അഭിനയത്തിൽ അസാമാന്യ ശ്രുതിയും താളവുമായിരുന്നു എന്നും കെപിഎസ്‌സി ലളിതയുടെ കൈമുതലെന്ന് എഴുത്തുകാരൻ രവി മേനോൻ. കാമറയുമായി പ്രണയപൂർവം സല്ലപിച്ചും പരിഭവിച്ചും കളി പറഞ്ഞും കഥ പറഞ്ഞും ഫ്രെയിമിൽ ഒഴുകി നടക്കുന്ന കെപിഎസി ലളിതയെ എത്ര കണ്ടാലാണ് മതി വരികയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
"അനുഭവങ്ങൾ പാളിച്ചക"ളിലെ "കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല്" ഏറ്റവും പ്രിയപ്പെട്ട ഗാനരംഗങ്ങളിലൊന്നായി മാറുന്നത് ലളിതയുടെ സ്വാഭാവിക അഭിനയം കൂടി ചേരുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം കെപിഎസ്‌സി ലളിതയിലെ ഗായികയെ കുറിച്ചും രവി മേനോൻ പരാമർശിച്ചു.
ശ്രുതിബോധവും താളബോധവുമില്ലാത്ത താൻ പാട്ടുകാരിയാകുന്നത് സംഗീതത്തിന് അപമാനമാണെന്ന് തമാശയായി അവർ പറയാറുണ്ടായിരുന്നുവെന്നും രവി മേനോൻ കുറിച്ചു. ഈ മാസം 22 ന് അതുല്യകലാകാരി വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിരുന്നു.
രവി മേനോൻ പങ്കുവച്ച കുറിപ്പ്
നിൻ്റെ ഇടത്തേ കൺപുരികം...
ഒറ്റയ്‌ക്കെന്ന് തോന്നും. എന്നാൽ ഒറ്റയ്ക്കല്ല. കൂട്ടിനൊരു കാമുകനുമുണ്ട്; അദൃശ്യനായ കാമുകൻ. മെല്ലി ഇറാനിയുടെ ക്യാമറ. ക്യാമറയുമായി പ്രണയപൂർവം സല്ലപിച്ചും പരിഭവിച്ചും കളി പറഞ്ഞും കഥ പറഞ്ഞും ഫ്രെയിമിൽ ഒഴുകിനടക്കുന്ന കെ പി എ സി ലളിതയെ എത്ര കണ്ടാലാണ് മതിവരിക? വയലാർ -- ദേവരാജൻ ടീമിന് വേണ്ടി മാധുരി പാടിയ "അനുഭവങ്ങൾ പാളിച്ചക"ളിലെ "കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല്" ഏറ്റവും പ്രിയപ്പെട്ട ഗാനരംഗങ്ങളിലൊന്നായി മാറുന്നത് ലളിതയുടെ സ്വാഭാവിക അഭിനയം കൂടി ചേരുമ്പോഴാണ്.
കവിതയും സംഗീതവും ആലാപനവും അഭിനയവും ഒരുമിച്ചൊന്നായി ഒഴുകിച്ചേരുന്ന ഇന്ദ്രജാലം നമ്മെ അനുഭവിപ്പിക്കുന്ന അപൂർവ ഗാനരംഗങ്ങളിലൊന്ന്. മാധുരിയുടെ ഫോക്ക് സ്പർശമുള്ള ശബ്ദവും ലളിതയുടെ സ്വാഭാവിക ശരീരചലനങ്ങളും നിഷ്കളങ്ക ഭാവങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ ദൃശ്യ--ശ്രവ്യാനുഭവം.
"കഷ്ടിച്ച് അഞ്ചു മണിക്കൂർ കൊണ്ട് ചിത്രീകരിച്ചു തീർത്ത രംഗമാണത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ആദ്യം അഭിനന്ദിച്ചത് ക്യാമറാമാൻ മെല്ലി ഇറാനി. പ്രശംസാവചനങ്ങളിൽ പിശുക്കനായ സംവിധായകൻ സേതുമാധവൻ സാറും അപൂർവമായ ഒരു ചിരി കൊണ്ട് എന്നെ സന്തോഷിപ്പിച്ചു.''-- ലളിതയുടെ വാക്കുകൾ. "പക്ഷേ അപ്പോഴും ആശങ്ക തീർന്നിരുന്നില്ല. സംഗീത സംവിധായകൻ ദേവരാജൻ മാഷ് ആ സീൻ കണ്ടാൽ എന്തുപറയും എന്നതിനെക്കുറിച്ചായിരുന്നു എന്റെ വേവലാതി മുഴുവൻ. അഭിനയ ജീവിതത്തിൽ തുടക്കം മുതൽ കാണുന്ന ആളാണ്. ഇന്ന് നിങ്ങളറിയുന്ന കെ പി എ സി ലളിതയാക്കി എന്നെ വളർത്തിയ മഹാരഥന്മാരിൽ ഒരാൾ. നല്ലൊരു പാട്ട് ഞാൻ അഭിനയിച്ചു കുളമാക്കി എന്നെങ്ങാനും പറഞ്ഞാലോ?''
എന്നാൽ സംഭവിച്ചത് മറിച്ചാണ്. അടുത്ത തവണ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് കണ്ടപ്പോൾ ലളിതയെ അടുത്തു വിളിച്ച് സംഗീത കുലപതി പറഞ്ഞു: "കൊള്ളാം. മാധുരിയുടെ ശബ്ദവുമായി നല്ല ചേർച്ച തോന്നുന്നുണ്ട്.''
അഭിനയജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട അംഗീകാരങ്ങളിൽ ഒന്നായി കണ്ടു ലളിത ആ വാക്കുകളെ.
കൂട്ടിലടച്ച തത്തമ്മയുമായി സല്ലപിക്കുന്ന ലളിതയുടെ നിഷ്കളങ്ക മുഖം ഒപ്പിയെടുത്ത ശേഷം പ്രകൃതിയിലേക്കും വീണ്ടും ലളിതയിലേക്കും മാറിമാറി സഞ്ചരിക്കുന്ന ക്യാമറ. നല്ലൊരു ഗായിക കൂടിയായതിനാലാവണം പാട്ടിനൊത്ത് ചുണ്ടനക്കുന്ന ലളിതയിലെ അഭിനേത്രിയെ പാട്ടുകാരിയിൽ നിന്ന് വേറിട്ടുകാണാനാവില്ല നമുക്ക്. അത്രയും ഇണങ്ങിച്ചേർന്നു നിൽക്കുന്നു മാധുരിയുടെ ആലാപനവും ലളിതയുടെ അഭിനയവും. വരികളിലെ നിഗൂഢ മോഹങ്ങൾ എത്ര സൂക്ഷ്മവും അനായാസവുമായാണ് ലളിതയുടെ ഭാവങ്ങളിൽ വന്നു നിറയുന്നത്:
"നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ
നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ
തത്തമ്മേ, കൂട്ടിനകത്തു കമിഴ്ന്നു കിടന്നു മയങ്ങുമ്പോഴാരോ
കുളിർന്ന കുന്നും ചെരുവിലിരുന്ന് വിളിക്കണൊണ്ടോ.."
എന്നാൽ അത്രയൊന്നും കടന്നുചിന്തിച്ചിട്ടല്ല ആ ഗാനരംഗം അഭിനയിച്ചു തീർത്തതെന്ന് ലളിത. "സേതു സാർ ആക്‌ഷൻ പറഞ്ഞുകഴിഞ്ഞാൽ പിന്നെ എങ്ങനെയും സീൻ അഭിനയിച്ചു തീർക്കാനുള്ള തത്രപ്പാടായിരിക്കും. ചെറുപ്രായമല്ലേ? ഉള്ളിലെ ടെൻഷൻ മറച്ചുവെച്ചു വേണം അഭിനയിക്കാൻ. ഉദ്ദേശിച്ച ഭാവം അഭിനേതാക്കളിൽ നിന്ന് ചോർത്തിക്കിട്ടും വരെ അടങ്ങിയിരിക്കില്ല സാർ. ഭാഗ്യവശാൽ അധികം റീടേക്കുകളൊന്നും ഇല്ലാതെ തന്നെ സീൻ പൂർത്തിയാക്കാൻ കഴിഞ്ഞു എനിക്ക്."
മാധുരിയുടെ ശബ്ദമാണ് ലളിതയുടെ അഭ്രവ്യക്തിത്വത്തിന് ഏറ്റവും ഇണങ്ങിയതെന്ന് തോന്നിയിട്ടുണ്ട്. "വാഴ്‌വേമായ''ത്തിലെ കാറ്റും പോയ്, "മര''ത്തിലെ മാരിമലർ ചൊരിയുന്ന, കല്ലായിപ്പുഴയൊരു മണവാട്ടി (സുശീലയോടൊപ്പം) എന്നീ ഗാനരംഗങ്ങൾ ഹൃദ്യമായതിൽ ഈ "പൊരുത്ത''ത്തിനുമുണ്ട് നിർണ്ണായക പങ്ക്. പി ലീല ( വാഴ്‌വേമായത്തിലെ ഭഗവാനൊരു കുറവനായി, എം ജി രാധാകൃഷ്ണനൊപ്പം ഒതേനന്റെ മകനിലെ രാമായണത്തിലെ സീത), ബി വസന്ത (താരയിലെ മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിന് മാപ്പുതരൂ) എന്നീ ഗായകരുമുണ്ട് വെള്ളിത്തിരയിൽ ലളിതക്ക് ശബ്ദം പകർന്നവരിൽ.
കെ പി എസ് സിയുടെ നാടകവേദികളിൽ പാടിയിട്ടുണ്ടെങ്കിലും സിനിമയിൽ ആദ്യം പാടിയത് എ ടി ഉമ്മറിന്റെ ഈണത്തിൽ ജയചന്ദ്രനോടൊപ്പം "മധുരം തിരുമധുര'' (1976)ത്തിലെ കാശായ കാശെല്ലാം എന്ന ഹാസ്യഗാനം. "സംവിധായകൻ ഡോ ബാലകൃഷ്ണന്റെ നിർബന്ധമായിരുന്നു അതിനു പിന്നിൽ. എന്നെ വലിയ ഇഷ്ടമാണ് അദ്ദേഹത്തിന്. നിന്നെക്കൊണ്ട് സിനിമേൽ ഒരു പാട്ടു പാടിക്കും എന്ന് ഇടയ്ക്കിടെ പറയാറുണ്ട്. ഈ സീനിൽ അഭിനയിച്ചതും ഞാൻ തന്നെ.
ഒപ്പം ശങ്കരാടിച്ചേട്ടനും. റെക്കോർഡിംഗിൽ ഉമ്മുക്ക എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം തന്നു. ജയചന്ദ്രൻ ചേട്ടന്റെ പ്രോത്സാഹനവും മറക്കാൻ പറ്റില്ല. ആകെയൊരു ഉത്സവാന്തരീക്ഷമായിരുന്നു സ്റ്റുഡിയോയിൽ....'' പിന്നെയും ഒന്നു രണ്ട് അരപ്പാട്ടുകളും മുറിപ്പാട്ടുകളും പാടിയെങ്കിലും ശ്രുതിബോധവും താളബോധവുമില്ലാത്ത താൻ പാട്ടുകാരിയാകുന്നത് സംഗീതത്തിന് അപമാനമാണെന്ന് തമാശയായി പറയാറുണ്ടായിരുന്നു അവർ.
അഭിനയത്തിലാകട്ടെ, അസാമാന്യ ശ്രുതിയും താളവുമായിരുന്നു എന്നും അവരുടെ കൈമുതൽ. ലളിതയുടെ നൂറുകണക്കിന് കഥാപാത്രങ്ങൾ തന്നെ അതിന്റെ ഏറ്റവും വലിയ സാക്ഷ്യം.
--രവിമേനോൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates