മാത്യു തോമസ് നായകനായെത്തിയ ചിത്രമാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്. ഹൊറർ കോമഡി ഴോണറിലെത്തിയ ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ ചിത്രം ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്.
സുമതി വളവ് എന്ന ചിത്രത്തിന് ശേഷം പ്രേതത്തെ ട്രോളൻമാർ ആഘോഷിക്കുന്ന ചിത്രമായി മാറുകയാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്. ചിത്രത്തില്‍ ചോതി എന്ന പ്രേതം വരുന്ന രംഗം ഇതിനോടകം ട്രോള്‍ പേജുകളില്‍ നിറഞ്ഞു.
ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് ചോതി എന്ന പ്രേതത്തെ സ്‌ക്രീനില്‍ കാണുന്നത്. മാത്യു തോമസ് അവതരിപ്പിച്ച ശ്യാം എന്ന കഥാപാത്രം വില്ലനെ പിടിക്കാന്‍ പോകുന്ന സമയത്ത് അപകടത്തിലാവുകയും ആ സമയത്ത് നായകനെ സഹായിക്കാന്‍ ചോതി പ്രത്യക്ഷപ്പെടുകയുമാണ്. നല്ല രീതിയില്‍ ഇമോഷന്‍ വര്‍ക്കാകേണ്ട രംഗം അക്ഷരാര്‍ത്ഥത്തില്‍ കോമഡിയായി.
നായകനെ കുട്ടിക്കാലത്ത് പരിചരിച്ച ചോതി പ്രേതമായി തിരിച്ചെത്തുമ്പോള്‍ പറയുന്ന ഡയലോഗ് 'ശ്യാമേ ഒരു ഉരുള ചോറ് തിന്നെടാ' എന്നാണ്. അതുവരെയുണ്ടായിരുന്ന സീരിയസ് സിറ്റുവേഷന്‍ ഒറ്റയടിക്ക് കോമഡിയായി മാറി. ഇതിനോടൊപ്പം പ്രേതത്തിന് നല്‍കിയ മേക്കപ്പും കൂടിയായപ്പോള്‍ ശുഭം. വരും ദിവസങ്ങളില്‍ ചോതി ഇനിയും എയറില്‍ ആകുമെന്ന കാര്യം ഉറപ്പാണ്. അതോടൊപ്പം ചിത്രത്തിന്റെ കഥയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
'ഹൊറർ കോമഡി എന്ന പേരിൽ നമ്മൾ ഇതിനു മുൻപ് പലതവണ കണ്ടു മടുത്ത അതേ ക്ലീഷേ പാറ്റേൺ തന്നെയാണിവിടെയും. പുതുമ എന്ന സാധനം മരുന്നിന് പോലുമില്ല! ഡിറ്റക്ടീവ് ഉജ്ജ്വലൻ 2.0', 'ഹൊറർ പടമാണെന്ന് പറഞ്ഞിട്ട് പേടി വരുന്നുമില്ല, കോമഡി ആണെന്ന് പറഞ്ഞിട്ട് അത്രയ്ക്ക് ചിരി വരുന്നുമില്ല'.
രണ്ടിന്റെയും ഇടയിൽ പെട്ട ഒരവസ്ഥ', 'കുറേ പുകയൊക്കെയുണ്ട്, പക്ഷെ തീയില്ല', 'എവിടെ പോയാലും ചോറ് വാരിത്തരാൻ പറന്നു വരും എന്നുള്ള സത്യം ചോതി ചേച്ചി ചത്തിട്ടും മറന്നില്ല', 'മാത്യുവിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. അല്ലേൽ ഇത് പോലെ ഉള്ള ആവറേജ് മൂവിയിൽ തല വയ്ക്കോ'- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്. റോഷന്‍ ഷാനവാസ്, അബു സലിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates