മലയാള സിനിമ ഇൻഡസ്ട്രിക്ക് ഒരു ഗംഭീര വർഷമായിരുന്നു 2025. ഒന്നിനു പുറകേ ഒന്നായി ഹിറ്റുകളും സൂപ്പർ ഹിറ്റുകളും മികച്ച പെർഫോമൻസുകളും പരീക്ഷണ ചിത്രങ്ങളുമൊക്കെ വന്ന ഒരു വർഷം കൂടിയായിരുന്നു ഇത്. ഈ വർഷത്തെ ആദ്യത്തെ ഏറ്റവും വലിയ ഹിറ്റ് ആസിഫ് അലിയുടെ 'രേഖാചിത്രം' ആയിരുന്നു.
ജനുവരി 9 ന് തിയറ്ററുകളിലെത്തിയ രേഖാചിത്രം 50 കോടിയും കടന്നാണ് തിയറ്റർ വിട്ടത്. പിന്നാലെ പല ഴോണറുകളിലായി ചെറുതും വലുതുമായി മനോഹരമായ ഒട്ടേറെ സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമാ പ്രേക്ഷകർക്ക് എക്കാലവും നെഞ്ചോട് ചേർക്കാവുന്ന നിരവധി പെർഫോമൻസുകളും ഈ വർഷം ഉണ്ടായിരുന്നു.
മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം യുവതാരങ്ങളും കൂടി തിളങ്ങിയ വർഷമായിരുന്നു ഇത്. സന്ദീപും നസ്‍ലിനും അർജുൻ അശോകനും ചന്തു സലിം കുമാറും ഹൃദു ഹാറൂണും അടക്കമുള്ള യുവതാരങ്ങൾ തങ്ങളുടെ സ്പെയ്സ് ഒന്നു കൂടി മലയാള സിനിമയിൽ ഊട്ടി ഉറപ്പിക്കുക കൂടി ചെയ്തു.
ആസിഫ് അലിയും ടൊവിനോയും കുഞ്ചാക്കോ ബോബനും ബേസിലും പ്രണവും ഫഹദും നിവിൻ പോളിയുമൊക്കെ ഈ വർഷം പൊന്നാക്കി മാറ്റി. ലോകയിലൂടെ കല്യാണി പ്രിയദർശനും തന്റെ ആദ്യ സോളോ ഹിറ്റ് സ്വന്തമാക്കി. ഈ വർഷം മലയാളികൾ ഏറ്റെടുത്ത, മികച്ച പെർഫോമൻസുകളിലൂടെ.
പൊൻമാനിൽ പി പി അജേഷ് ആയെത്തി മലയാളികളെ ഒന്നടങ്കം ബേസിൽ ജോസഫ് ഞെട്ടിച്ചു. അജേഷിന്റെ ആന്തരിക സംഘർഷങ്ങളും ജീവിതവുമെല്ലാം അതിമനോഹരമായാണ് ബേസിൽ സ്ക്രീനിലെത്തിച്ചത്. മനക്കരുത്തിന്റെ കാര്യത്തിൽ അജേഷിനെ തോൽപ്പിക്കാൻ അങ്ങനെ പെട്ടന്നാര്‍ക്കുമാകില്ല. പൊന്മാനിലേത് നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് നിസംശയം പറയാം. വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമൊക്കെ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആദ്യം വെറുപ്പിച്ച് പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കഥാപാത്രം ഏവരുടെയും മനസ്സുതൊടും.
ഈ വർഷം സന്ദീപിന്റെ വർഷമായിരുന്നു എന്ന് പറഞ്ഞാലും വലിയ തെറ്റില്ല. കാരണം സന്ദീപ് പ്രധാന വേഷങ്ങളിലെത്തിയ മൂന്നോളം ചിത്രങ്ങളാണ് ഈ വർഷം തിയറ്ററുകളിലെത്തിയത്. ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ എന്നീ ചിത്രങ്ങളായിരുന്നു അത്. ഈ മൂന്ന് സിനിമകളിലും വ്യത്യസ്തമാർന്ന മൂന്ന് ഭാവങ്ങളിലാണ് സിനിമാ പ്രേക്ഷകർ സന്ദീപിനെ കണ്ടത്. സന്ദീപിലെ നടനെ മലയാളികൾ അടുത്തറിഞ്ഞതും ഈ മൂന്ന് ചിത്രങ്ങളിലൂടെയാകാം. എക്കോയിലെ പിയൂസ് എന്ന കഥാപാത്രമാണ് ഈ വർഷം സന്ദീപിന്റെ കരിയർ ബ്രേക്ക് ആയി മാറിയത്.
നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവും നിർവഹിച്ച് പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. പ്രേക്ഷകനെ അത്ര പെട്ടെന്ന് വിട്ടു പോകുന്ന ഒരു സിനിമയായിരുന്നില്ല ഇത്. സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച സേതു എന്ന കഥാപാത്രം പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കഥാപാത്രമായിരുന്നു. മൂന്ന് സഹോദരന്മാരിൽ ഇളയവനാണ് സേതു. എവിടെയൊക്കെയോ ജീവിതത്തിൽ ബാക്കിയായ ഭയത്തെ അതിമനോഹരമായാണ് ജോജു സ്ക്രീനിലെത്തിച്ചത്. തീർച്ചയായും ജോജുവിന്റെ സേതു ഒരിക്കലും മലയാളികളുടെ മനസിൽ നിന്ന് മായില്ല.
വെറുമൊരു ഹലോയിലൂടെ മലയാള സിനിമയിലേക്കും മലയാളികളുടെ മനസിലേക്കും ഈ വർഷം കടന്നുവന്ന നടനാണ് പ്രകാശ് വർമ്മ. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരുമിലെ ജോർജ് സാർ എന്ന കഥാപാത്രത്തിലൂടെ പ്രകാശ് വർമ്മ ഉണ്ടാക്കിയ ഓളം അത്ര ചെറുതായിരുന്നില്ല. ട്രോളുകളിലും മീമുകളിലും വരെ പ്രകാശ് വർമ്മ അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞു നിന്നു. ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന കൊടൂര വില്ലനായി പ്രകാശ് വർമ്മ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
ഒരു സാധാരണ കഥാപാത്രം, ഒരു അയൽവാസി റോളിലെത്തി സിനിമ മൊത്തം വേറെ ലെവലിലേക്ക് കൊണ്ടുപോയ ഒരു കഥാപാത്രമായിരുന്നു ഡീയസ് ഈറെയിലെ ജയ കുറുപ്പിന്റെ എൽസമ്മ. സകലരേയും ഞെട്ടിച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലെ ജയയുടേത്. ജയയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഗംഭീര കഥാപാത്രം തന്നെയാണ് എൽസമ്മ.
പൊന്നാനിക്കാരിയായ ഒരു സാധാരണ മുസ്ലീം സ്ത്രീ തൻ്റെയുള്ളിലെ ഫെമിനിസ്റ്റിനെ കണ്ടെത്തുന്ന കഥ പറഞ്ഞെത്തിയ ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഷംല ഹംസയെ തേടിയെത്തി. മലയാളികളെ ഒന്നിരുത്തി ചിന്തിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്.
നടൻ മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ നിർണായകമായ വർഷമായിരുന്നു ഇത്. മമ്മൂട്ടി ആരാധകരും മലയാളികളും ഏറെ വിഷമിച്ച സമയം കൂടിയായിരുന്നു ഈ വർഷം. ആരോഗ്യപരമായ കാരണങ്ങളാൽ മമ്മൂട്ടി സിനിമയിൽ നിന്ന് താല്ക്കാലികമായി ഒരിടവേള എടുത്തിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ജാതി മത ഭേദമന്യേ പ്രാർഥനകളോടെയാണ് മലയാളികൾ കാത്തിരുന്നത്. ഈ വർഷം മൂന്നോളം സിനിമകളാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്തിയത്. ബസൂക്ക, ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, കളങ്കാവൽ എന്നിവയാണ് ഈ വർഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രങ്ങൾ. മൂന്ന് സിനിമകളും തിയറ്ററിൽ വൻ വിജയമായില്ലെങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. കളങ്കാവലിലെ സ്റ്റാൻലി എന്ന കഥാപാത്രമാണ് ഈ വർഷം ഹിറ്റായ മമ്മൂട്ടി കഥാപാത്രം. ഏതൊരാൾക്കും വെറുപ്പ് തോന്നുന്ന ഒരു കൊടൂര വില്ലനായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം ഒരിക്കലും മലയാളികൾക്ക് മറക്കാനാകില്ല.
മോഹൻലാലിനെ സംബന്ധിച്ച് ഒട്ടേറെ റിലീസുകൾ ഉണ്ടായിരുന്ന ഒരു വർഷമായിരുന്നു ഇത്. മാത്രമല്ല കഴിഞ്ഞ വർഷം അവസാനത്തോടെ അത്ര നല്ല സമയമായിരുന്നില്ല മോഹൻലാലിന്. മോശം സമയമെല്ലാം മാറി കരിയറിന്റെ വൻ പീക്കിൽ തന്നെയാണ് മോഹൻലാൽ ഈ വർഷം അവസാനിപ്പിക്കുന്നത്. മൂന്ന് ബ്ലോക്ക്ബസ്റ്ററുകളാണ് മോഹൻലാലിന്റേതായി ഈ വർഷമെത്തിയത്. എംപുരാൻ, തുടരും, ഹൃദയപൂർവം എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെ ഈ വർഷത്തെ ഹിറ്റുകൾ. എംപുരാൻ ഇൻഡസ്ട്രി ഹിറ്റായപ്പോൾ മലയാളികൾ ആഘോഷമാക്കിയത് തുടരും ആയിരുന്നു. മുണ്ട് മടക്കി കുത്തി അടിക്കുന്ന പഴയ ലാലേട്ടനെ മലയാളികൾ തുടരുമിലൂടെ ആഘോഷമാക്കി. ഹൃദയപൂർവവും മലയാളികൾ ഹൃദയത്തോട് ചേർത്ത ചിത്രമായിരുന്നു.
മലയാള സിനിമയുടെ റേഞ്ച് തന്നെ മാറ്റിയെഴുതിയ ചിത്രമായിരുന്നു ലോക ചാപ്റ്റർ വൺ ചന്ദ്ര. കല്യാണി എന്ന നടിയുടെ അഭിനയമികവ് പ്രേക്ഷകർക്ക് ലോകയിലൂടെ കൂടുതൽ അറിയാനായി. ഫിസിക്കലി നന്നായി കഠിനാധ്വാനം ചെയ്താണ് ചന്ദ്രയെന്ന ടൈറ്റിൽ കഥാപാത്രത്തിനായി കല്യാണി ഒരുങ്ങിയത്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ലോക മാറി. വൻ സ്വീകാര്യതയാണ് നടിയുടെ കഥാപാത്രത്തിന് ലഭിച്ചതും. അഭിനയം മാത്രമല്ല, ആക്ഷനും തനിക്ക് നന്നായി വഴങ്ങുമെന്ന് ലോകയിലൂടെ കല്യാണി തെളിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates