ആറ്റുങ്കാല്‍ പൊങ്കാലയുടെ പേരിലുള്ള വിദ്വേഷ കമന്റുകളോട് പ്രതികരിച്ച് നടി റെനീഷ റഹ്മാന്‍. പൊങ്കാലയിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം റെനീഷ പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണം തന്നെ താരത്തിന് നേരിടേണ്ടി വന്നു. നടിയുടെ മതവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു കമന്റുകള്‍. ഇതോടെയാണ് റെനീഷ മറുപടിയുമായെത്തിയത്.
പൊങ്കാല ദിവസത്തേക്കാള്‍ തിരക്ക് തന്റെ കമന്റ് ബോക്‌സിലുണ്ടെന്നാണ് റെനീഷ പറയുന്നത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്ന താരം താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പറയുന്നു. വിശ്വാസത്തോടേയും ബഹുമാനത്തോടേയും തന്നെയാണ് പൊങ്കാലയിട്ടതെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:
ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. ആറ്റുകാല്‍ ക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി. പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആള്‍ക്കാര്‍ വന്നിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷെ അതിനേക്കാള്‍ തിരക്കുണ്ട് ഇപ്പോള്‍ എന്റെ ഇന്‍സ്റ്റഗ്രാമിലേയും ഫെയ്‌സ്ബുക്കിലേയും കമന്റ് സെക്ഷനില്‍ നെഗറ്റീവ് പറയാന്‍ നില്‍ക്കുന്നവരുടെ ക്യൂവില്‍. എന്ത് മാത്രം നെഗറ്റിവിറ്റിയാണ് എനിക്ക് കിട്ടുന്നതെന്ന് അറിയാമോ? രാവിലെ മുതല്‍ ഞാനിത് കാണുന്നുണ്ട്. ആദ്യം കരുതിയത് അവഗണിക്കാമെന്നാണ്. കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമല്ലോ. പക്ഷെ ഇത് കൂടിക്കൂടി വരികയാണ്. രണ്ട് മൂന്ന് കമന്റുകള്‍ എനിക്ക് ഡിലീറ്റ് ചെയ്യേണ്ടിയും വന്നു.
ഞാന്‍ ചെയ്തത് തെറ്റല്ല എന്ന് വിശ്വസിക്കുന്നിടത്തോളം കാലം ആരെന്ത് പറഞ്ഞാലും പ്രശ്‌നമല്ല, എന്നെ ബാധിക്കാനും പോകുന്നില്ല. പക്ഷെ വീട്ടുകാര്‍ കണ്ട് വേദനിക്കേണ്ടെന്ന് കരുതി മൂന്ന് കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു. എന്നിട്ടും നില്‍ക്കുന്നില്ല. അതിനാല്‍ മറുപടി കൊടുക്കണം എന്ന് കരുതി.
ഒരു വിഭാഗം പറയുന്നത് എനിക്ക് ജോലിയില്ലെന്നും അതിനാല്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയുള്ള പ്രഹസനം ആണെന്നാണ്. രണ്ടാമതൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടേയും ബഹുമാനത്തോടേയും ചെയ്തതല്ല, വെറും ഷോ ഓഫ് ആണെന്നാണ്. ഇവര്‍ക്കൊരു മറുപടി കൊടുക്കണമെന്ന് തോന്നി.
ആദ്യം പറഞ്ഞവരോട്, എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ സുഖമോ ദേവി സീരിയല്‍ ചെയ്യുന്നുണ്ട്. 16 മുതല്‍ 30 വരെ സീ കേരളത്തില്‍ ചെമ്പരത്തി എന്നൊരു സീരിയല്‍ ചെയ്യുന്നുണ്ട്. 30 ദിവസമല്ലേയുള്ളൂ ഒരു മാസത്തില്‍. ആ മുപ്പത് ദിവസവും എനിക്ക് വര്‍ക്കുണ്ട്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രാം കൊളാബ്, പ്രൊമോഷന്‍ വിഡിയോ, ഉദ്ഘാടനങ്ങള്‍, വ്‌ളോഗിങ് എല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്. നല്ല രീതിയിലൊരു കുടുംബം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ആദ്യം പറഞ്ഞ ആളുകള്‍ക്കുള്ള ഉത്തരം ആയല്ലോ.
രണ്ടാമത് പറഞ്ഞവരോട്, ഞാന്‍ 12 വര്‍ഷത്തോളം പഠിച്ചത് ചിന്‍മയ വിദ്യാലയത്തിലാണ്. അറിയുന്നവര്‍ക്കറിയാം ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഗായത്രി മന്ത്രവും ഭഗത്ഗീതയും ഹനുമാന്‍ ചാലിസയുമൊക്കെ വച്ചിട്ടാണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പള്ളിയില്‍ പോകുമ്പോള്‍ കിട്ടുന്ന പോസിറ്റിവിറ്റി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്. നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയും തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്.
ചിലര്‍ പറയുന്നുണ്ട് അത്രയും നല്ലൊരു വേളയില്‍ പോയി ഞാനതിനോട് അനാദരവ് കാട്ടിയെന്നും കുളമാക്കിയെന്നും. ഞാന്‍ പൊങ്കാലയിടാന്‍ പോകും മുമ്പ് പലരോടും ചോദിച്ചു എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന്. അവരെല്ലാം പറഞ്ഞത് ജാതി-മത-വര്‍ണഭേദമില്ലാതെ വിശ്വാസത്തോടെ ഏതൊരു സ്ത്രീയ്ക്കും മനസും ശരീരവും ശുദ്ധമാണെങ്കില്‍ ഇടാവുന്നതാണ് പൊങ്കാല എന്നാണ്. അതെല്ലാം പിന്തുടര്‍ന്ന് മനസും ശരീരവും ശുദ്ധമാക്കി വിശ്വാസത്തോടെ തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്. ഞാനൊരു അനാദരവും കാണിച്ചിട്ടില്ല. ചെയ്യാറുമില്ല.
തിരുവനന്തപുരത്തേക്ക് എഴെട്ട് വര്‍ഷമായി സീരിയലിന് വേണ്ടി ഞാന്‍ വരാന്‍ തുടങ്ങിയിട്ട്. ഫ്രീ ടൈം കിട്ടുമ്പോള്‍ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളെല്ലാം അമ്പലത്തില്‍ തൊഴാന്‍ പോകാറുണ്ട്. ഞാന്‍ പോകാറില്ലായിരുന്നു. എനിക്ക് വിശ്വാസമുണ്ട്, തൊഴണമെന്ന ആഗ്രഹവുമുണ്ട്. എന്നിട്ടും പോകാത്തത് അവരുടെ വിശ്വാസം അന്യമതത്തിലുള്ളവര്‍ക്ക് പ്രവേശനം ഇല്ല എന്നതാണ്. അതിനെ ബഹുമാനിക്കുന്നു. ഞാന്‍ പുറത്തു നിന്നും അതിലൂടെ പാസ് ചെയ്തു പോകുമ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. ഞാന്‍ പള്ളി കണ്ടാലും അമ്പലം കണ്ടാലും, ഒരു ആംബുലന്‍സ് പാസ് ചെയ്താലും പ്രാര്‍ത്ഥിക്കാറുണ്ട്. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ട് ആരും എന്നോട് പറഞ്ഞിട്ടുമില്ല.
മനുഷ്യനെ ബഹുമാനിക്കണമെന്നും, നല്ലകാര്യം ചെയ്താല്‍ അതിനെ ബഹുമാനിക്കണമെന്നുമാണ് ഞാന്‍ കേട്ട് വളര്‍ന്നത്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി? എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെയല്ലേ. മനുഷ്യന്‍ നന്നായി ജീവിക്കാനും സഹജീവികളോട് സ്‌നേഹവും ആദരവും കാണിച്ച് മുന്നോട്ട് പോകാനല്ലേ എല്ലാ മതവും പറയുന്നത്. എന്തിനാണ് ഇതിനിടയ്ക്ക് ഇത്രമാത്രം നെഗറ്റിവിറ്റി. പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍. തുറക്കാന്‍ പറ്റില്ല.
എന്നെ ഞെട്ടിക്കുന്നൊരു കാര്യം, നോമ്പിന്റെ തുടക്കസമയത്ത് ഹിന്ദു കുടുംബത്തില്‍ നിന്നുള്ളൊരു ചേച്ചി ഒരു വിഡിയോ ചെയ്തു. ജീവിതത്തില്‍ ആദ്യത്തെ നോമ്പിനെക്കുറിച്ച്. ഭയങ്കര പോസിറ്റീവ് വൈബുള്ളൊരു വിഡിയോയാണ്. അതിന്റെ കമന്റ്‌സ് നോക്കുമ്പോള്‍ ഇതായിരിക്കണം നമ്മുടെ കേരളം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പോസിറ്റീവ് കമന്റുകളാണ്. ഒരു നെഗറ്റീവ് കമന്റു പോലും ഞാന്‍ കണ്ടില്ല. പക്ഷെ പത്ത് ദിവസത്തിന് ഇപ്പുറം ഞാനൊരു പൊങ്കാലയിട്ടപ്പോള്‍ എന്തിനാണ് ഇത്ര നെഗറ്റിവിറ്റി?
ഒരാളെ കുത്തിനോവിക്കാനോ മോഷ്ടിക്കാനോ കുത്തിപ്പറിക്കാനോ ഒന്നും ഞാന്‍ നിന്നിട്ടില്ല. 2026 ആയില്ലേ? ആളുകള്‍ക്ക് പലതരത്തിലുള്ള വിശ്വാസവും കാഴ്ചപ്പാടും കാണും. മറ്റുളളവരുടെ സംസ്‌കാരങ്ങളെ അംഗീകരിക്കുന്നത് തെറ്റാണെന്ന് ഞാനിതുവരെ കേട്ടിട്ടില്ല. എന്റെ വീട്ടുകാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. എല്ലാവരേയും ബഹുമാനിക്കണം സ്‌നേഹിക്കണം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാനും ദൈവവും തമ്മില്‍ ആയിക്കോട്ടെ. ഞങ്ങള്‍ തമ്മിലുള്ള കോണ്‍ട്രാക്ട് അല്ലേ ഇത്? നിങ്ങളെന്തിനാണ് ഇത്ര വിഷമിക്കുന്നതും കരയുന്നതും. തെറ്റ് ചെയ്താലും നല്ലത് ചെയ്താലും ബൂമറാംഗ് പോലെ തിരിച്ചുവരുന്നത് നമുക്കല്ലേ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ. ആളുകളെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ. ഒരൊറ്റ ജീവിതമേയുള്ളൂ.
കേരളം എന്തിനൊയൊക്കെ അഭിമുഖീകരിച്ചു. മഹാമാരി, പ്രളയം, മണ്ണിടിച്ചില്‍, എന്തോരം ദുരന്തങ്ങള്‍ നേരിട്ടു. അപ്പോഴൊക്കെ മനുഷ്യര്‍ ഒറ്റക്കെട്ടായല്ലേ നിന്നിട്ടുള്ളത്. രക്ഷിച്ചതും സഹായിച്ചതും ജാതിയും മതവും നോക്കിയിട്ടാണോ? പിന്നെ എന്തിനാണ് ഒരു പൊങ്കാലയിടുമ്പോള്‍ ഇത്രയും ഭൂകമ്പം? ഇതൊക്കെ കേട്ടിട്ടും നെഗറ്റീവ് പറയണമെന്നുണ്ടെങ്കില്‍ ഞാനാളല്ലപ്പാ, നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോ! അതും നിങ്ങളും നിങ്ങളുടെ കര്‍മയും ആയിക്കോട്ടെ. ബൂമറാംഗ് പോലെ നിങ്ങള്‍ക്ക് തന്നെ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates