സൈബര്‍ ആക്രമണങ്ങള്‍ക്കിടെ വിസ്മയ മോഹന്‍ലാലിന് പിന്തുണയുമായി നടി സരിത ബാലകൃഷ്ണന്‍. വിമര്‍ശനം ആകാമെന്നും എന്നാല്‍ അത് തുടക്കം കണ്ടിട്ട് ആകണമെന്നുമാണ് സരിത പറയുന്നത്. വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തുടക്കം നാളെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാംപെയ്‌നും സജീവമാണ്. സരിതയുടെ വാക്കുകളിലേക്ക്:
പണ്ടൊക്കെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ , കഥ കൊള്ളാമോ എന്ന് നോക്കണം, അഭിനയം എങ്ങനെയുണ്ടെന്ന് വിലയിരുത്തണം. എത്ര ബോറായിരുന്നു ആ കാലം! പക്ഷെ ഇപ്പോള്‍ കഥ മാറി! പടം റിലീസ് ചെയ്യാന്‍ ഇനിയും ദിവസമെടുക്കും. അതിന് മുന്നേ ഇറങ്ങിയ ഒരു കുഞ്ഞു വീഡിയോയില്‍ പെണ്‍കുട്ടി കൈ ഒന്നു പൊക്കിയപ്പോള്‍ തല ഒന്ന് ചരിച്ചപ്പോള്‍ തന്നെ, 'അയ്യോ! ഇത് കൈവെട്ടലല്ല, തലവെട്ടലാണ്' എന്ന് അളവുനാട വെച്ച് അളന്നു തിട്ടപ്പെടുത്തിയ സര്‍വ്വവിജ്ഞാനികളായ സൈബര്‍ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ ഇത്രയും വലിയ നിരീക്ഷണ പാടവം കൈയിലുവെച്ചുകൊണ്ടാണോ നിങ്ങളൊക്കെ രാത്രി ഒന്‍പത് മണിക്ക് മുന്നേ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നത്?
ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകുന്ന ഒരു ലൈറ്റ് പേടിയുണ്ട്, അതിനെയാണ് നമ്മള്‍ 'സ്റ്റേജ് ഫിയര്‍' എന്ന് വിളിക്കുന്നത്. എന്നാല്‍ നമ്മള്‍ മലയാളികള്‍ അത്ര പാവങ്ങളല്ലല്ലോ! 'സ്വാഭാവികതയോ? അത് ഞങ്ങള്‍ക്ക് വേണ്ട, നാടകം കളിച്ചാല്‍ മതിയെന്ന്' പറയുന്ന കുറച്ച് കുരുപൊട്ടല്‍ ജീവികള്‍ കമന്റ് ബോക്‌സില്‍ ചാടിവീണു. ഒരു പെണ്‍കുട്ടി, അതും സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു പുതുമുഖം, അവള്‍ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാമറയ്ക്ക് മുന്നില്‍ അവളുടെ ഉള്ളിലെ സകല സന്തോഷവും പരിഭ്രമവും അങ്ങനെ തന്നെ തുറന്നുകാട്ടിയതാണ് ഇവിടെ വലിയ 'ദേശീയ അപരാധം'!
ഇനി ഇതിന്റെ യഥാര്‍ത്ഥ ലോജിക് നോക്കാം. പെണ്‍കുട്ടിയുടെ കൈയനക്കം കണ്ടിട്ടല്ല ഇവിടെ ചിലര്‍ക്ക് വയറിളക്കം വന്നത്. ആ കുട്ടി ജെന്‍-സി (ജെന്‍-സി) പിള്ളേരുടെ പ്രക്ഷോഭത്തിന് പിന്തുണ കൊടുത്ത് എന്നു രണ്ട് വാക്ക് പറഞ്ഞോ, അന്നേ തുടങ്ങിയതാണ് ചിലരുടെ ഉറക്കം കെടല്‍! 'മോഹന്‍ലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ? സ്വന്തമായി അഭിപ്രായം പറയാന്‍ ഇവള്‍ക്കത്ര ധൈര്യമോ?' എന്ന ആറാം തമ്പുരാന്‍ കാലത്തെ അസഹിഷ്ണുതയാണ് ഈ 'കൈവെട്ടല്‍-തലവെട്ടല്‍' ട്രോളുകളായി ഒലിച്ചിറങ്ങുന്നത്!
മറ്റുള്ളവരുടെ വീട്ടിലെ പെണ്‍കുട്ടികള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ പെണ്ണെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യനെന്ന മര്യാദ പോലും കൊടുക്കാതെ തെറിവിളിക്കുന്ന ഈ 'ബോധമുള്ള പൗരന്മാര്‍ക്ക്' വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ? 'അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല, പടം പൊട്ടും' എന്ന് സിനിമ കാണുന്നതിന് മുന്നേ ജാതകം എഴുതുന്ന ഈ ജോത്സ്യന്മാരെ നമ്മള്‍ മ്യൂസിയത്തില്‍ വെച്ച് സംരക്ഷിക്കേണ്ടതാണ്. ലാലേട്ടന്റെ മകളായതുകൊണ്ട് മാത്രം വണ്ടികയറി വന്നതാണെന്ന് ലേബലൊട്ടിക്കുന്നവരോട് ഒന്നുമാത്രം: വിസ്മയയുടെ എഴുത്തും വരയും മാര്‍ഷല്‍ ആര്‍ട്‌സുമൊക്കെ അവിടെ നില്‍ക്കട്ടെ, ആ പെണ്‍കുട്ടിക്ക് അഭിനയിക്കാന്‍ അറിയാമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ഈ അഴുകിയ കമന്റ് ബോക്‌സല്ല, തിയേറ്ററിലെ വെള്ളിത്തിരയാണ്!
മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാര്‍ക്ക് മുന്നില്‍, സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ചുനില്‍ക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടി. വിമര്‍ശനം ആകാം, പക്ഷെ അത് പടം കണ്ടിട്ടാവാം. സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ട ആക്രമണങ്ങളെ വലിച്ച് താഴെയിട്ട്, വിസ്മയയുടെ 'തുടക്കം' തിയേറ്ററുകളില്‍ തന്നെ തകര്‍ക്കട്ടെ! മുന്നോട്ട് പോകൂ വിസ്മയ. ഈ സൈബര്‍ കുരച്ചുചാട്ടക്കാര്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാനുള്ളതല്ല ഈ 'തുടക്കം'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates