നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ് സാമന്ത പങ്കുവച്ച ചിത്രം. രാജിനെ ചേർത്തു പിടിച്ചുള്ള ചിത്രവും അതിനൊപ്പം സാമന്ത ചേർത്ത കുറിപ്പുമാണ് ഇപ്പോഴത്തെ ചർച്ച. ഈ വർഷം താൻ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്.
പങ്കുവച്ച അവസാന ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിട്ടുണ്ട്. താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. സുഹൃത്തായ തമന്നയും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. ‘‘ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്.
വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം.’’- സാമന്ത കുറിച്ചു.
കുറിപ്പിനൊപ്പം സാമന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് രാജ് നിദിമോരുവിനൊപ്പം നിൽക്കുന്നതായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. 2021ൽ ആണ് സാമന്തയും നടൻ നാഗ ചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates