വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിലാണോ? പിന്നിൽ ആരാണെന്നോ എഡിറ്റർ അഭിനവ് സുന്ദർ നായക്. തന്റെ പുതിയ സിനിമയിലെ നായകനാകണമെന്നാവശ്യപ്പെട്ടാണ് അഭിനവിന്റെ ക്രൂരത. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ പത്രക്കുറിപ്പ്. നിങ്ങൾക്ക് കാര്യം മനസിലായോ? പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഈ പത്രക്കുറിപ്പ് . ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇന്ന് വൈകിട്ട് വരാനിരിക്കെയാണ് വീട്ടുതടങ്കൽ കഥയുമായി അണിയറ പ്രവർത്തകർ എത്തിയത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് രസകരമായ പത്രക്കുറിപ്പ്. ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ അഭിനവ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
രസകരമായ പത്രക്കുറിപ്പ് വായിക്കാം
വിനീത് ശ്രീനിവാസൻ വീട്ടുതടങ്കലിൽ
ചെന്നെ: ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിലിട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ്, അജു വർഗ്ഗീസ്, അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവും ഇല്ലാതെ നിഷ്ക്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാൾ എന്നാണു സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകൻ ആയി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി.
ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ: "ഇന്ന് വൈകിട്ട് 7 ന് സിനിമയുടെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തു വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗവും എന്റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്തു ഷെയർ ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates