നർത്തകി സൗഭാഗ്യ വെങ്കിടേഷിനും സീരിയൽ താരം അർജുൻ സോമശേഖരനും കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് ജനിച്ചത്. അതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് സൗഭാഗ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ട്. കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്. അതിനൊപ്പം പ്രസവ സമയത്തെ ആശങ്കകളെക്കുറിച്ച് പറഞ്ഞ് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഒരു സ്വപ്നം പോലെ എല്ലാം കഴിഞ്ഞു
തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത് എന്നുമാണ് സൗഭാഗ്യ പറയുന്നത്. സിസേറിയനാണെന്ന് പെട്ടെന്ന് അറിഞ്ഞപ്പോൾ ഭയന്നു വിറയ്ക്കുകയായിരുന്നു. എന്നാൽ തന്റെ കാർഡിയോളജിസ്റ്റായ ഡോ. ഷിഫാസും മാലാഖയെ പോലുള്ള ഡോക്ടർ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത് എന്നാണ് സൗഭാഗ്യ കുറിക്കുന്നത്. ഭയാനകമാണെന്ന് പറഞ്ഞ് ഊതിപെരുപ്പിച്ച് വച്ചിരുന്ന സിസേറിയൻ ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നാണ് താരം പറഞ്ഞത്. സത്യത്തിൽ സിസേറിയൻ അത്ര ഭീകരമല്ല എന്നും താരം പറയുന്നു. തന്റെ അനുഭവം വിശദമായി ആരാധകരോട് പറയാമെന്നും താരം കുറിക്കുന്നുണ്ട്.
നിറവയറുമായി സൗഭാഗ്യയുടെ ഡാൻസ്
ഞാനും സദർശനയും സുരക്ഷിതരായി ഇരിക്കുന്നതിന് കാരണം ഈ ഡോക്ടർമാരാണ് എന്നാണ് സൗഭാഗ്യ പറയുന്നത്. ഡോക്ടറിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. നിറവയറുമായുള്ള സൗഭാഗ്യയുടെ ഡാൻസ് വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates