പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 'സിനിമ ചെയ്യാനൊരുങ്ങി' സന്തോഷ് പണ്ഡിറ്റ്. ബ്ലോക്ബസ്റ്റര്‍ ചിത്രം ധുരന്ധറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടാക്കിയ സിനിമാക്കഥ പങ്കുവെക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. 'ഹോര്‍മുസ് കടലിടുക്ക് ദ റിവഞ്ച്: ചാപ്റ്റര്‍ 1' എന്നാണ് സിനിമയുടെ പേര്. താരത്തിന്റെ രസകരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ആ വാക്കുകളിലേക്ക്:
ഞാന്‍ 500 കോടി ബഡ്ജറ്റില്‍ 'ഹോര്‍മുസ് കടലിടുക്ക് ദ റിവഞ്ച് ചാപ്റ്റർ 1' എന്ന പേരില്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമ ചെയ്താലോ എന്ന ചിന്തയില്‍ ആണേ.. കഥ കേട്ട് നിങ്ങളൊക്കെ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചെയ്യാം. കഥ ഇങ്ങനെ ആണ്. തുടക്കം തന്നെ ഒരു ഐറ്റം ഡാന്‍സ്.. പിന്നേയാണ് കഥയിലേക്ക് പോവുക. ഇറാന്‍ ഗള്‍ഫ് ഇസ്രായേല്‍ യുദ്ധം കാരണം ഇന്ത്യയുടെ എല്‍പിജി ഗ്യാസ് നിറച്ച 101 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങി പോകുന്നു. സര്‍ക്കാരും ജനങ്ങളും ബുദ്ധിമുട്ടുന്നു. എല്‍പിജിക്കു ഇന്ത്യയില്‍ 60 രൂപ വില കൂടുമെന്ന അവസ്ഥ.. ജനങ്ങള്‍ 'ഇളകുന്നു'.
ഒടുവില്‍ ഇറാനില്‍ നിന്നും കപ്പല്‍ ഇന്ത്യയില്‍ എത്തിക്കുവാന്‍ ആഭ്യന്തര മന്ത്രി ഡിജിപി യോട് പറയുന്നു. 'ഇനി അവനെ വിളിക്കൂ.. അവന്‍ വന്നാലേ എന്തെങ്കിലും ഒക്കെ നടക്കൂ..' സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്ന 7 പാക്ക് ശരീരം ഉള്ള സുന്ദരനായ ഉത്തര്‍ പ്രദേശ് കാരനായ സന്തോഷ് പണ്ഡിറ്റ് കപൂര്‍ ഐപിഎസ് എന്ന കരുത്തനായ പോലീസ് കമ്മീഷ്ണറേ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും കപ്പലുകള്‍ രക്ഷിച്ചു ഇന്ത്യയില്‍ എത്തിക്കുവാനുള്ള ധൗത്യം ഏല്പിക്കുന്നു.
പക്ഷെ ഈ നായകന് ഒരു ഫ്‌ലാഷ്ബാക്ക് ഉണ്ടെ.. ആളൊരു ചൂടനാണ്. ഏതെങ്കിലും ക്രിമിനലിനെ കണ്ടാല്‍ ഉടനെ വെടിവെച്ചു കൊല്ലും. അത് അങ്ങേരുടെ ഒരു വീക്‌നെസ് ആണ്. ഒരു യുവതിയെ പീഡിപ്പിച്ചു കൊന്ന 12 പേരെ അവരുടെ വീട്ടില്‍ പോയി വെടിവെച്ചു കൊന്നു. എങ്ങനെ ഉണ്ട്? ഇതറിഞ്ഞു കോടതി ഇങ്ങേരെ suspend ചെയ്തു. ഇതറിഞ്ഞ പണ്ഡിറ്റിന്റെ സുന്ദരിയും പണക്കാരിയും ആയ കേരളത്തിലെ കാമുകി അങ്ങേരെ തേച്ചു പോകുന്നു. 'ജോലി ഇല്ലാത്ത ഒരുത്തനെ എനിക്ക് വേണ്ട. പ്ലീസ് എന്നെ ശപിക്കരുത് ' എന്നൊക്കെ ഡയലോഗ് പറഞ്ഞു മറ്റൊരാളെ കെട്ടുന്നു. (ഇതിനിടയില്‍ ലവ് സോങ്, 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി ' രീതിയിലുള്ള 2 പാട്ട് )..വിഷമിച്ചു നില്‍ക്കുന്ന പണ്ഡിറ്റിന്റെ കഥ അറിഞ്ഞു സഹതാപം തോന്നി മറ്റൊരു പാവപ്പെട്ട വീട്ടിലെ ഉത്തര്‍ പ്രദേശുകാരിയായ യുവതി പ്രണയിക്കുന്നു. അവളുമായുള്ള പണ്ഡിറ്റിന്റെ വിവാഹത്തിന്റെ തലേ ദിവസം ആണ് ഹോര്‍മുസ് കടലിടുക്കിലേക്ക് പോകുവാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശിക്കുന്നത്. പണ്ഡിറ്റ് എന്ന പേര് മാറ്റി 'മൂസ കുട്ടി ' എന്ന ഇറാന്‍ സ്‌റ്റൈല്‍ പേരിടുന്നു.
സസ്‌പെന്ഷന്‍ ഒക്കെ ഒഴിവാക്കി കൊടുക്കുന്നു. ഒടുവില്‍ കല്യാണം മാറ്റിവെച്ചു പണ്ഡിറ്റ് ഒരു 'ഇന്ത്യന്‍ agent' ആയി സ്പെെ വര്‍ക്ക് ചെയ്യുവാന്‍ ഇറാനിലേക്ക് നുഴഞ്ഞു കയറുവാന്‍ പോകുന്നു. ഉത്തര്‍ പ്രാദേശില്‍ നിന്നും ഹോര്‍മുസ് വരെ നീന്തി പോകുന്നു. ആകെ കൈയ്യില്‍ ഉണ്ടായിരുന്ന കാമുകിയുടെ ഫോട്ടോ കത്തിക്കുവാന്‍ പറയുന്നു. അത് ചെയ്യുന്നു. (ഇതിനിടയില്‍ 2 പാട്ട് )
ഈ ധൗത്യത്തില്‍ പണ്ഡിറ്റിനെ സഹായിക്കുവാന്‍ രണ്ടു സന്ദരികളെയും സര്‍ക്കാര്‍ കൊടുക്കുന്നു. പണ്ഡിറ്റിനെ കണ്ട ആദ്യ മാത്രയില്‍ തന്നെ രണ്ടു സുന്ദരിമാരും മനസ്സ് കൊണ്ട് പ്രണയിക്കുന്നു. പക്ഷെ അതിനൊന്നും പണ്ഡിറ്റ് നിന്ന് കൊടുത്തില്ല..(ഒരു അര പാട്ട് )
ഇറാനില്‍ വിദഗ്ധമായി നീന്തി എത്തിയ അവരെല്ലാം മീന്‍കാരായി വേഷം മാറി മീന്‍ വിറ്റു ജീവിക്കുന്നു. ഇടക്കൊക്കെ വാര്‍ക്ക പണിക്കും പോകുന്നു. അങ്ങനെ ഇറാന്റെ യുദ്ധ തന്ത്രങ്ങള്‍ എല്ലാം പണ്ഡിറ്റ് ഒറ്റയ്ക്ക് പഠിച്ചെടുക്കുന്നു. അതിനിടയില്‍ രണ്ട് ഇറാനിയന്‍ സ്ത്രീകള്‍ പണ്ഡിറ്റ് 'മൂസ കുട്ടി ' ആണെന്ന് തെറ്റിദ്ധരിച്ചു പ്രണയിക്കുന്നു. (ഡാന്‍സ്, പാട്ട് ).. പക്ഷെ ലക്ഷ്യം മാത്രം മുന്നില്‍ കാണുന്ന പണ്ഡിറ്റ് ആ പ്രണയം നിരസിക്കുന്നു. ഇറാന്‍ യുവതികളുടെ ഹൃദയം തകരുന്നു. ഇതിനിടയില്‍ തന്റെ ഇന്ത്യന്‍ കാമുകിയെ ഓര്‍ത്തു ലോല ഹൃദയനായ പണ്ഡിറ്റ് കരയുന്നു ! (പാട്ട് )
ഇന്ത്യയുടെ 101 കപ്പലുകള്‍ രക്ഷിക്കുവാന്‍ ഒരു രാത്രിയില്‍ പണ്ഡിറ്റ് വിദക്തമായ പ്ലാന്‍ തയ്യാറാക്കുന്നു. ഈ സമയം ഇങ്ങേര്‍ ഒരു ഇന്ത്യന്‍ ഏജന്റ് ആണെന്ന് ഇറാന്‍ പോലീസ് തിരിച്ചറിയുന്നു.. ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്ന പണ്ഡിറ്റ് തന്റെ ഇറാന്‍ കാരനായ വാര്‍ക്ക പണിയുടെ മേസ്തിരിയുടെ മുന്നില്‍ പെട്ടു പോകുന്നു. പക്ഷെ താന്‍ മേസ്തിരിയും കോപ്പും ഒന്നും അല്ലെന്നും താനും ഒരു ഇന്ത്യന്‍ ഏജന്റ് ആണെന്ന് മേസ്തിരി പറയുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തുവാന്‍ 45 വര്‍ഷമായി താനും ഇവിടെ വാര്‍ക്ക പണിയും ചെയ്ത് ജീവിക്കുകയാണ് എന്നും പറഞ്ഞു പണ്ഡിറ്റിനെ സഹായിക്കുന്നു. കുറേ AK 47 തോക്കുകള്‍, ചൈനീസ് ബോംബുകള്‍ ഒക്കെ കൊടുത്ത് കപ്പലില്‍ പണ്ഡിറ്റിനെ കൊണ്ട് എത്തിക്കുന്നു. അപ്പോഴേക്കും ശത്രുക്കള്‍ കപ്പല്‍ വളയുന്നു.
പണ്ഡിറ്റ് ഓടുന്നു, ചാടുന്നു, 'പറക്കുന്നു'. ഒറ്റയ്ക്ക് എല്ലാവരെയും എതിരിട്ട്, കുറേ പേരെ കൊന്നു, മറ്റുള്ളവരെ ഓടിച്ചു, പഞ്ച് ഡയലോഗ്കള്‍ ഒക്കെ പറയുന്നു. ഒടുവില്‍ 101 കപ്പലുമായി ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പണ്ഡിറ്റ് മുന്നില്‍ നിന്നും നയിച്ചു ഉത്തര്‍ പ്രദേശില്‍ എത്തുന്നു. ഉടനെ പണ്ഡിറ്റ് ഓടി എത്തി കാമുകിയെ കാണുന്നു. അതോടെ ഇന്ത്യയിലെ എല്‍പിജി ക്ഷാമം പരിഹരിക്കപ്പെടുന്നു. പണ്ഡിറ്റിന് അവാര്‍ഡ് കൊടുക്കുന്നു.
കാമുകിയെ വിവാഹം കഴിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും പണ്ഡിറ്റിനു വാട്സ് ആപ്പ് കോള്‍ വരുന്നു. 'പണ്ഡിറ്റേ, നിങ്ങള്‍ ഒരിക്കല്‍ കൂടി ഹോര്‍മുസ് കടലിടുക്കില്‍ പോകണം. ഇത്തവണ ഇന്ത്യയുടെ പെട്രോള്‍, ഡീസല്‍ നിറച്ച 301 കപ്പലുകള്‍ ഒരു പോറലും ഏല്‍ക്കാതെ ഇന്ത്യയില്‍ എത്തിക്കണം. ഇതാണ് പുതിയ task..' ഇത് കേട്ടതോടെ വീണ്ടും വിവാഹം മാറ്റി വെച്ചു പണ്ഡിറ്റ് വീണ്ടും ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമാക്കി പോകുന്നു. കാമുകി 'അമ്മേ..' എന്നു പറഞ്ഞു കരയുന്നു. (മെലഡി സോങ്) ഇത്തവണ പണ്ഡിറ്റിനെ സഹായിക്കുവാന്‍ 3 സ്ത്രീകളെ സര്‍ക്കാര്‍ അനുവദിക്കുന്നു.
സ്‌ക്രീനില്‍.. 'പ്ലീസ് wait for Chapter 2'കഥ എങ്ങനെ ഉണ്ട്? വിജയിക്കുമോ? ഞാന്‍ ഇതോടെ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആകുമോ? വാല്‍ കഷ്ണം. ഇതൊരു പ്രോപഗണ്ട സിനിമ അല്ല. മീന്‍ വിറ്റും, വാര്‍ക്ക പണി എടുത്തും ഇറാനില്‍ ഇന്ത്യന്‍ ഏജന്റ് ആയ പോയ ഒരുത്തന്‍ എങ്ങനെ ആണ് ആ രാജ്യത്തിന്റെ യുദ്ധ തന്ത്രങ്ങള്‍ പഠിച്ചു എന്നാ ചോദ്യം ഒന്നും ഇങ്ങോട്ട് വേണ്ട. അതൊക്കെ വീട്ടില്‍ പോയി ചോദിച്ചാല്‍ മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates