൊമോഷന് നിൽക്കണമെന്നും അല്ലെങ്കിൽ പൈസ് വാങ്ങരുതെന്നും ജോബി ജോർജ് വ്യക്തമാക്കി. "വലതുവശത്തെ കള്ളൻ ഗുഡ്‌വില്ലിന്റെ ആദ്യത്തെ നഷ്ട സിനിമയാണ്.
പക്ഷേ.. അത് ഗുഡ്‌വില്‍ എന്റർടെയ്ൻമെൻസിന്റെ സ്വന്തം പടമല്ല. ഞങ്ങൾ ഡിസ്ട്രിബ്യൂട്ട് ചെയ്ത പടമാണ്. അല്ലെങ്കിൽ ഗുഡ്‌വില്‍ എന്ന പ്രസ്ഥാനം ഒരാളെ സഹായിക്കാൻ പോയതാണ്. ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തിന്ന ചോറിന് നന്ദി കാണിക്കണം. ഷാജി നടേശൻ എന്ന നിർമാതാവിന്റെ പടത്തിലെ എല്ലാ പാട്ടുകളും ഗുഡ് വിൽ എന്റർടെയ്ൻമെൻസിന് ആയിരുന്നു കിട്ടിയിരുന്നത്.
അവരുമായൊരു പാലം സൃഷ്ടിച്ചിരുന്നു. ആ പാട്ടുകൾ കാരണം നമുക്ക് കിട്ടിയ ഹൈപ്പും വാല്യുവും അദ്ദേഹത്തോടൊരു കടപ്പാട് സൃഷ്ടിച്ചു. ഷാജി നടേശന്റെ കഴിഞ്ഞ രണ്ട് സിനിമകൾ (ഒറ്റ്, ഗ് ർർ) ഫ്ലോപ്പ് ആയിരുന്നു. ആ പ്രശ്നത്തിൽ നിൽക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടുന്നത്. ആരൊക്കെയോ പൈസ കൊടുക്കാമെന്ന് പറഞ്ഞാണ് ഷാജി പടം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് വച്ച് ആരും പൈസ കൊുക്കാതെ വന്നു. കുടുംബപരമായി പ്രശ്നങ്ങൾ വന്നു.
ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ വരുന്നത്. പ്രശ്നങ്ങളറിഞ്ഞപ്പോൾ വിതരണാവകാശം തരാൻ പറഞ്ഞു. സാധാരണ ഡിസ്ട്രിബ്യൂഷന് പത്ത് ശതമാനം ആണ് വാങ്ങിക്കുന്നത്. എനിക്ക് അഞ്ച് ശതമാനം മതിയെന്ന് പറഞ്ഞു. അഡ്വാൻസായിട്ട് ആറര കേടി രൂപ കൊടുത്തു. അതിലുള്ള എഗ്രിമെന്റ് ഉണ്ട്. ഷാജി നടേശൻ എനിക്ക് ആ പണം തരാതെ വേറൊരു പടം ചെയ്യാൻ പാടില്ലെന്നാണ് എഗ്രിമെന്റ്. ഇനിയും പുള്ളിയെ സഹായിക്കാൻ ഞാൻ തയ്യാറാണ്.
ആ പൈസ തികയാതെ വന്നപ്പോൾ വീണ്ടും പൈസ കൊടുത്തു. അങ്ങനെ വലതുവശത്തെ കള്ളൻ തിയറ്ററിൽ എത്തുന്നത് 16 കോടി രൂപ ചെലവാക്കിയാണ്. എന്തുകൊണ്ടോ സിനിമ ഓടിയില്ല. ബി ഉണ്ണികൃഷണൻ പറഞ്ഞു ബിജു മേനോൻ പ്രൊമോഷന് വന്നില്ലെന്ന്. അത് സത്യമാണ്. പിറ്റേദിവസം അസോസിയേഷൻ ഒരു തീരുമാനം വച്ചപ്പോൾ, വട്ടമേശ സമ്മേളനം നടത്തിയാൽ സിനിമ വിജയിക്കില്ലെന്ന് ഷാജി അങ്ങോട്ട് പോയി അഭിമുഖം കൊടുത്തു.
അതിനോട് എനിക്ക് വിയോജിപ്പാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വിൽക്കണമെങ്കിൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ വേണം. സിനിമ വിജയിക്കും പരാജയപ്പെടും. ഷാജി നല്ല മനുഷ്യനായത് കൊണ്ട് എനിക്ക് പൈസ തിരിച്ചു തരും. ഇനിയും അദ്ദേഹത്തെ സഹായിക്കും. പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം.
അല്ലെങ്കിൽ പൈസ വാങ്ങരുത്. ഡിസ്ട്രിക്ട് കളക്ടർക്ക് കിട്ടുന്നതിനേക്കാൾ ശമ്പളം ഒരു സിനിമാ നടന് കിട്ടുന്നില്ലേ ?. അപ്പോൾ അതിന്റെ കൂറ് കാണിക്കണ്ടേ. സിനിമ ഒരു വ്യവസായമാണ്. എല്ലാവരും അതിനൊപ്പം നിൽക്കണം".- ജോബി ജോർജ് പറഞ്ഞു. അതേസമയം ജോജുവിനെയും ബിജു മേനോനെയും കൂടാതെ ലെന, കെ ആർ ഗോകുൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates