തന്റെ കരിയറിലെ ആദ്യ പരാജയം തന്നെ എങ്ങനെ ബാധിച്ചുവെന്ന് നടൻ വരുൺ ധവാൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. വരുണിനൊപ്പം ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'കലങ്ക്' എന്ന ചിത്രത്തിന്റെ പരാജയം തന്നെ നന്നായി ബാധിച്ചുവെന്നും വരുൺ പറയുന്നു.
"എന്റെ ആദ്യ പരാജയം എന്നെ വല്ലാതെ ഉലച്ചു. അതുവരെ വിജയങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ആ സിനിമയ്ക്കായി ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തതിനാൽ എനിക്ക് ആ പരാജയത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അത് ഒരിക്കലും എനിക്ക് മനസ്സിലായില്ല.
ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഇതുവരെ പ്രവർത്തിച്ചതിൽ വച്ച് ഏറ്റവും കഠിനമായിരുന്നു ആ സിനിമ. അതുകൊണ്ട് തന്നെ ആ സിനിമ എന്തുകൊണ്ട് വർക്കായില്ല എന്ന കാര്യം ഞങ്ങൾക്കിതുവരെ മനസിലായിട്ടില്ല".- വരുൺ ധവാൻ പറഞ്ഞു. പിവിആർ ഐനോക്‌സിന്റെ ഡേവിഡ് ധവാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു നടൻ.
കലങ്കിന്റെ പരാജയത്തെക്കുറിച്ച് നടി മാധുരി ധീക്ഷിത് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ആരാധകർ ചർച്ചയാക്കുന്നുണ്ട് ഇപ്പോൾ. "നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്യുക, അത് പുറത്തുവിടുക. പിന്നെ സംഭവിക്കാനുള്ളത് സംഭവിക്കും. നമുക്ക് അത് ശരിക്കും നിയന്ത്രിക്കാൻ കഴിയില്ല.
ഒരുപാട് ആളുകൾ ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഒരു സിനിമ വർക്ക് ആകാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ടാകും. അതുകൊണ്ട് അടിസ്ഥാനപരമായി നമ്മൾ ചെയ്യേണ്ടകാര്യം അത് വിടുക എന്നതാണ്. ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്, എപ്പോഴെങ്കിലും ആരെങ്കിലും അത് കാണും"-. മാധുരി ദീക്ഷിത് പറഞ്ഞു.
അതേസമയം കലങ്കിലെ വരുണിന്റെയും ആലിയ ഭട്ടിന്റെയും പ്രകടനത്തിനും സംഗീതത്തിനും കയ്യടികൾ ലഭിച്ചെങ്കിലും തിരക്കഥ വിമർശനത്തിന് തിരിച്ചടിയായി. 2019 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അഭിഷേക് വർമൻ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates