S P Venkatesh ഫെയ്സ്ബുക്ക്
Entertainment

'കാലം നെയ്ത ജാലമോ മായാജാലമോ...'; എസ് പി വെങ്കിടേഷ് എന്ന മലയാളത്തിലെ അണ്ടർറേറ്റഡ് സം​ഗീത സംവിധായകൻ

എന്നെന്നും ഓർത്തിരിക്കാൻ ഒട്ടനവധി മനോഹരമായ ഈണങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

'മലയാള സം​ഗീത ലോകത്തെ മെലഡി കിങ്' എന്നാണ് എസ് പി വെങ്കിടേഷ് സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. തൊണ്ണൂറുകളിൽ മലയാള സിനിമകളിൽ പശ്ചാത്തല സം​ഗീതത്തിലൂടെയും ഒരു മാന്ത്രിക ലോകം തീർത്തു എസ് പി വെങ്കിടേഷ്. മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിന് അത്രയേറെ പ്രാധാന്യം നൽകിയ സം​ഗീത സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.

ഒരു സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന മിടുക്കിനെക്കുറിച്ച് പല സംവിധായകരും അത്ഭുതത്തോടെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കിലുക്കം എന്ന സിനിമയിലെ ആ വിഖ്യാതമായ പശ്ചാത്തല സംഗീതം മലയാളികൾക്ക് അത്ര വേ​ഗമൊന്നും മറക്കാനാകില്ല. തമിഴ് പശ്ചാത്തലമുള്ള അദ്ദേഹം മലയാള മണ്ണറിഞ്ഞ് ഈണങ്ങൾ നൽകിയപ്പോൾ പിറന്നത് ചരിത്രമാണ്.

പ്രണയമായാലും വിരഹമായാലും ഏത് ഭാവമാണെങ്കിലും എസ് പി വെങ്കിടേഷിന്റെ കൈകളിൽ ഭദ്രമായിരുന്നു. രാജാവിന്റെ മകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു എസ് പി വെങ്കിടേഷ് എന്ന പേര് സിനിമാ പ്രേമികളുടെ മനസിൽ പതിയുന്നത്. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ തുടങ്ങിയ തമ്പി കണ്ണന്താനം- എസ് പി വെങ്കിടേഷ് കൂട്ടുകെട്ട് പിന്നീട് പല സിനിമകളിലും ആവര്‍ത്തിച്ചു എന്ന് വേണം പറയാൻ.

വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ...അങ്ങനെ ഒരു നീണ്ടനിര തന്നെ ഈ കൂട്ടുകെട്ടിലെത്തി. ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, ദേവാസുരം, സ്ഫടികം തുടങ്ങി മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ ഒട്ടനവധി മനോഹരമായ ഈണങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. ആ സംഗീതമാധുര്യം എന്നും നമ്മുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും.

ശാന്തമീ രാത്രിയിൽ...

Johnnie Walker

"ആകാശ കൂടാര കീഴിൽ നിലാവിന്റെ

പാൽക്കിണ്ണം നീട്ടുന്നതാര്......

തീരാ തിരക്കൈയ്യിൽ കാണാത്ത സ്വപ്‌നങ്ങൾ

രത്നങ്ങളാക്കുന്നതാര്..."

ജോണിവാക്കറിലെ ശാന്തമീ രാത്രിയിൽ... എന്ന പാട്ട് അത്രയേറെ പ്രിയങ്കരമാണ് മലയാളികൾക്ക്. ​ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ​ഗാനത്തിന് വരികളൊരുക്കിയത്. യേശുദാസ് ആണ് ​ഗാനം ആലപിച്ചത്. അടുത്തിടെ മോഹൻലാൽ നായകനായെത്തിയ തുടരും എന്ന ചിത്രത്തിലൂടെ ശാന്തമീ രാത്രിയിൽ എന്ന ​ഗാനം വീണ്ടും മലയാളികൾക്ക് മുന്നിലെത്തി. ​ഗാന രം​ഗത്തിൽ മമ്മൂട്ടിയുടെ ഐക്കണിക് നൃത്തച്ചുവട് വയ്ക്കുന്ന മോഹൻലാൽ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

കിലുകിൽ പമ്പരം...

Kilukkam

"താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ

കാലം നെയ്ത ജാലമോ മായാജാലമോ

തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ"

എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് കിലുക്കം. ‌സിനിമാ പ്രേക്ഷകരെയും സം​ഗീതപ്രേമികളെയും ഒരുപോലെ ആകർഷിച്ച ചിത്രത്തിലെ പാട്ടുകൾക്ക് പിന്നിലും എസ് പി വെങ്കിടേഷ് ആയിരുന്നു. ചിത്രത്തിലെ കിലുകിൽ പമ്പരം എന്ന ​ഗാനത്തിന് ഒരു പ്രത്യേക ഫാൻബേസ് തന്നെയുണ്ടെന്ന് വേണം പറയാൻ. ചിലർക്ക് ഈ ​ഗാനം ഒരു താരാട്ട് പാട്ടാണെങ്കിൽ മറ്റു ചിലർക്ക് ഇത് പ്രണയ ​ഗാനമായിരിക്കും വേറെ ചിലർക്ക് വിരഹ​ഗാനവുമായി മാറും. ബിച്ചു തിരുമലയാണ് ​ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. എംജി ശ്രീകുമാർ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ഏഴിമല പൂഞ്ചോല...

Spadikam

"കണ്ണാടി നോക്കും കാട്ടുപൂവേ

കണ്ണു വയ്ക്കാതെ തമ്പുരാനെ

പുത്തൻ ഞാറ്റുവേല

കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി

കൊഞ്ചെടി മുത്തേ"

മോഹന്‍ലാലിനൊപ്പം സില്‍ക്ക് സ്മിത ആടിതിമിർത്ത ​ഗാനമായിരുന്നു സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല. ചിത്രയുടെ വ്യത്യസ്തമായ ആലാപനം എസ് പി വെങ്കടേഷ് സിനിമയിലെ രണ്ട് ഗാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്ന് പറയാം. പശ്ചാത്തല സംഗീതമൊരുക്കിയതും എസ് പിയായിരുന്നു. ഗാനരചന നിര്‍വഹിച്ചത് പി ഭാസ്‌കരനായിരുന്നു.

കറുക വയൽക്കുരുവീ...

Dhruvam

"നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്

ഒരുപിടി അവിലിന്‍ കഥ പോലിവളുടെ പരിണയ കഥ പറഞ്ഞു

പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു..."

പ്രണയത്തിൻ്റെ ഗന്ധം പരത്തുന്ന ​ഗാനമായിരുന്നു ധ്രുവം സിനിമയിലെ കറുകവയൽ കുരുവി. ഷിബു ചക്രവർത്തിയുടെ മനോഹരമായ വരികൾക്ക് എസ് പിയുടെ ഈണം കൂടിയായപ്പോൾ അത് സ്വർ​ഗീയമായി എന്ന് വേണം പറയാൻ. കെ എസ് ചിത്രയും ജി വേണു​ഗോപാലും ചേർന്നായിരുന്നു ​ഗാനം ആലപിച്ചത്.

പാതിരാക്കിളി...

Kizhakkan Pathrose

"കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും

ഓണവില്ലൊളി മുഴങ്ങുന്നു

പാതിരാക്കിളി വരൂ പാൽക്കടൽക്കിളി

ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ"

ചില ഓർമകൾ നമ്മളെ ചിലപ്പോഴെങ്കിലും കരയിക്കാറുണ്ടല്ലേ. മലയാളികൾക്ക് ഒത്തിരിയേറെ ഓർമ്മകൾ സമ്മാനിക്കുന്ന ​ഗാനം കൂടിയാണ് പാതിരാക്കിളി. കിഴക്കൻ പത്രോസിലെ ഈ ​ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് ഒഎൻവി കുറുപ്പാണ്. യേശുദാസ് ആണ് മനോഹരമായ ഈ ​ഗാനം പാടിയിരിക്കുന്നത്.

Cinema News: Music Director S P Venkatesh 5 super hit songs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാം' ; വാട്സ് ആപ്പിനോട് സുപ്രീം കോടതി

'ഈ സിനിമ തീരുന്നത് വരെ ഞാന്‍ മദ്യപിക്കില്ല'; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ 'രാജാവിന്റെ മകനും സംഗീത രാജനും' ഉദയം കൊണ്ടു!

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1600 രൂപ

ടെറസിൽ കൃഷി ചെയ്യുമ്പോൾ ചോർച്ച സൂക്ഷിക്കുക

ചോദ്യങ്ങൾക്ക് മുന്നിൽ പതറി പാകിസ്ഥാൻ; ഐസിസി ബോർഡ് അംഗങ്ങളും പിന്തുണക്കില്ല, ബഹിഷ്കരണ നീക്കം ഉപേക്ഷിക്കുമോ?

SCROLL FOR NEXT