കേരളത്തിൽ നടക്കുന്ന പരിപാടികളിൽ ഇംഗ്ലീഷിൽ സംസാരിക്കുന്ന പല അവതാരകരെയും നമ്മൾ കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ ഇങ്ങനെ സംസാരിക്കുന്നവരെ വിമർശിച്ചിരിക്കുകയാണ് നടി ഉർവശി. കൊച്ചിയിൽ വച്ചു നടന്ന ആശ സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു ഉർവശിയുടെ പരാമർശം. മലയാളികൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നതാണ് കൂടുതൽ സ്വാഭാവികമെന്ന നിലപാടാണ് നടി പങ്കുവെച്ചത്.
ഉർവശി സംസാരിക്കുന്നതിന് മുന്നോടിയായി നടിയെ സ്വാഗതം ചെയ്തു കൊണ്ട് അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതിനാണ് ഉർവശി മറുപടി നൽകിയത്. "കൊച്ചേ, കേരളത്തിൽ നിന്നു കൊണ്ട് മലയാളികൾ അത്രയും വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറക്കുന്നത് ?. മലയാളികളല്ലേ ഇവിടെ നിൽക്കുന്ന എല്ലാവരും.
ഞാൻ വിചാരിച്ചു, ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് തിരക്കിട്ട് എത്തിയതിനാലാകാം അവരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതെന്ന്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങൾ എന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെ ഒന്ന് രക്ഷപ്പെടുത്ത്. നമ്മൾ നമ്മുടെ നാട്ടിൽ, നമ്മുടെ സദസ്സിൽ സംസാരിക്കുമ്പോൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ മലയാളത്തിൽ തന്നെ സംസാരിച്ചാൽ മതി.
എല്ലാവർക്കും മനസിലാകില്ലേ. മലയാളം അറിയാവുന്നവരല്ലേ ഇവിടെ കാണുന്നത്". - ഉർവശി പറഞ്ഞു. പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates