2007 ല്‍ പുറത്തിറങ്ങിയ അന്‍വറിലെ തൊസെ നൈന ലാഗേ എന്ന പാട്ട് കേട്ടവരെല്ലാം ശില്‍പ റാവു പാട്ടുകാരിയേയും മറന്നിട്ടുണ്ടാകില്ല. ആ ശബ്ദം പിന്നീട് ദ ട്രെയിനിലെ വോ അജ്‌നബിയായും, ബച്ച്‌നാ യേ ഹസീനോയിലെ ഖുദാ ജാനേയുമൊക്കയായി സംഗീതാസ്വാദകരുടെ കാതുകളിലെത്തി. ഇടയ്ക്ക് പുതിയമുഖത്തിലെ രഹസ്യമായി എന്ന പാട്ടിലൂടെ മലയാളത്തിലും വന്നു പോയി.
രണ്ട് പതിറ്റാണ്ടിനുപ്പറവും ആ ശബ്ദം സംഗീതാസ്വാദകരെ സന്തോഷിപ്പിക്കുകയും നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അവര്‍ പാടിയ കാവാലയും ബേഷരം രംഗും ഗഫൂറുമൊക്കെ പുതിയ തലമുറയും ഏറ്റെടുക്കുന്നു. പോയ വര്‍ഷം മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡും തേടിയെത്തി. ഇപ്പോഴിതാ ദേവാരയിലെ ചുട്ടമ്മല്ലേയിലൂടെ ഫിലിംഫെയര്‍ സൗത്തും. തന്റെ പുരസ്‌കാര നേട്ടത്തെക്കുറിച്ചും സംഗീത യാത്രയെക്കുറിച്ചും ശില്‍പ റാവു സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
ദേവാരയിലെ ചുട്ടമല്ലേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. ഈ നേട്ടം എത്രത്തോളം സ്‌പെഷ്യലാണ്?
വളരെ സ്‌പെഷ്യലാണ്. തെലുങ്ക് ഭാഷ സംസാരിക്കുന്നവരിലേക്ക് മാത്രമല്ല, ലോകമെമ്പാടും ആ പാട്ട് സഞ്ചരിച്ചു. തെലുങ്ക് അറിയുന്നവരേയും അറിയാത്തവരേയും സംഗീതത്തിന്റെ കണക്ഷനിലൂടെ ഒരുമിപ്പിച്ചു. ഗുവാഹട്ടിയിലും അരുണാചലിലും ജാര്‍ഖണ്ഡിലുമുള്ളവര്‍ ചുട്ടമല്ലേ പാടാന്‍ ആവശ്യപ്പെടാറുണ്ട്. അതാണ് സംഗീതത്തിന്റെ കരുത്ത്. സംഗീതം ജനങ്ങളെ ഒരുമിപ്പിക്കും. ആ പാട്ടിന് പുരസ്‌കാരം കൂടി ലഭിക്കുമ്പോള്‍ അത് വളരെ സ്‌പെഷ്യലാണ്.
കേരളത്തില്‍ വച്ചായിരുന്നല്ലോ ഇത്തവണ ഫിലിം ഫെയര്‍ സൗത്ത് നടന്നത്. കേരളവുമായുളള്ള അടുപ്പത്തെക്കുറിച്ച്?
കേരളത്തിലേക്ക് വരണമെന്ന് അറിയുമ്പോഴെല്ലാം ഞാന്‍ ഒരുപാട് സന്തുഷ്ടയാകും. എനിക്ക് ഇവിടം ഒരുപാട് ഇഷ്ടമാണ്. ഈ നാടും ഇവിടുത്തെ ജനങ്ങളും, പ്രകൃതിയുമായി അവര്‍ക്കുള്ള അടുപ്പവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. കേരളം ബിഹാറിലെ ഗ്രാമത്തിലെ എന്റെ കുട്ടിക്കാലം ഓര്‍മപ്പെടുത്തുന്നു. കേരളത്തിലേക്ക് വരുമ്പോഴെല്ലാം ഞാന്‍ വളരെ ആവേശഭരിതയാകും.
കോഴിക്കോടും പാലക്കാടുമൊക്കെ ഞാന്‍ പാടാനായും അല്ലാതേയും വന്നിട്ടുണ്ട്. കേരളത്തില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം അവിശ്വസനീയമാണ്. ജീവിതത്തില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ള ഏറ്റവും നല്ല നാടുകളിലൊന്നാണ് കേരളം. വളരെ മനോഹരമായ നാടാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ ഞാന്‍ ഒന്ന് രണ്ട് ദിവസം അധികം ഇവിടെ ചെലവിട്ടിട്ടാണ് പോകാറുള്ളത്. തിരക്കുള്ള ജീവിതത്തില്‍ നിന്നും ഓടിയൊളിക്കാനൊരു ശാന്തതയാണ് ഇവിടേക്കുള്ള വരവ്.
കേരളീയര്‍ പ്രകൃതിയുമായി അടുത്തിടപഴകി ജീവിക്കുന്നവരാണ്. ഞാനും വ്യക്തിയെന്ന നിലയില്‍ അങ്ങനെയാണ്. കുട്ടിക്കാലം മുതലേ പ്രകൃതിയുമായി അടുത്തിടപഴകുമ്പോള്‍ എന്റെ സന്തോഷം ഇരട്ടിയാകാറുണ്ട്. കേരളത്തിലേക്കുള്ള വരവും അങ്ങനെയാണ്. കേരളത്തിന്റെ ഭംഗി ആകര്‍ഷിക്കാതിരിക്കില്ല.
കേരളത്തിലെ ഭക്ഷണമൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്യാറുണ്ടോ?
എന്റെ ഭര്‍ത്താവിന്റെ കുടുംബം പാലക്കാടാണ്. കേരളത്തില്‍ വരുമ്പോഴൊക്കെ ഇവിടുത്തെ ഭക്ഷണം കൊതിയോടെ കഴിക്കാറുണ്ട്. നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയുമാണ് പതിവ്. പഴംപൊരി ഭയങ്കര ഇഷ്ടമാണ്. ഇത്തവണ വന്നപ്പോള്‍ കാര്‍ത്ത്യായനി സീ ഫുഡ് റസ്‌റ്റോറന്റില്‍ പോയി. ഫോര്‍ട്ട് കൊച്ചിയില്‍ പോയി. അവിടൊരു സിന്നമണ്‍ ഐസ് ക്രീം കിട്ടുന്ന ഹോട്ടലുണ്ട്. എനിക്കത് ഏറെ ഇഷ്്ടമാണ്. കേരളത്തിലേക്ക് എത്ര വന്നാലും മതിയാകില്ല.
മലയാളം സിനിമയും സംഗീതവും ശ്രദ്ധിക്കാറുണ്ടോ?
തീര്‍ച്ചയായും. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് മാമി ഫെസ്റ്റിവലില്‍ പോകാറുണ്ടായിരുന്നു. സ്പാനിഷ് സിനിമകളുടേയും ഇറാനിയന്‍ സിനിമകളുടേയും കൂട്ടത്തില്‍ മലയാളത്തില്‍ നിന്നുള്ള സിനിമകളും അവിടെ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. മലയാളം സിനിമകള്‍ സാധാരണക്കാരുടെ ജീവിതവുമായി വളരെ അടുത്തു നില്‍ക്കുന്നവയാണ്. കുമ്പളങ്ങി നൈറ്റ്‌സോടെ എല്ലാം മാറി മറഞ്ഞു. ഒടിടിയുടെ വരവിന് ശേഷം എല്ലാ വീടുകളിലേക്കും സിനിമയെത്തി. മലയാളം സിനിമകള്‍ തുടക്കം മുതലേ മികച്ചതായിരുന്നു. എല്ലാവരും ഇപ്പോഴത് തിരിച്ചറിഞ്ഞു. ആട്ടം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, ലോക, തുടങ്ങിയ സിനിമകളൊക്കെ ഞങ്ങള്‍ക്കും പ്രചോദനമാണ്.
സംഗീതത്തിലേക്ക് വരികയാണെങ്കില്‍, യേശുദാസും ചിത്രയുമൊക്കെ ഞാന്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നവരാണ്. അവര്‍ സംഗീതത്തെ വളരെയധികം ഡിസിപ്ലിനോടെ സമീപിക്കുന്നവരാണ്.
സംഗീത യാത്രയുടെ തുടക്കം എങ്ങനെയായിരുന്നു?
അതെ. സംഗീതയാത്രയില്‍ നമ്മള്‍ക്ക് പ്രചോദനമാകുന്ന പലരുമുണ്ടാകും. അവര്‍ വ്യക്തിപരമായി നമുക്ക് പ്രചോദനം നല്‍കുമ്പോള്‍ അത് സംഗീതത്തില്‍ നമ്മളിടുന്ന എഫേര്‍ട്ട് ശക്തമാക്കും. സംഗീതത്തെ കൂടുതല്‍ ഗൗരവ്വമായി കാണും, ഉത്തരവാദിത്തവും തോന്നും. കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും തോന്നും. ഞാന്‍ മാത്രമല്ല, എന്റെ തലമുറിയിലെ പലര്‍ക്കും അവര്‍ പ്രചോദനമായിട്ടുണ്ട്. അവരോട് എനിക്ക് അതിയായ കൃതജ്ഞതയുണ്ട്.
കരിയര്‍ പടുത്തുയര്‍ത്താനുള്ള ജാര്‍ഖണ്ഡ് ടു ബോംബെ യാത്ര എളുപ്പമായിരുന്നുവോ?
ബോംബെയ്ക്ക് പുറമെ നിന്നും വരുന്നവരെല്ലാം ഒരുപോലെ പറയുന്ന കാര്യമാണ്, ബോംബെ നമ്മളെ കൂടുതല്‍ ഇന്‍ക്ലൂസീവ് ആകാന്‍ പഠിപ്പിക്കുമെന്നത്. നല്ല വര്‍ക്ക് എത്തിക്‌സ് ഉള്ള ഇന്‍ഡസ്ട്രിയാണിത്. ഇവിടെ നിങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്നതില്‍ പ്രാധാന്യമില്ല. എത്ര നന്നായി ജോലി ചെയ്യുന്നു, പാടുന്നു എന്നതിലാണ് കാര്യം. കഴിവും, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായൊരു മനസുമുണ്ടെങ്കില്‍ ആ ബഹുമാനം നിങ്ങള്‍ക്ക് തിരിച്ചു കിട്ടിയിരിക്കും. ജോലിയില്‍ എങ്ങനെ മികവ് പുലര്‍ത്തുന്നുവെന്നതിലാണ് കാര്യം. എവിടെ നിന്ന് വരുന്നുവെന്നതിലല്ല. ബോംബെയില്‍ നിന്നും ഞാന്‍ പലതും പഠിച്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയോട് കടപ്പെട്ടിരിക്കുന്നു. അതേസമയം അത് എളുപ്പമുള്ളൊരു കാര്യമല്ല. ആര്‍ക്കും എളുപ്പമായിരിക്കില്ല. കഠിനാധ്വാനം ചെയ്യണം. നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കുകയും മുന്നോട്ട് പോവുകയും ചെയ്യണം. ഞാന്‍ അതെല്ലാം ആസ്വദിക്കുന്നയാളാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് ഏറെ താല്‍പര്യമുണ്ട്.
സംഗീത ലോകത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഇത്രയും നാള്‍ റെലവന്റായിരിക്കുകയെന്നത് സാധ്യമാകുന്നത് എങ്ങനെ?
2007 മുതല്‍ ഞാനിവിടെയുണ്ട്. പക്ഷെ ഇത്രയും വര്‍ഷമായതായി എനിക്ക് തോന്നുന്നതേയില്ല. ഇന്നലെ വന്നത് പോലെയാണ് തോന്നുന്നത്. 2007 മുതല്‍ ഇന്ന് വരെ മാറാത്ത ഒറ്റക്കാര്യമേയുള്ളൂ. സ്റ്റുഡിയോയില്‍ പോകുന്നതും, പുതിയൊരു പാട്ട് പാടുന്നതും എനിക്ക് അന്നും ഇന്നും ഒരുപോലെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇന്നും ഒരു പാട്ട് പാടാനായി വിളിക്കുമ്പോള്‍ എനിക്ക് അതിയായ സന്തോഷമാണ് അനുഭവപ്പെടാറുള്ളത്. ആ സന്തോഷം ഒരിക്കലും മാറരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,
ഈയ്യടുത്ത് ഗായകന്‍ അരിജിത് സിങ് പിന്നണി ഗാനത്തില്‍ നിന്നും വിരമിക്കുകയുണ്ടായി. ആ തീരുമാനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആ വിഷയത്തില്‍ എന്റെ കാഴ്ചപ്പാടിനേക്കാളും തനിക്ക് നല്ലത് എന്ന് തോന്നുന്നത് എന്ത് തീരുമാനവും എടുക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട് എന്നതാണ് പ്രധാനം. അദ്ദേഹവും ഒരു മനുഷ്യനും കലാകാരനുമാണ്. തനിക്ക് വേണ്ടത് എന്തെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം അങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം സ്വയം തെരഞ്ഞെടുത്തതും അദ്ദേഹത്തിന് സന്തോഷം നല്‍കുന്നതുമായിരിക്കും. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. കലാകാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു, അത് എന്ത് തന്നെയാണെങ്കിലും. അദ്ദേഹത്തെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു.
കാത്തിരിപ്പിനൊടുവില്‍ മികച്ച ഗായികയ്ക്കുള്ള ശേീയ അവാര്‍ഡ് തേടിയെത്തിയപ്പോള്‍
ആ നിമിഷം, എന്റെ സംഗീതയാത്രയില്‍ കൂടെ നിന്നിട്ടുള്ള എല്ലാവര്‍ക്കും കൂടിയുള്ളതാണ്. ഒന്നും ഒറ്റയ്ക്ക് നേടിയതല്ല. സുഹൃത്തുക്കളും കുടുംബവും എന്റെ ടീമും അടക്കം ഒരുപാട് പേര്‍ ചേര്‍ന്നാണ് ഒരു ആര്‍ട്ടിസ്റ്റിനെ പരുവപ്പെടുത്തുന്നത്. അവര്‍ക്കെല്ലാം ഞാന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നു, എന്റെ ആരാധകര്‍ക്കും. അവരൊന്നുമില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല.
ബോളിവുഡിലും സൗത്ത് സിനിമയിലും പാടിയിട്ടുള്ള ആളെന്ന നിലയില്‍ എന്തെങ്കിലും വ്യത്യാസം ശ്രദ്ധിച്ചിരുന്നുവോ?
ഒരു വ്യത്യാസവുമില്ല. സംഗീതം എല്ലായിടത്തും ഒന്നു തന്നെ. സംഗീതത്തിലുടെ എക്‌സ്പ്രസ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ലോകത്തില്‍ എവിടെയുള്ളവരുമായും കണക്ട് ചെയ്യാനാകും.
സോഷ്യല്‍ മീഡിയ കാലത്ത് റീല്‍സില്‍ ഹിറ്റാകാന്‍ വേണ്ടിയാണ് പലപ്പോഴും പാട്ടുകള്‍ ഉണ്ടാക്കപ്പെടുന്നത് തോന്നാറുണ്ട്. അതിനെ എങ്ങനെ നോക്കിക്കാണുന്നു?
എങ്ങനെ ഒരു വൈറല്‍ പാട്ടുണ്ടാക്കാം എന്ന് ചോദിച്ചാല്‍ ഒരു സംഗീത സംവിധായകനും മറുപടി ഉണ്ടാകില്ല. പാട്ടുണ്ടാക്കുമ്പോള്‍ നമ്മുടെ ചോദ്യവും അതായിരിക്കരുത്. ഭാഗ്യവശാല്‍ ഒരുപാട് പ്രതിഭാധനരായ സംഗീത സംവിധായകരുടേയും ഗാനരചയിതാക്കളുടേയും സംവിധാകരുടേയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യം അവരെല്ലാം മ്യൂസിക് സ്റ്റുഡിയോയിലേക്ക് വരുന്നത് അവര്‍ക്ക് വേണ്ട പാട്ടുണ്ടാക്കാനാണ്. തങ്ങളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ഡാന്‍സ് കളിക്കാന്‍ തോന്നിപ്പിക്കുകയും സങ്കടം തോന്നിപ്പിക്കുകയും ചെയ്യുന്ന പാട്ടുകള്‍. ഹിറ്റ് പാട്ടുണ്ടാക്കണം എന്ന് കരുതിയാകില്ല അവര്‍ വരുന്നത്. ഒരു ഹിറ്റ് പാട്ട് ഉണ്ടാക്കാനുള്ള ഫോര്‍മുല ആരുടേയും പക്കലില്ല. കേള്‍വിക്കാരുടെ മനസ് തൊടുന്ന പാട്ടുകളുണ്ടാക്കുകയാണ് വേണ്ടത്. ഞാനും അതിലാണ് വിശ്വസിക്കുന്നത്. ഓരോ തവണയും സ്റ്റുഡിയോയിലേക്ക് വരുന്നത് ആ ലക്ഷ്യത്തോടെയാണ്. ജീവിതാനവസാനം വരെ നല്ല പാട്ടുകളുടെ ഭാഗമാകാന്‍ സാധിക്കമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates