Ranveer Singh ഇൻസ്റ്റ​ഗ്രാം
Entertainment

'നിലപാട് തുടരും'; ബോളിവുഡ് വിലക്കിന് പിന്നാലെ പ്രതികരിച്ച് രൺവീർ സിങ്, നടനൊപ്പമെന്ന് ആരാധകർ

45 കോടി നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർമാണക്കമ്പനിയുടെ ആവശ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബോളിവുഡ് നടൻ രൺവീർ സിങ്ങിന് വിലക്കേർപ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സ്. ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ നടപടി. കഴിഞ്ഞയാഴ്ച സംഘടന വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടന് വിലക്ക് പ്രഖ്യാപിക്കുന്നുവെന്ന് സംഘടന അറിയിച്ചത്.

നിർമാണക്കമ്പനിയായ എക്‌സൽ എന്റർടെയ്ൻമെന്റ് ആണ് രൺവീറിനെതിരേ സംഘടനയെ സമീപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രൺവീർ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിർമാണക്കമ്പനിയുടെ ആരോപണം. വിഷയത്തിൽ രൺവീർ ബോധപൂർവം മൗനം പാലിച്ചിരിക്കുകയാണെന്ന് അദ്ദേത്തിന്റെ അടുത്തവൃത്തങ്ങൾ പ്രസ്താവനയിൽ പറയുന്നു.

"ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സിനോടും അതുപോലെ ഡോൺ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ഓരോരുത്തരോടും രൺവീറിന് അങ്ങേയറ്റം ബഹുമാനമുണ്ട്. ഡോൺ 3 യെ ചുറ്റിപ്പറ്റിയുള്ള സമീപകാലത്തു നടക്കുന്ന സംഭവവികാസങ്ങളിലുടനീളം, പ്രൊഫഷണൽ ചർച്ചകളും വ്യക്തിപരമായ കാര്യങ്ങളും അന്തസോടെയും പക്വതയോടെയും പരസ്പര ബഹുമാനത്തോടെയും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിച്ചുകൊണ്ട് രൺവീർ ബോധപൂർവ്വം മൗനം പാലിക്കാൻ തീരുമാനിച്ചു.

ഇതുപോലെയുള്ള സാഹചര്യങ്ങളിൽ സംയമനം പാലിക്കുന്നത് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള ബോധപൂർവമായ തീരുമാനമാണ്. അദ്ദേഹം ഇതേ നിലപാട് തുടരും".- രൺവീറിന്റെ അടുത്തവൃത്തങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അതേസമയം തങ്ങളുമായി രൺവീർ മൂന്ന് ചിത്രങ്ങൾക്കുള്ള കരാറിൽ ഏർപ്പെട്ടിരുന്നതായി നിർമാണക്കമ്പനി പരാതിയിൽ പറയുന്നു. 45 കോടി നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർമാണക്കമ്പനിയുടെ ആവശ്യം. പ്രശ്‌നത്തിൽ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിർദേശം നൽകി.

'ധുരന്ധർ' ഒന്നും രണ്ടും ഭാഗങ്ങൾ വിജയിച്ചു നിൽക്കവെയാണ് രൺവീറിന് ഇത്തരമൊരു വിലക്കുവരുന്നത്. വിലക്കിന് പിന്നാലെ ഇന്നലെ മുംബൈ എയർപോർട്ടിൽ രൺവീർ എത്തിയിരുന്നു. പാപ്പരാസികളുടെ ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിരുന്നില്ല. എല്ലായ്പ്പോഴും രൺവീറിനൊപ്പം എന്നാണ് ആരാധകർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Actor Ranveer Singh reacts after industry ban.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി