Sathyan Anthikad about Mohanlal and Sreenivasan ഇന്‍സ്റ്റഗ്രാം
Entertainment

'ലാലിന്റെ കണ്ണ് നിറഞ്ഞു, എന്നേയും ശ്രീനിയേയും കെട്ടിപ്പിടിച്ചു'; കാലങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയെപ്പറ്റി സത്യന്‍ അന്തിക്കാട്

ലാല്‍ ഞങ്ങള്‍ രണ്ടു പേരേയും ചേര്‍ത്തുപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ഐക്കോണിക് കോമ്പോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട്. മൂവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് സൂപ്പര്‍ ഹിറ്റുകളാണ്. നാടോടിക്കാറ്റും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും പോലുള്ള സിനിമകള്‍ ഒരിക്കലും മലയാളി മറക്കില്ല. ഈ സിനിമകളിലെ ഡയലോഗുകള്‍ ഇന്ന് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്.

തങ്ങള്‍ മൂവരും ഒരുമിച്ചൊരു സിനിമ കൂടി ചെയ്യുക എന്ന ആഗ്രഹം ഇപ്പോഴും തന്റെ മനസിലുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അത് നടക്കുമോ എന്ന് ചോദിച്ചാല്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കോമ്പോയെക്കുറിച്ച് സത്യന്‍ അന്തിക്കാട് മനസ് തുറക്കുന്നുണ്ട്.

''അവസരം ഉണ്ടായിക്കൂട എന്നൊന്നുമില്ല. നമ്മള്‍ പ്രവചിക്കുന്നത് പോലെയല്ലല്ലോ ജീവിതം. ശ്രീനി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ ശ്രീനിയെ പോയി കാണാറുണ്ട്. സംസാരിക്കുമ്പോഴുള്ള ചെറിയൊരു ആരോഗ്യ പ്രശ്‌നമേയുള്ളൂ. പഴയതിനേക്കാളും ബ്രൈറ്റാണ് ബുദ്ധിയും ഓര്‍മയും തമാശയും.'' സത്യന്‍ അന്തിക്കാട് പറയുന്നു.

''ഈയ്യടുത്ത് വേറൊരു വഴിക്ക് പോകുന്നതിനിടെ എന്റെ വീട്ടില്‍ കയറി. അപ്പോള്‍ കാണാനായി എന്റെ നാട്ടുകാരില്‍ ചിലര്‍ വന്നു. ശ്രീനിയേട്ടാ എങ്ങനെയുണ്ട് അസുഖമൊക്കെ എന്ന് ചോദിച്ചു. അസുഖമൊക്കെ നന്നായി പോകുന്നു എന്നായിരുന്നു മറുപടി. അത്തരം കമന്റുകളൊന്നും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല'' എന്നും സത്യന്‍ അന്തിക്കാട് പറയുന്നു. തന്റെ പുതിയ സിനിമയായ ഹൃദയപൂര്‍വ്വത്തിന്റെ ലൊക്കേഷനില്‍ വച്ച് മൂവരും കണ്ടുമുട്ടിയതിനെക്കുറിച്ചും സത്യന്‍ അന്തിക്കാട് സംസാരിക്കുന്നുണ്ട്.

''ഹൃദയപൂര്‍വ്വത്തിന്റെ ഷൂട്ടിങ് മുളന്തുരുത്തിയില്‍ നടക്കുമ്പോള്‍ ശ്രീനി ഒരു ദിവസം ലൊക്കേഷനില്‍ വന്നിരുന്നു. വല്ലാത്ത വൈകാരികമായ നിമിഷമായിരുന്നു. ലാല്‍ ഞങ്ങള്‍ രണ്ടു പേരേയും ചേര്‍ത്തുപിടിച്ചു. ഒരുപാട് ഓര്‍മകള്‍ മനസിലേക്ക് വന്നു. ഞങ്ങള്‍ മൂന്ന് പേരും കൂടെ ചെയ്ത സിനിമകളുടെ ഓര്‍മകള്‍. എത്രയെത്ര സിനിമകളാണ് ഒരുമിച്ച് ചെയ്തത്. ലാലിന്റെ കണ്ണ് നിറഞ്ഞു'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ശ്രീനിവാസന്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇത്രയും നല്ല സിനിമകള്‍ ചെയ്യില്ലായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

''എഴുത്തുകാരെ ആശ്രയിക്കുന്ന സംവിധായകനാണ് ഞാന്‍. പലപ്പോഴും പറഞ്ഞിട്ടുണ്ട്, ശ്രീനിവാസന്‍ എന്ന എഴുത്തുകാരനും സുഹൃത്തുമില്ലെങ്കില്‍ എനിക്ക് ഇത്രയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അത് എനിക്കായി എഴുതിയ സിനിമകള്‍ കാരണം മാത്രമല്ല, അതില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ ഞാന്‍ എഴുതുന്ന തിരക്കഥകളിലും സിനിമകളിലും സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേരും ഏതാണ്ട് ഒരുപോലെ ചിന്തിക്കുന്നവരാണ്. എന്റെ മനസ് വായിക്കാന്‍ ശ്രീനിയ്ക്ക് സാധിക്കും. ഞങ്ങള്‍ രണ്ടുപേരും വളര്‍ന്ന സാഹചര്യങ്ങള്‍ ഒരുപോലെയായിരുന്നു. അതുകൊണ്ട് ഞാനൊരു തമാശ പറഞ്ഞാല്‍ അത് പെട്ടെന്ന് തിരിച്ചറിയാന്‍ ശ്രീനിയ്ക്ക് സാധിക്കും.'' എന്നാണ് ശ്രീനിവാസനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നത്.

Sathyan Anthikad talks about his relationship with Mohanlal and Sreenivasan. Recalls how mohanlal hugged him and Sreeni at Hridyapoorvam location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT